കായംകുളം: ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഞ്ചിനാട് എക്‌സ്പ്രസ് തടഞ്ഞു. പോലീസിനെയും ആർ.പി.എഫിനെയും മറികടന്നാണ് പ്രവർത്തകർ ട്രെയിൻ തടഞ്ഞത്. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത് നേരിയ സംഘർഷത്തിന് ഇടയാക്കി.

To advertise here,

കായംകുളം റെയിൽവേ ജങ്ഷനിൽ നിന്നും പ്രകടനമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. സ്റ്റേഷന്റെ കവാടത്തിൽ വെച്ച് തന്നെ പോലീസും ആർ.പി.എഫും ചേർന്ന് ഇവരെ തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസിനെയും തള്ളിമാറ്റി പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് കയറുകയായിരുന്നു.

പ്ലാറ്റ്‌ഫോമിലേക്ക് എത്തിയ വഞ്ചിനാട് എക്‌സ്പ്രസ് പത്ത് മിനിറ്റോളം പ്രവർത്തകർ തടഞ്ഞിട്ടു. ഇതിനിടയിൽ പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, നിയോജകമണ്ഡലം പ്രസിഡന്റ് അഫ്‌സൽ പ്ലാമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

കാഞ്ഞങ്ങാട് (കാസർകോട്): രാഹുൽ ഗാന്ധിക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ ഭാവി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും, ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന നടപടികൾക്കും ശക്തമായ പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുപകരം പ്രതിഷേധിക്കുന്ന ജനപ്രതിനിധികളെയും യുവാക്കളെയും അറസ്റ്റ് ചെയ്യുകയും ബലപ്രയോഗത്തിലൂടെ നേരിടുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധ സമീപനമാണെന്നും അദ്ദേഹം വിമർശിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കണമെന്നും പ്രതിഷേധങ്ങൾക്ക് നേരെയുള്ള കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തൽ നടപടികൾ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ മാർച്ചിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ദീപു കല്ല്യോട്ട്, അനൂപ് കല്ല്യോട്ട്, ചന്ദ്രശേഖരൻ കാഞ്ഞങ്ങാട്, കുഞ്ഞികൃഷ്ണൻ എം, നിശാന്ത് കല്ലിക്കാൽ, സുജിത്ത് പുതക്കൈ, അനിൽ വാഴുന്നോറടി, അശോക് കുമാർ മാസ്റ്റർ, രവീന്ദ്രൻ ചെമ്മട്ടം വയൽ,ഷിബിൻ ഉപ്പിലക്കൈ, ജതീഷ് കായകുളം, വിനീത് എച്ച് ആർ, ഡേവിസ് ടൈറ്റസ് തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രവർത്തകർ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.