
തിരുവനന്തപുരം നന്ദിയോട് പേരയം പാലുവള്ളിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ തകര്‍ന്ന ഷെഡ്ഡ്
പാലോട്: നന്ദിയോട് പേരയം താളിക്കുന്നില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ദുരൂഹത. പേരയം താളിക്കുന്നിലെ ആന്‍ ഫയര്‍വര്‍ക്‌സ് എന്ന സ്ഥാപനത്തില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. ആന്‍ ഫയര്‍ വര്‍ക്‌സിന് ലൈസന്‍സ് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പോലീസും പറയുന്നു.
അപകടത്തില്‍ നാലു സ്ത്രീകള്‍ക്ക് പൊള്ളലേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. താളിക്കുന്ന് തടത്തരികത്ത് വീട്ടില്‍ ഷീബ, പേരയം ആര്‍.എസ്.പുരം അരവിന്ദ് ഹൗസില്‍ അജിത, ആനകുളം മഞ്ജുഭവനില്‍ മഞ്ജു, പേരയം താളിക്കുന്ന് തടത്തരികത്ത് വീട്ടില്‍ ശ്രീമതി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ ഷീബയുടെ നില ഗുരുതരമാണ്.
നാലുപേരും ഇവിടത്തെ ജോലിക്കാരാണ്. ഇളവട്ടം സ്വദേശി അജിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പടക്കപ്പുര. ഇതിന് 25 മീറ്റര്‍ മാത്രം അകലെയാണ് പടക്കസംഭരണ പുര.
രാവിലെ എട്ടുമണിയോടെയാണ് തൊഴിലാളികള്‍ പടക്കം കെട്ടാനെത്തിയത്. ഏറെനാളായി ഇവര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഇവര്‍ ഷെഡ്ഡിലേക്കു പോകുന്നത് സമീപവാസികളും റോഡിലുണ്ടായിരുന്നവരും കണ്ടിരുന്നു. അധിക സമയം കഴിയുന്നതിനു മുമ്പുതന്നെ വലിയ പൊട്ടിത്തെറി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. അപ്പോള്‍ ഷെഡ്ഡിനുള്ളിലെ പടക്കമെല്ലാം പെട്ടിത്തെറിക്കുകയായിരുന്നു.
ആദ്യം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. ഷെഡ്ഡിന്റെ മേല്‍ക്കൂരയിലെ തകരഷീറ്റുകള്‍ ദൂരേക്കു തെറിച്ചുപോയി. ഏറെസമയം കഴിഞ്ഞാണ് ഷെഡ്ഡിനുള്ളിലെ തീയമര്‍ന്നത്. പരിക്കേറ്റവരെ ഇതിനുശേഷം നാട്ടുകാര്‍ ചുമന്ന് റോഡിലെത്തിച്ച ശേഷം ഓട്ടോറിക്ഷയില്‍ പാലോട് ആശുപത്രിയിലും അവിടെനിന്ന് മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു.
പ്രധാന പാതയില്‍നിന്ന് 500 മീറ്റര്‍ മാറി റബ്ബര്‍ത്തോട്ടത്തിനു നടുവിലാണ് ഷെഡ്ഡ് നിര്‍മിച്ചിട്ടുള്ളത്. നാലു തൂണില്‍ കെട്ടിയുയര്‍ത്തി കുറേ തകര ഷീറ്റുകള്‍ ഇട്ട് കുത്തിമറച്ച ഷെഡ്ഡിലാണ് അപകടകരമായ രീതിയിലുള്ള പടക്കനിര്‍മാണം നടത്തിയിരുന്നത്.
പടക്കനിര്‍മാണശാലയ്ക്ക് റോഡില്‍നിന്ന് അധിക ദൂരം പാടില്ലെന്നും അഗ്‌നിരക്ഷാവാഹനങ്ങള്‍ വന്നുപോകുന്നതിനുള്ള സൗകര്യമുണ്ടാകണമെന്നും തൊട്ടടുത്തുതന്നെ വെള്ളം ശേഖരിച്ചുവെക്കുന്നതിനുള്ള സംവിധാനമുണ്ടാകണമെന്നുമുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ആളുകള്‍ക്കു നടന്നുപോകാന്‍പോലും ഇവിടെ വഴിയില്ല.
നന്ദിയോട്ട് നൂറിലധികം പടക്കനിര്‍മാണകേന്ദ്രങ്ങളുണ്ട്. ഇവയില്‍ പകുതിക്കും ലൈസന്‍സില്ല. ദീപാവലിക്കു തൊട്ടുമുമ്പായി ഒരാഴ്ച പടക്കം വില്‍ക്കുന്നതിനുള്ള ലൈസന്‍സ് സംഘടിപ്പിക്കുകയും ഇതിന്റെ മറവില്‍ അനധികൃത പടക്കനിര്‍മാണം നടത്തുകയുമാണ് പതിവ്. ഇതിന് റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ എല്ലാ ഒത്താശയുമുണ്ട്. 10 വര്‍ഷത്തിനിടെ നന്ദിയോട്ടും പരിസരപ്രദേശങ്ങളിലുമായി പടക്കനിര്‍മാണശാലകളിലെ അപകടങ്ങളില്‍ നിരവധി ജീവന്‍ നഷ്ടമായിട്ടുണ്ട്.
Content Highlights: A blast at Nandiyode firecracker factory injured four women, raising questions about the factory`s licence. Read the details of the accident and the ongoing investigation.
Published: 12 Nov 2025, 08:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented