രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമാണ് ഡൽഹി. അവിടെ ചരിത്രത്തിൽ സമാനതകളില്ലാത്ത സമരമാണ് കഴിഞ്ഞ ഒരുമാസത്തോളമായി നടന്നതും ശക്തിപ്രാപിച്ച് കേന്ദ്രസർക്കാരിനെ മുട്ടുകുത്തിക്കുന്നതിലേക്കും നയിച്ചത്. ജന്തർമന്തറിൽ കോക്രോച്ച് ജനത പാർട്ടിയെന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ പേരിൽ സംഘടിച്ച വിദ്യാർഥി പ്രക്ഷോഭം 2011-ലെ അഴിമതിക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ ഓർമകളെയാണ് വീണ്ടും ഉണർത്തുന്നത്. രണ്ട് പ്രക്ഷോഭങ്ങളിലും യുവാക്കളും ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും മധ്യവർഗ്ഗത്തിൽ നിന്നുള്ള ആളുകളുമായിരുന്നു സമരത്തിന്റെ പ്രധാന ചാലകശക്തി.

To advertise here,

സ്വന്തം ഭാവിയും സുരക്ഷയും തുലാസിലാകുന്ന സാഹചര്യത്തിൽ, സുതാര്യമായ ഭരണസംവിധാനത്തിനായി സാധാരണക്കാർ മുന്നോട്ടുവന്ന അനുഭവമാണ് രണ്ടിലും കണ്ടത്. 2011-ൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സമരം രാജ്യമെമ്പാടും വ്യാപിപ്പിക്കാൻ കഴിഞ്ഞതുപോലെ, സി.ജെ.പി. പ്രക്ഷോഭത്തിലും ഇൻസ്റ്റാഗ്രാം, വാട്‌സാപ്പ്, എക്‌സ് തുടങ്ങിയവയിലൂടെയാണ് വിദ്യാർത്ഥികൾ അതിവേഗം ഏകോപിക്കപ്പെട്ടതും വിവരങ്ങൾ പങ്കുവെച്ചതും.

പൊതുഭരണ രംഗത്തെ അഴിമതി തടയുന്നതിനായി ശക്തവും സ്വതന്ത്രവുമായ അന്വേഷണ സംവിധാനം ഉറപ്പുനൽകുന്ന 'ജൻ ലോക്പാൽ ബിൽ' നടപ്പിലാക്കണം എന്നതായിരുന്നു 2011-ലെ ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യം. 'ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ' (India Against Corruption - IAC) അഥവാ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭം രാജ്യവ്യാപകമായ അഴിമതി വിരുദ്ധ മുന്നേറ്റമായി മാറി.

ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ

2010-ന്റെ അവസാന പകുതിയിലാണ് അരവിന്ദ് കെജ്രിവാൾ, പ്രശാന്ത് ഭൂഷൺ, കിരൺ ബേദി, മനീഷ് സിസോദിയ തുടങ്ങിയ സിവിൽ സൊസൈറ്റി പ്രവർത്തകർ കേന്ദ്ര സർക്കാരിന്റെ അഴിമതികൾക്കെതിരെയും 'ജൻ ലോക്പാൽ ബിൽ' നടപ്പിലാക്കാനും വേണ്ടി 'ഇന്ത്യ എഗെയിൻസ്റ്റ് കറപ്ഷൻ' എന്ന ജനകീയ കൂട്ടായ്മയ്ക്ക് രൂപം നൽകുന്നത്. ഈ പോരാട്ടത്തിന് ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളതും തികച്ചും അരാഷ്ട്രീയവുമായ ഒരു മുഖം ആവശ്യമായിരുന്നു. 1990-കൾ മുതൽ മഹാരാഷ്ട്രയിൽ അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി പ്രശസ്തനായ അണ്ണാ ഹസാരെയെ അരവിന്ദ് കെജ്രിവാളും സംഘവും സമീപിക്കുകയും മുന്നേറ്റത്തെ നയിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. അഴിമതിക്കെതിരെയുള്ള ശക്തമായ നിയമനിർമ്മാണത്തിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം ഈ കൂട്ടായ്മയുടെ നേതൃത്വം ഏറ്റെടുത്തു. 2010 അവസാനത്തോടെ ഐ.എ.സി കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ സജീവമായെങ്കിലും, 2011 ഏപ്രിൽ 5-ന് ഡൽഹിയിലെ ജന്തർ മന്തറിൽ അണ്ണാ ഹസാരെ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തോടെയാണ് ഈ മുന്നേറ്റം ഒരു ദേശീയ പ്രക്ഷോഭമായി മാറിയത്. ഈ സമരത്തോടെ അണ്ണാ ഹസാരെ ഇന്ത്യയിലെ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പ്രധാന മുഖമായി ഒദ്യോഗികമായി മാറി.

ഡൽഹിയിലെ രാംലീല മൈതാനത്തിൽ അദ്ദേഹം നടത്തിയ അനിശ്ചിതകാല നിരാഹാര സമരം രാജ്യമെമ്പാടും വലിയ തരംഗം സൃഷ്ടിച്ചു. അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, കിരൺ ബേദി, പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ അണ്ണാ ഹസാരെയോടൊപ്പം ഈ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. സമരത്തിന് മുന്നിൽ പിന്നീട് ജൻലോക്പാൽ നിയമം കൊണ്ടുവരുമെന്ന കേന്ദ്രസർക്കാരിന് ഉറപ്പ് നൽകേണ്ടി വന്നു. പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യമായിരുന്ന അഴിമതിവിരുദ്ധ അന്വേഷണ സംവിധാനത്തിനായി, 2013 ഡിസംബറിൽ പാർലമെന്റ് 'ലോക്പാൽ ആൻഡ് ലോകായുക്ത ആക്ട്' പാസാക്കി.

അന്നത്തെ സമരം വിജയിച്ചോ എന്ന് ചോദിച്ചാൽ അതെ എന്നോ ഇല്ല എന്നോ ഉറപ്പിച്ച് പറയാനാകില്ല. പക്ഷെ അതുണ്ടാക്കിയ ദേശീയ ഉണർവ് ഒരു യാഥാർഥ്യമായിരുന്നു. പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യമായിരുന്ന ലോക്പാൽ ആൻഡ് ലോകായുക്ത ആക്ട് കൊണ്ടുവരാൻ കേന്ദ്രസർക്കാർ നിർബന്ധിതരായി. രാജ്യത്തുടനീളം അഴിമതിക്കെതിരെയും ഭരണഘടനാപരമായ സുതാര്യതയ്ക്ക് വേണ്ടിയും ജനങ്ങളിൽ വലിയൊരു ബോധവൽക്കരണം സൃഷ്ടിക്കാൻ ഈ സമരത്തിന് കഴിഞ്ഞു. അന്നത്തെ യുപിഎ സർക്കാരിന്റെ അഴിമതികൾ ജനശ്രദ്ധയിൽ കൊണ്ടുവരാനും, 2014-ൽ കേന്ദ്രത്തിൽ വലിയൊരു ഭരണമാറ്റത്തിന് വഴിമരുന്നിടാനും ഈ ജനവികാരം കാരണമായി. അത് മാത്രമല്ല പ്രക്ഷോഭത്തിന്റെ ആശയത്തിൽ നിന്ന് ആം ആദ്മി പാർട്ടി എന്ന പുതിയൊരു രാഷ്ട്രീയ പാർട്ടി രാജ്യത്ത് ഉദയം ചെയ്യുകയും അത് ഡൽഹിയിലും പിന്നീട് പഞ്ചാബിലും ഭരണം പിടിക്കുകയും ചെയ്തു. എന്നാൽ അണ്ണാ ഹസാരെയും സംഘവും ആവശ്യപ്പെട്ടത്രയും ശക്തവും സ്വതന്ത്രവുമായ 'ജൻ ലോക്പാൽ' അല്ല പാർലമെന്റ് പാസാക്കിയത്. സർക്കാരിന്റെ ചില നിയന്ത്രണങ്ങളുള്ള, താരതമ്യേന വീര്യം കുറഞ്ഞ ബില്ലാണ് പാസായത്. 2013-ൽ നിയമം വന്നെങ്കിലും, രാജ്യത്ത് ആദ്യത്തെ ലോക്പാലിനെ നിയമിക്കാൻ 2019 വരെ (ഏകദേശം 5 വർഷത്തിലധികം) സമയമെടുത്തു. സമരം മുന്നോട്ടുവെച്ച ആശയങ്ങൾ പൂർണ്ണമായി നടപ്പിലാകുന്നതിന് മുൻപ് തന്നെ അരവിന്ദ് കെജ്രിവാൾ, കിരൺ ബേദി, അണ്ണാ ഹസാരെ തുടങ്ങിയ പ്രധാന നേതാക്കൾ വ്യത്യസ്ത വഴികളിലേക്ക് പിരിഞ്ഞു. സിസ്റ്റത്തിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിച്ചെങ്കിലും അഴിമതി പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞില്ല. ഈ തിരിച്ചടികൾ നോക്കിയാൽ പ്രക്ഷോഭം വിജയമായെന്ന് പറയാനും സാധിക്കില്ല.

നിയമനിർമ്മാണത്തിന്റെ കാര്യത്തിൽ അണ്ണാ ഹസാരെയും സംഘവും ലക്ഷ്യമിട്ടത്ര ശക്തമായ ലോക്പാൽ ലഭിച്ചില്ലെങ്കിലും, ഇന്ത്യൻ രാഷ്ട്രീയത്തിലും ജനങ്ങളുടെ ചിന്താരീതിയിലും വലിയൊരു വഴിത്തിരിവ് സൃഷ്ടിക്കാൻ 2011-ലെ പ്രക്ഷോഭത്തിന് കഴിഞ്ഞു. ഈ സമരത്തിന് പിന്നിൽ സംഘപരിവാറിന്റെ ആസൂത്രമുണ്ടായിരുന്നുവെന്ന ആരോപണങ്ങൾ പിന്നീട് ഉയർന്നിരുന്നു. കാരണം ഈ സമരത്തിന്റെ ആത്യന്തിക ഫലം കൊയ്തത് ബിജെപിയാണ്. 10 വർഷത്തോളം അധികാരത്തിന് പുറത്തിരുന്ന ബിജെപി ഒറ്റയ്ക്ക് രാജ്യത്തിന്റെ ഭരണം പിടിക്കുന്ന നിലയിലേക്ക് ജനവികാരം മാറാൻ സമരം വഴിയൊരുക്കി എന്നത് പച്ചയായ യാഥാർഥ്യമാണ്.

പാറ്റകളും നീറ്റ് ചോദ്യചോർച്ചയും

'തൊഴിലൊന്നും ലഭിക്കാത്ത, ഒരു മേഖലയിലും കൃത്യമായ സ്ഥാനമില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെയാണ് (cockroaches). ജോലിയില്ലാത്ത ഇത്തരക്കാർ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ആർ.ടി.ഐ ആക്ടിവിസ്റ്റുകളുമൊക്കെയായി മാറി സിസ്റ്റത്തെയും സ്ഥാപനങ്ങളെയും ആക്രമിക്കാൻ തുടങ്ങുന്നു. ഇത്തരക്കാർ സമൂഹത്തിലെ പരാന്നഭോജികളാണ്'

രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ദാസ് നടത്തിയ ഈ പരാമർശത്തിലാണ് എല്ലാത്തിന്റെയും തുടക്കം. കോടതി നടപടികൾക്കിടയിൽ അഭിഭാഷകരുടെയും മാധ്യമങ്ങളുടെയും വിഷയം പരാമർശിക്കവേയാണ് ചീഫ് ജസ്റ്റിസ് ഈ പരാമർശം നടത്തിയത്. എന്നാൽ തൊഴിലില്ലായ്മയും തുടർച്ചയായ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും മൂലം പ്രതിസന്ധിയിലായിരുന്ന രാജ്യത്തെ ജെൻ സി യുവാക്കളെയും ഉദ്യോഗാർത്ഥികളെയും ഈ പരാമർശം വളരെയധികം പ്രകോപിപ്പിച്ചു. ഇതിനോടുള്ള പ്രതിഷേധ സൂചകമായി ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായ അഭിജീത് ദിപ്‌കെ സോഷ്യൽ മീഡിയയിൽ ഒരു ചോദ്യമുന്നയിച്ചു 'എല്ലാ പാറ്റകളും ഒന്നിച്ചണിനിരന്നാൽ എന്തായിരിക്കും സ്ഥിതി? ഈ ചോദ്യമാണ് പിന്നീട് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയ ജനകീയ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. പാറ്റ പരാമർശത്തിനെതിരെ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) എന്ന പേരിൽ ഒരു ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മ ആരംഭിച്ചു. 'ജോലിയില്ലാത്ത, സോഷ്യൽ മീഡിയയിൽ സജീവമായ പാറ്റകളുടെ കൂട്ടായ്മ' എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് യുവാക്കളാണ് ഇതിലേക്ക് അണിനിരന്നത്.

ഇതിനിടെ പരാമർശം വിവാദമായതോടെ താൻ രാജ്യത്തെ പൊതുവെ യുവാക്കളെ ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും, വ്യാജ ഡിഗ്രികളും സർട്ടിഫിക്കറ്റുകളും ഉണ്ടാക്കി നിയമ മേഖലയിലേക്കും മാധ്യമ രംഗത്തേക്കും കടന്നുകൂടുന്നവരെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. മാധ്യമങ്ങൾ തന്റെ വാക്കുകളെ തെറ്റായി ഉദ്ധരിച്ചതാണെന്നും രാജ്യത്തിന്റെ വളർച്ചയുടെ തൂണുകളാണ് യുവാക്കളെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. എന്നാൽ ഈ വിശദീകരണത്തിന് ശേഷവും, യുവാക്കളുടെ തൊഴിലില്ലായ്മയും സിസ്റ്റത്തിന്റെ വീഴ്ചകളും ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായി മുന്നോട്ടുപോവുകയായിരുന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കി കേന്ദ്രസർക്കാർ പുനഃപരിക്ഷ നടത്തിയെങ്കിലും അതിനുള്ളിൽ പരീക്ഷാ സമ്മർദ്ദത്തിന്റെ ഭാരം താങ്ങാനാകാതെ 21 വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സാഹചര്യം കൂടി വാർത്തകളായി വന്നതോടെ യുവാക്കളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ നിന്ന് തെരുവിലേക്ക് പടർന്നു. ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലെത്തിയ അഭിജിത് ദീപ്‌കെ ആദ്യം ജന്തർ മന്തറിൽ സമരത്തിനിരുന്നെങ്കിലും അതിനെ ശ്രദ്ധയോടെ അവഗണിക്കാനാണ് കേന്ദ്രസർക്കാർ തയ്യാറായത്. ജൂൺ 6-ന് നടന്ന ആദ്യഘട്ട പ്രക്ഷോഭത്തിന് ശേഷം, ഉന്നയിച്ച ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കൂടുതൽ തയ്യാറെടുപ്പുകളോടെ ജൂൺ 20-ന് പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. അതിൽ പ്രധാനം ചോദ്യചോർച്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് നിന്ന് ധർമേന്ദ്രപ്രധാന്റെ രാജിയായിരുന്നു. ജൂൺ 6-ന് നടന്ന ആദ്യഘട്ട പ്രക്ഷോഭത്തിന് ശേഷം, ഉന്നയിച്ച ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കൂടുതൽ തയ്യാറെടുപ്പുകളോടെ ജൂൺ 20-ന് പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.

അപ്പോഴും സമരത്തിന് രാജ്യമറിയുന്ന ഒരുമുഖമുണ്ടായിരുന്നില്ല. ഇവിടേക്കാണ് ജൂൺ 28-ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സമൂഹ്യപ്രവർത്തകനുമായ സോനം വാങ്ചുക് വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഇതോടെ സമരത്തിന് ദേശീയതലത്തിൽ ശ്രദ്ധകിട്ടിത്തുടങ്ങി. അതുവരെ സമരത്തെ അവഗണിച്ച കേന്ദ്രസർക്കാർ പിന്നീട് വിഷയം കൈവിട്ട് പോകാതിരിക്കുന്നതിനായി ജനങ്ങൾക്കിടയിൽ വിഷയം അധികം ശ്രദ്ധകിട്ടാത്ത തരത്തിൽ പെട്ടെന്ന് ചോദ്യചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതുന്നവരെ അറസ്റ്റ് ചെയ്യിക്കുന്നതിലും വിഷയം സിബിഐ അന്വേഷിക്കുന്നതിലേക്കും കൊണ്ടുപോയി. തുടക്കത്തിൽ സോനം വാങ്ചുകിന്റെ നിരാഹാര സമരം ദേശീയ മാധ്യമങ്ങൾ കാര്യമായി കവർ ചെയ്തിരുന്നില്ല. ഇതിനിടെ ജൂലൈ 16ന് നീറ്റ് പുനഃപരീക്ഷയുടെ റിസൾട്ട് പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും സമരം മുന്നോട്ടുപോയി. എന്നാൽ സമരത്തിന്റെ രൂപം മാറിയത് ജൂലൈ 18നാണ്.

20 ദിവസമായി നിരാഹാരമനുഷ്ഠിച്ച സോനം വാങ്ചുകിനെ പോലീസുകാർ കസ്റ്റഡിയിലെടുത്ത് മാറ്റിയത് 2026 ജൂലൈ 18-ന് പുലർച്ചെ 3:00 മണിക്ക് ആണ്. വാങ്ചുകിനെ പോലീസുകാർ ബലംപ്രയോഗിച്ച് ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കൊണ്ടുപോയത് വിദ്യാർത്ഥികളെയും സിജെപി പ്രവർത്തകരെയും അതിയായി പ്രകോപിപ്പിച്ചു. വാങ്ചുകിനെ മാറ്റിയതിന് തൊട്ടുപിന്നാലെ അഭിജീത് ദിപ്‌കെ അതേവേദിയിൽ നിരാഹാരം ആരംഭിച്ചു. ജൂലൈ 20ന് പ്രക്ഷോഭത്തിന്റെ ഭാഗമായി പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ നടത്തിയ കൂറ്റൻ മാർച്ച് പോലീസുമായി വൻ സംഘർഷത്തിൽ കലാശിച്ചു.

150ലധികം വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും 118-ലേറെ പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒടുവിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിൽ വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചെങ്കിലും ധർമേന്ദ്രപ്രധാന്റെ രാജിയില്ലെങ്കിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകി. ഇതോടെ സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പെ ധർമേന്ദ്രപ്രധാൻ രാജിവെച്ചൊഴിയുകയും സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തതോടെ വിദ്യാർത്ഥി പ്രക്ഷോഭം അവസാനിക്കുകയും ചെയ്തു.

എഎപിയും സിജെപിയും- സമാന ഇരട്ടകളോ?

2011ലെ പ്രക്ഷോഭത്തിന്റെ ഉപോത്പന്നമായിരുന്നു ആംആദ്മി പാർട്ടി എന്ന എഎപി. 2013ൽ ഇവർ ഡൽഹിയിൽ വലിയ തരംഗം സൃഷ്ടിക്കുകയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. അന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോൺഗ്രസിന്റെ പിന്തുണയോടെ അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാൽ ജൻ ലോക്പാൽ ബിൽ പാസാക്കാൻ കഴിയാത്തതിനെ തുടർന്ന് 49 ദിവസത്തിന് ശേഷം (2014 ഫെബ്രുവരി 14-ന്) അദ്ദേഹം രാജി വെക്കുകയാണുണ്ടായത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തിൽ തിരിച്ചെത്തി. 2015 ഫെബ്രുവരി 14ന് 70-ൽ 67 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിൽ വന്നു. 2020 ഫെബ്രുവരി 16ന് 62 സീറ്റുകൾ നേടി മൂന്നാമതും കേവലഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. 2025ൽ പക്ഷെ എഎപിയെ പരാജയപ്പെടുത്തി ബിജെപി അധികാരം പിടിച്ചു.

2020ലെ എഎപി വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ച ആളായിരുന്നു സിജെപിയുടെ സ്ഥാപകനായ അഭിജീത് ദീപ്‌കെ. 2020 മുതൽ 2023 വരെയുള്ള കാലയളവിൽ അഭിജീത് ദിപ്‌കെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ടീമിൽ സജീവമായി പ്രവർത്തിച്ചിരുന്നു. 2020 ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കളെ ആകർഷിക്കുന്ന രീതിയിലുള്ള എഎപിയുടെ പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് അഭിജീത് ഉൾപ്പെടുന്ന സംഘമായിരുന്നു. 2023-ൽ ഉപരിപഠനത്തിനായി അമേരിക്കയിലെ ബോസ്റ്റൺ സർവ്വകലാശാലയിലേക്ക് പോകുന്നതിന് മുൻപായി അദ്ദേഹം എഎപിയുടെ മീഡിയ ടീമിലെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞിരുന്നു. എഎപിയിൽ പ്രവർത്തിച്ച അനുഭവ പരിചയങ്ങളിൽ നിന്നാണ് അഭിജീത് സിജെപി എന്ന കൂട്ടായ്മയെ പടുത്തുയർത്തിയതും അത് വലിയ വിജയമായതും. എഎപിയുടെ വളർച്ചയിൽ ഡൽഹിയിൽ വേരറ്റത് കോൺഗ്രസിനായിരുന്നു. ദേശീയ തലത്തിൽ സിജെപി ശക്തമായാൽ അത് ആർക്കൊക്കെ ക്ഷീണം ചെയ്യുമെന്ന് കണ്ടറിയണം.

യുവാക്കളുടെ വോട്ട് നിർണായകം

അത് മനസിലാകണമെങ്കിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് എങ്ങനെ ആകുമെന്ന് ചിന്തിക്കേണ്ടി വരും. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട അന്തിമ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടുകൾ പ്രകാരം, 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ആകെ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 97.97 കോടിയായിരുന്നു. ഇതിൽ 18നും 19നും ഇടയിലുള്ള കന്നി വോട്ടർമാരുടെ എണ്ണം 1.85 കോടി വരും. ഇതിനുപുറമേ, 20 മുതൽ 29 വയസ്സ് വരെയുള്ള യുവ വോട്ടർമാരുടെ ആകെ എണ്ണം 19.74 കോടിയും വരും. അതായത് 21 കോടിക്ക് മുകളിൽ വരുന്ന യുവ വോട്ടർമാർ ഇപ്പോൾ തന്നെ രാജ്യത്തുണ്ട്. 18 മുതൽ 29 വയസ്സ് വരെയുള്ള ആകെ യുവ വോട്ടർമാരിൽ ഏകദേശം 14.20 കോടിപേർ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഓരോ വർഷവും ഏകദേശം 2.15 കോടി മുതൽ 2.30 കോടി വരെ കുട്ടികൾ 18 വയസ്സ് പൂർത്തിയാക്കുന്ന പ്രായത്തിലേക്ക് എത്തുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. അതുവെച്ചുനോക്കിയാൽ 2024 മെയ് മുതൽ 2029 മെയ് വരെയുള്ള അഞ്ച് വർഷത്തെ കാലയളവിൽ 18 വയസ്സ് പൂർത്തിയാക്കുന്ന പൗരന്മാരുടെ ആകെ എണ്ണം ഏതാണ്ട് 10 മുതൽ 11 കോടിയോളം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവർ മുഴുവനും വോട്ട് രേഖപ്പെടുത്തുകയോ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്തില്ലെങ്കിലും നിലവിലെ ഡിജിറ്റൽ രജിസ്‌ട്രേഷൻ സംവിധാനങ്ങളും മുൻകൂട്ടി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സൗകര്യങ്ങളും കണക്കിലെടുക്കുമ്പോൾ വോട്ടർ രജിസ്‌ട്രേഷൻ കാര്യക്ഷമത 85 ശതമാനം മുതൽ 90 ശതമാനം വരെയാകാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ 2024 നും 2029 നും ഇടയിൽ 9.20 കോടി മുതൽ 10.00 കോടി വരെ പുതിയ യുവ വോട്ടർമാർ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടും. അങ്ങനെയെങ്കിൽ 2029 ആകുമ്പോഴേക്കും 18 നും 29നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരുടെ എണ്ണം 22.50 കോടി മുതൽ 23.50 കോടി വരെ ആകാൻ സാധ്യതയുണ്ട്. ഇത് നിലവിലെ രാഷ്ട്രീയ പാർട്ടികൾക്കും ഭരണത്തിലുള്ള പാർട്ടിക്കും വെല്ലുവിളികളും അവസരങ്ങളും ഒരേപോലെ നൽകുന്നുണ്ട്.

കേന്ദ്ര സ്ഥാപനമായ സിഎസ്ഡിഎസ -ലോകനീതി സംഘടിപ്പിച്ച തിരഞ്ഞെടുപ്പാനന്തര സർവേകൾ പ്രകാരം, യുവ വോട്ടർമാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയം ഗുണനിലവാരമുള്ള തൊഴിലവസരങ്ങളും സാമ്പത്തിക സുരക്ഷിതത്വവുമാണ്. സർവേയിൽ പങ്കെടുത്ത 62 ശതമാനത്തിലധികം യുവാക്കളും തൊഴിൽ ലഭ്യതയിലെ ബുദ്ധിമുട്ടുകളെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിച്ചിരുന്നു. 2029-ഓടെ 10 കോടിയോളം വരുന്ന പുതിയ തലമുറ വോട്ടർമാർ വോട്ടർ പട്ടികയിലേക്ക് കടന്നുവരുമ്പോൾ, പരമ്പരാഗത വോട്ട് ബാങ്ക് സമവാക്യങ്ങൾക്കപ്പുറം സാങ്കേതിക വിദ്യ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾ, നൈപുണ്യ വികസനം എന്നിവ വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി മാറും. യുവ വോട്ടർമാർ രാഷ്ട്രീയ വിവരങ്ങൾ ശേഖരിക്കുന്നതിലും അഭിപ്രായ രൂപീകരണത്തിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ വലിയ തോതിൽ ആശ്രയിക്കുമെന്നാണ് കരുതുന്നത്.

ഇവിടെയാണ് സിജെപിയുടെ ഉദയവും നിലവിലെ സമരവും ശ്രദ്ധേയമാകുന്നത്. രാഷ്ട്രീയ ഗോദയിൽ സിജെപി ഉയർത്തിയ സാധ്യതകൾ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് നേട്ടമാക്കാനാകുമോ എന്ന് വരും നാളുകളിലൂടെയെ മനസിലാക്കാനാകു. ചിലപ്പോൾ എഎപി ഉയർന്നുവന്നതുപോലെ സിജെപി മറ്റൊരു രാഷ്ട്രീയ മുന്നേറ്റമായി അല്ലെങ്കിൽ പാർട്ടിയായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കാരണം അവർക്ക് ശക്തമായ ഒരു വോട്ട് ബാങ്ക് ഇപ്പോൾതന്നെ രാജ്യത്ത് ലഭിച്ചുകഴിഞ്ഞു. അത് ജാതി-മത വിഭാഗങ്ങൾക്ക് അപ്പുറമുള്ള യുവാക്കളുടെ പ്രതീക്ഷയാണ്. ഇതിനെ ശക്തിയായി പ്രതിനിധീകരിക്കാനായില്ലെങ്കിൽ നിലവിലെ പരമ്പരാഗത രാഷ്ട്രീയ ശക്തികളിൽ പലരും അടുത്ത തിരഞ്ഞെടുപ്പോടെ അപ്രത്യക്ഷരാകാനുള്ള സാധ്യതയുമുണ്ട്. 2024ലെ തിരഞ്ഞെടുപ്പിൽ തന്നെ ഈ മാറ്റം പ്രകടമായിരുന്നു. തുടർച്ചായി ഭരിക്കുന്ന സർക്കാരിനെതിരായ ജനവികാരം, ഭരണ സംവിധാനത്തിലെ പോരായ്മകൾ, യുവാക്കളുടെ അതൃപ്തി ഇവയൊക്കെ ശക്തമാകുന്നത് 2029ൽ ഒരു ഭരണമാറ്റത്തിനുള്ള സാധ്യതയും മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാൽ 2011നെ അപേക്ഷിച്ച് നോക്കുമ്പോൾ തുടർച്ചയായ അഴിമതി ആരോപണങ്ങൾ നിലവിലുണ്ടായിരുന്നില്ല. എന്നാൽ സിസ്റ്റത്തിലെ പോരായ്മകൾ യുവാക്കൾ ശ്രദ്ധിക്കുന്നുണ്ട്. അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാനം. അതിനാൽ സമാനമായ സമരങ്ങൾ വരും നാളുകളിൽ തുടർന്നും പ്രതീക്ഷിക്കാം.