യൂറോപ്യന്‍ യൂണിയന്‍-യുഎസ് വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം! വ്യാപാരയുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള പുതിയ കരാര്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും അംഗീകരിച്ചു. കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് 15 ശതമാനമാണ് തീരുവ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫൊണ്ടെ ലെയ്‌നും തമ്മില്‍ സ്‌കോട്ട്‌ലന്‍ഡില്‍ നടത്തിയ അതിദീര്‍ഘ ചര്‍ച്ചയ്ക്കൊടുവിലാണ് പ്രഖ്യാപനം. ടേണ്‍ബെറിയിലെ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് ക്ലബിലായിരുന്നു ചര്‍ച്ച. ജപ്പാനുമായി കരാറിലെത്തിയതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയനുമായും യുഎസ്  വ്യാപാരക്കരാറിലെത്തുന്നത്. പിന്നാലെ ഇന്ത്യയ്ക്ക് കടുത്ത തീരുവ പ്രഖ്യാപിക്കുകയും ചെയ്തു ട്രംപ്. വിവിധ രാജ്യങ്ങൾക്കുള്ള യുഎസിന്റെ പകരച്ചുങ്കം പ്രാബല്യത്തിൽ വരാൻ ഒരു ദിവസം ശേഷിക്കേ, ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവയാണ് ചുമത്തിയത്. 

To advertise here,

അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും നികുതിവരുമാനം ഉപയോഗിച്ച് ധനക്കമ്മി കുറയ്ക്കാനുമുള്ള വഴിയെന്നു പറഞ്ഞാണ് അധികാരത്തിലേറിയ പിന്നാലെ ട്രംപ് വിദേശരാജ്യങ്ങള്‍ക്ക് തീരുവ പ്രഖ്യാപിക്കാന്‍ തുടങ്ങിയത്. ഏപ്രിലില്‍ 60-ലേറെ രാജ്യങ്ങള്‍ക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചു. പിന്നീട് വ്യാപാരക്കരാറുണ്ടാക്കുന്നതിനായി അത് 90 ദിവസത്തേക്ക് മരവിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിനുമുന്‍പ് കരാറുണ്ടാക്കാത്തവര്‍ക്ക് അന്നേ ദിവസം മുതല്‍ തീരുവ നിലവില്‍വരുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കുമൊടുവിലാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും കരാറിലേക്ക് എത്തുന്നത്. ട്രംപിന്റെ അഭിപ്രായത്തില്‍ ഇതുവരെയുണ്ടാക്കിയതില്‍വെച്ച് ഏറ്റവും വലിയ വ്യാപാരക്കരാര്‍. എന്താണ് അമേരിക്കയും ഇയും തമ്മിലുള്ള വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍? അമേരിക്ക-യൂറോപ്യന്‍ യൂണിയന്‍ വ്യാപാരബന്ധത്തെ കരാര്‍ എങ്ങനെ ബാധിക്കും?

അമേരിക്ക-യൂറോപ്യന്‍ യൂണിയന്‍ വ്യാപാരബന്ധം 

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ വലിയ വ്യാപാര-നിക്ഷേപ ബന്ധമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധവും സാമ്പത്തിക സഹകരണവുമാണ് യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മിലുള്ളത്. ഇരുവരും ചേര്‍ന്ന് ആഗോള ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിന്റെ ഏകദേശം 30 ശതമാനവും ആഗോള ജിഡിപിയുടെ 43 ശതമാനവും പ്രതിനിധീകരിക്കുന്നു. 2024-ല്‍ മാത്രം അറ്റ്‌ലാന്റിക്കിന് കുറുകേയുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം 1.68 ലക്ഷം കോടി യൂറോയിലധികമായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യമായ സ്പെയിനിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാള്‍ (ജി.ഡി.പി.) കൂടുതലാണിത്. ഓരോ ദിവസവും ഏതാണ്ട് 460 കോടി യൂറോയിലധികം മൂലമുള്ള വ്യാപാരമാണ് ഇരുവരും തമ്മില്‍ നടക്കുന്നത്. 2024-ല്‍ മാത്രം അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചരക്ക് വ്യാപാരം മാത്രം 86,700 കോടി യൂറോയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് ഏതാണ്ട് ഇരട്ടിയോളം വളര്‍ച്ചയാണ് വ്യാപാരത്തിലുണ്ടായത്. യുഎസില്‍ നിന്ന് 33480 കോടി യൂറോ മൂല്യമുള്ള ഉത്പന്നങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി ചെയ്തപ്പോള്‍ 53,230 കോടി യൂറോ മൂല്യമുള്ളവ യു.എസിലേക്ക് കയറ്റുമതി ചെയ്തു. 

കയറ്റുമതിയുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്, ഇറക്കുമതിയില്‍ ചൈനയ്ക്ക് ശേഷം രണ്ടാമത്തെ പങ്കാളിയും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ചരക്കുകളുടെ കയറ്റുമതിയുടെ 20.6 ശതമാനവും യുഎസിലേക്കാണ് പോകുന്നത്. യുണൈറ്റഡ് കിങ്ഡം (13.2%), ചൈന (8.3%), സ്വിറ്റ്സര്‍ലന്‍ഡ് (7.5%), തുര്‍ക്കി (4.3%) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ 21.3 ശതമാനം ചൈനയില്‍ നിന്നാണ് വരുന്നത്. 13.7 ശതമാനമാണ് ഇക്കാര്യത്തില്‍ അമേരിക്കയുടെ സംഭാവന. യുണൈറ്റഡ് കിങ്ഡം (6.8%), സ്വിറ്റ്സര്‍ലന്‍ഡ് (5.6%), തുര്‍ക്കി (4 %) എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍. മരുന്നുകള്‍, വാഹനങ്ങള്‍, പൊതു വ്യാവസായിക യന്ത്രങ്ങളും ഉപകരണങ്ങളും എന്നിവയാണ് യൂറോപ്യന്‍ യൂണിയന്റെ പ്രധാന കയറ്റുമതി. അതേസമയം പെട്രോളിയം ഉത്പന്നങ്ങളും അനുബന്ധ വസ്തുക്കളും മരുന്നുകള്‍, വൈദ്യുതി ഉത്പാദനത്തിനിള്ള യന്ത്രങ്ങള്‍ എന്നിവയാണ് പ്രധാന ഇറക്കുമതി. ചരക്ക് വ്യാപാരത്തിന് പുറമേ ഇരുവരും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 81,700 കോടി യൂറോ മൂല്യമുള്ള സേവനങ്ങളും വ്യാപാരം നടത്തിയെന്നാണ് യൂറോപ്യന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്. 

placeholder
ട്രംപ് താരിഫ് നിരക്കുകള്‍ പ്രഖ്യാപിക്കുന്നു | Photo: gettyimages

ട്രംപിന്റെ പകരച്ചുങ്കം, ഇ.യുവിന്റെ മറുപടി

ഈ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ആഗോളവിപണിയെ തകര്‍ത്തെറിയുന്നവിധം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യങ്ങള്‍ക്ക് പകരച്ചുങ്കം ചുമത്തുന്നത്. അമേരിക്കയുമായി വ്യാപാരബന്ധമുള്ള 60 രാജ്യങ്ങള്‍ക്കാണ് പകരച്ചുങ്കം ചുമത്തിയത്. അമേരിക്കയില്‍ എത്തുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന തീരുവയായി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ ഈടാക്കുന്ന ഇറക്കുമതി തീരുവയും അവരുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്താന്‍ ഉദേശിക്കുന്ന നികുതിയും ഉള്‍പ്പെടെയുള്ള ചാര്‍ട്ട് ഉയര്‍ത്തി കാണിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യയ്ക്കും ചൈനയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും പുറമേ യൂറോപ്യന്‍ യൂണിയന്റെയും പേര് ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. അമേരിക്കയുടെ സുപ്രധാന വ്യാപാര പങ്കാളികള്‍ക്കെല്ലാമെതിരേ പകരച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം യൂറോപ്യന്‍ യൂണിയന് 20 ശതമാനം പകരച്ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചത്. ഏറ്റവും ശത്രുതാപരമായ നികുതി സംവിധാനമാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്നതെന്നായിരുന്നു ട്രംപിന്റെ ആരോപണം. 

ലോക സമ്പദ്‌വ്യവസ്ഥയ്ക്കുള്ള വലിയ പ്രഹരം എന്നാണ് ട്രംപിന്റെ നീക്കത്തെ യൂറോപ്യന്‍ യൂണിയന്‍ വിശേഷിപ്പിച്ചത്. പിന്നാലെ യു.എസ്. ചരക്കുകള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനാണ് ഇ.യു. ആലോചിച്ചിരുന്നു. യു.എസുമായി ചര്‍ച്ച നടത്തി ഇക്കാര്യം പരിഹരിക്കണമെന്നായിരുന്നു  അംഗരാജ്യങ്ങളുടെ ആവശ്യം. എന്നാല്‍, ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുന്നത് ട്രംപ് 90 ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ചു. ഇതിനുള്ള പ്രതികരണമെന്നോണം യൂറോപ്യന്‍ യൂണിയനും പകരം പ്രഖ്യാപിച്ച താരിഫ് താത്കാലികമായി നിര്‍ത്തിവച്ചു. 90 ദിവസത്തേക്കായിരുന്നു നടപടി. മേയ് എട്ടിന് യൂറോപ്യന്‍ യൂണിയന്‍ രണ്ടാം റൗണ്ട് കൗണ്ടര്‍ താരിഫുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍, യൂറോപ്യന്‍ യൂണിയന് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ചര്‍ച്ചകള്‍ എങ്ങുമെത്തുന്നില്ലെന്നും ജൂണ്‍ ഒന്ന് മുതല്‍ യൂറോപ്യന്‍ യൂണിയന് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നായിരുന്നു ഭീഷണി. മേയ് 26-ന് താരിഫ് വര്‍ധന താല്കാലികമായി നിര്‍ത്തിവെക്കാന്‍ ട്രംപ് സമ്മതിച്ചു. ജൂണ്‍-ജൂലായ് മാസത്തില്‍ കരാര്‍ വേഗത്തിലാക്കാന്‍ യൂറോപ്യന്‍ യൂണിയനും യുഎസും തുടര്‍ ചര്‍ച്ചകള്‍ നടത്തി.  

ജൂലായ് 12-ന് യൂറോപ്യന്‍ യൂണിയനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ട്രംപ് 30 ശതമാനം താരിഫ് നിരക്ക് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ താരിഫ് ചുമത്തുമെന്നായിരുന്നു ഭീഷണി. ഏപ്രിലില്‍ പ്രഖ്യാപിച്ച 20 ശതമാനം നിരക്കിനേക്കാള്‍ കൂടുതലാണെങ്കിലും മേയ് മാസത്തില്‍ ഭീഷണിപ്പെടുത്തിയ 50 ശതമാനം നിരക്കിനേക്കാള്‍ കുറവായിരുന്നു ഇത്. പിറ്റേ ദിവസം യൂറോപ്യന്‍ യൂണിയന്‍ കൗണ്ടര്‍ താരിഫുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ജൂലായ് 14 മുതല്‍ പ്രാബല്യത്തില്‍ വരാനിരുന്ന താരിഫ് വര്‍ധനവാണ് ചര്‍ച്ചകള്‍ തുടരുന്നതിനായി താത്കാലികമായി നിര്‍ത്തിവെച്ചത്. ഇതിനിടെ സ്‌കോട്ട്ലന്‍ഡില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, യൂറോപ്യന്‍ യൂണിയനുമായുള്ള ഒരു കരാറിലെത്താന്‍ സാധ്യതയുണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ചു. ജൂലായ് 27-ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കരാറിലെത്തുകയും ചെയ്തു. 

ഏറ്റവും വലിയ വ്യാപാരക്കരാര്‍

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കുമൊടുവിലാണ് യു.എസും യൂറോപ്യന്‍ യൂണിയനും വ്യാപാരക്കരാറിലേക്ക് എത്തുന്നത്. ജൂലായ് 27-നാണ് വ്യാപാരയുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള പുതിയ കരാറിന്റെ രൂപരേഖ ഇരുവരും അംഗീകരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫൊണ്ടെ ലെയ്‌നും സ്‌കോട്ട്‌ലന്‍ഡില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലായിരുന്നു നിര്‍ണായക പ്രഖ്യാപനം. കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്കു നിശ്ചയിച്ച തീരുവ യു.എസ്. 30 ശതമാനത്തില്‍നിന്ന് 15 ശതമാനമായി കുറയ്ക്കും. നേരത്തെ ജപ്പാനുമായി പ്രഖ്യാപിച്ചതിന് സമാനമാണിത്. കരാര്‍പ്രകാരം 60,000 കോടി ഡോളറിന്റെ (52 ലക്ഷം കോടി രൂപ) നിക്ഷേപം യൂറോപ്യന്‍ യൂണിയന്‍ യുഎസില്‍ നടത്തും. യു.എസില്‍നിന്ന് 75,000 കോടി ഡോളറിന്റെ (65 ലക്ഷംകോടി രൂപ) എണ്ണ, പ്രകൃതിവാതകം, ആണവ ഇന്ധനം തുടങ്ങിയവ വാങ്ങും. സൈനികോപകരണങ്ങള്‍ വാങ്ങുന്നത് വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

കാറുകള്‍, കമ്പ്യൂട്ടര്‍ ചിപ്പുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുള്‍പ്പെടെ യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഭൂരിപക്ഷം യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്കും 15 ശതമാനമായിരിക്കും താരിഫ്. അര്‍ധചാലകങ്ങള്‍, മരുന്ന് തുടങ്ങിയവയ്ക്കും 15 ശതമാനം തീരുവയാണ് ഈടാക്കുക. ചരക്ക് വിമാനങ്ങള്‍-വിമാനഭാഗങ്ങള്‍, ചില രാസവസ്തുക്കള്‍, സെമികണ്ടക്ടര്‍ ഉപകരണങ്ങള്‍, ചില കാര്‍ഷിക ഉത്പന്നങ്ങള്‍, ചില പ്രകൃതിവിഭവങ്ങള്‍, നിര്‍ണായക അസംസ്‌കൃത വസ്തുക്കള്‍ എന്നിങ്ങനെ ചില തന്ത്രപ്രധാന വസ്തുക്കള്‍ക്ക് ഇരുഭാഗവും നികുതി ഈടാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, യൂറോപ്യന്‍ യൂണിയന് അമേരിക്ക ചുമത്തിയ ലോഹത്തീരുവ അതേപടി നിലനില്‍ക്കും. അലുമിനിയത്തിനും ഇരുമ്പുരുക്കിനും 50 ശതമാനം തീരുവയാണ് നേരത്തെ ചുമത്തിയത്. ഈ തീരുവകള്‍ ക്വാട്ട സംവിധാനത്തിലൂടെ ഉദാരീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇക്കര്യത്തില്‍ ചര്‍ച്ചകള്‍ തുടരും.  

ഇതുവരെയുണ്ടാക്കിയതില്‍വെച്ച് ഏറ്റവും വലിയ വ്യാപാരക്കരാണ് അമേരിക്കയും ഇ.യുവും തമ്മിലുള്ളതെന്ന് ട്രംപ് പറഞ്ഞു. വ്യാപാരകാര്യത്തില്‍ ട്രംപ് വലിയ കടുംപിടുത്തക്കാരനാണെന്ന് പറഞ്ഞ ഫൊണ്ടെലെയ്ന്‍, ഇ.യുവിന് കിട്ടാവുന്നതില്‍ വെച്ച് മികച്ച കരാറാണിതെന്നാണ് പ്രതികരിച്ചത്. ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള കരാര്‍ വ്യാപാരരംഗത്ത് സ്ഥിരതയും പ്രവചനാത്മകതയും കൊണ്ടുവരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. നേരത്തെ പ്രഖ്യാപിച്ച യുഎസ്-ജപ്പാന്‍ വ്യാപാരക്കരാറായിരുന്നു ഇതിനുമുന്‍പത്തെ വലിയ കരാര്‍. അതിനെ മറികടക്കുന്നതാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള കരാര്‍. 

placeholder
ഡൊണാൾഡ് ട്രംപും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫൊണ്ടെ ലെയ്‌നും സ്‌കോട്ട്‌ലൻഡിൽ നടത്തിയ ചർച്ചക്കിടയിൽ | Photo : Brendan SMIALOWSKI / AFP

കരാറിന്റെ നേട്ടമാര്‍ക്ക് കോട്ടമാര്‍ക്ക്? 

വ്യത്യസ്ത താല്‍പ്പര്യങ്ങളും യുഎസിലേക്കുള്ള ചരക്ക് കയറ്റുമതിയെ പല തലങ്ങളില്‍ ആശ്രയിക്കുന്നവരുമായ യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളും ഈ കരാറില്‍ ഒപ്പുവെക്കേണ്ടതുണ്ട്.ചില അംഗങ്ങള്‍ കരാറിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും എല്ലാവരും അങ്ങനെയല്ല, വിമര്‍ശനബുദ്ധിയോടെ കരാറിനെ സമീപിക്കുന്നവരുമുണ്ട്. അതിനാല്‍ തന്നെ കരാറിനോട് സമ്മിശ്രപ്രതികരണമാണ് യൂറോപ്പിലുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ജര്‍മനിയുടെ കയറ്റുമതിയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയയെ പിടിച്ചുലയ്ക്കാന്‍ പോന്ന ട്രംപിന്റെ വ്യാപാരയുദ്ധം ഒഴിവാക്കാനായെന്ന് കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക് മെര്‍ത്സ് പറഞ്ഞു. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ യുഎസിനു വിധേയപ്പെട്ടുവെന്നാണ് ഫ്രാന്‍സ് പ്രതികരിച്ചത്. നീതിപൂര്‍വമല്ലാത്ത, അസന്തുലിതമായ കരാറാണിതെന്നും യുഎസില്‍ ഉയര്‍ന്ന നിക്ഷേപം നടത്തുന്നത് ഭാവിയില്‍ ഇയുവിനുതന്നെ തിരിച്ചടിയാകുമെന്നും യൂറോപ്യന്‍ പാര്‍ലമെന്റിലെ വ്യാപരക്കമ്മിറ്റി തലവനും ജര്‍മന്‍ സോഷ്യല്‍ ഡെമക്രാറ്റ് നേതാവുമായ ബെരന്റ് ലാന്‍ഗെ അഭിപ്രായപ്പെട്ടു.

15 ശതമാനം എന്നത് ട്രംപ് ഭീഷണിപ്പെടുത്തിയ 30 ശതമാനം താരിഫിനേക്കാള്‍ കുറവാണെങ്കിലും ട്രംപ് അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള ശരാശരി താരിഫിനേക്കാള്‍ വളരെ കൂടുതലാണിത്. ട്രംപ് പ്രസിഡന്റാകുന്നതിന് മുമ്പ് യുഎസ്-ഇയു താരിഫുകള്‍ താരതമ്യേന കുറവായിരുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള യുഎസിന്റെ വ്യാപാര കമ്മി - പ്രത്യേകിച്ച് ഓട്ടോമോട്ടീവ് മേഖലയില്‍- ചൂണ്ടിക്കാണിച്ചാണ് ട്രംപ് വിമര്‍ശനം ഉന്നിച്ചത്. പക്ഷേ, പല മേഖലകളിലും അമേരിക്കയ്ക്ക് വലിയ മെച്ചമുണ്ടായിരുന്നു. യൂറോപ്യന്‍ കയറ്റുമതിക്കാര്‍ക്ക് ഉണ്ടാകുന്ന ആഘാതം വലുതായേക്കാം. യൂറോപ്യന്‍ ഉത്പന്നങ്ങളുടെ ഉയര്‍ന്ന താരിഫ് വരുന്നതോടെ യുഎസിലെ വില്‍പ്പനക്കാര്‍ക്ക് വില വര്‍ധിപ്പിക്കേണ്ടിവരും. ഇത് വിപണി വിഹിതം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ലാഭത്തില്‍ കുറവ് വരുത്തേണ്ടിവരും. അതിനാല്‍ തന്നെ കയറ്റുമതിയെ ആശ്രയിക്കുന്ന മേഖലകളില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രവചനം. ഉയര്‍ന്ന താരിഫുകള്‍ യൂറോപ്യന്‍ കയറ്റുമതി വരുമാനത്തെ ബാധിക്കുകയും സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Reference