കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം. ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. പൊട്ടാതെ കിടന്ന പടക്കങ്ങൾ എടുത്ത് പൊട്ടിക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത് എന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.

To advertise here,

പരിസരപ്രദേശങ്ങളിൽ ആഘോഷം നടന്നയിടങ്ങളിൽ നിന്നെല്ലാം പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങൾ പെറുക്കിക്കൊണ്ടുവന്ന് ഗ്രൗണ്ടിൽവെച്ച് പൊട്ടിച്ച് കളിക്കുകയായിരുന്നു കുട്ടികൾ എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കുട്ടികൾക്ക് എവിടെനിന്നാണ് പടക്കങ്ങൾ ലഭിച്ചതെന്നു വ്യക്തമല്ല, ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണെന്ന്‌ വളപട്ടണം എസ്എച്ച്ഓ അഭിഷേക് സറ പറഞ്ഞു.

വിഷു കഴിഞ്ഞ സമയത്തും കുട്ടികൾ ഇത്തരത്തിൽ പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങൾ എടുത്തുകൊണ്ടുവന്ന് കളിച്ചിരുന്നു. ഇന്ന് കളിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിക്കുകയും അമാന്റെ കഴുത്തിന്റെ ഇടതുവശത്ത് ചെവിയോട് ചേർന്ന ഭാഗത്ത് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഗ്രൗണ്ടിൽ വീണുകിടന്ന കുട്ടിയെ പരിസരവാസി ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമാന്റെ സഹോദരനടക്കം മറ്റ് മൂന്ന് കുട്ടികൾക്ക് കൂടി പരിക്കേറ്റിരുന്നു. എന്നാൽ, അവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ്‌ ആശുപത്രിയിൽനിന്ന് ലഭിക്കുന്ന വിവരം. സ്ഥലത്ത് ഫോറൻസിക് യൂണിറ്റ് പരിശോധന നടത്തിവരികയാണ്.