പുനലൂര്‍ (കൊല്ലം): പറമ്പിൽ ജോലിചെയ്യുന്നതിനിടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. ഇയാളുടെ കൈപ്പത്തി തകര്‍ന്നനിലയിലാണ്. പുനലൂര്‍ മണിയാര്‍ എരിച്ചിക്കല്‍ ചരുവിളവീട്ടില്‍ മഹേഷാ(28)ണ് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ വലതു കൈപ്പത്തി തകരുകയും ഇടതുകൈകളിലെയും രണ്ടുവിരലുകള്‍ അറ്റുപോവുകയും ചെയ്തു. എരിച്ചിക്കല്‍ കാവിന് സമീപത്തെ പാടത്ത് തിങ്കളാഴ്ച നാലുമണിയോടെയാണ് അപകടം. മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

To advertise here,

സമീപവാസിയുടെ പാടത്ത് കാടുനീക്കുകയും വാഴകള്‍ക്ക് വളമിടുകയും ചെയ്യുന്നതിനിടെ വരമ്പില്‍ കടലാസില്‍ പൊതിഞ്ഞനിലയില്‍ കണ്ട വസ്തു പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. ഉഗ്രസ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ കൈകള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മഹേഷ്. ഉടന്‍തന്നെ മഹേഷിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്ന് പ്രാഥമിക ചികിത്സ നല്‍കിയശേഷമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചത്.

രണ്ടുമാസം മുന്‍പ് പ്രദേശത്ത് സമാനരീതിയില്‍ മറ്റൊരു യുവാവിന്റേയും കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അഷ്ടമംഗലം മലവാതുക്കല്‍ ബിന്ദുഭവനില്‍ എ.എസ്.ബിനു (38)വിനാണ് അന്ന് പരിക്കേറ്റത്. അഷ്ടമംഗലം ബേക്കറി ജങ്ഷനില്‍ തനിക്ക് പുതുതായി നിര്‍മിക്കുന്ന വീടിന് വെള്ളം നനയ്ക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. 

പ്രദേശത്ത് മാസങ്ങള്‍ക്കു മുന്‍പ് കന്നുകാലികളും നായകളും സമാനരീതിയില്‍ അപകടങ്ങള്‍ക്കിരയായിരുന്നു. പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നഗരസഭയില്‍ വ്യാപകമായി കൃഷിനടക്കുന്ന മണിയാര്‍ എരിച്ചിക്കല്‍ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇറച്ചിക്കായി പന്നികളെ കൊല്ലാനായി സാമൂഹ്യവിരുദ്ധരാണ് സ്ഥലത്ത് പന്നിപ്പടക്കം വിതറുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പടക്കം പൊട്ടി അപകടങ്ങള്‍ വര്‍ധിച്ചതോടെ കൃഷിയിടങ്ങളിലിറങ്ങാന്‍ ഭയപ്പെടുകയാണ് നാട്ടുകാര്‍.