
കോഴിക്കോട്: പതിറ്റാണ്ടുകളുടെ വേർപാട്, പിന്നെ എല്ലാം മറന്ന് ഒരു കണ്ടുമുട്ടൽ, എന്നാൽ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. നാല്പതുവർഷം വേർപിരിഞ്ഞിരുന്ന സഹോദരങ്ങൾ, കണ്ടുമുട്ടി ആറുമാസത്തിനകം മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് പിണപ്പറമ്പിൽ പി.കെ. രാജനും (78) സഹോദരൻ തളിപ്പറമ്പിൽ ഇബ്രാഹിമും (നാരായണൻ-82) ആണ് കഥാനായകർ.
ചെറുപ്പത്തിൽ നാടുവിട്ടുപോയി തളിപ്പറമ്പിലെത്തിയ നാരായണനാണ് പിന്നെ ഇബ്രാഹിമായി മാറിയത്. വല്യേട്ടനില്ലാത്ത രാജന്റെ നാലുപതിറ്റാണ്ടിന് വിരാമമിട്ടുകൊണ്ട് ആറുമാസംമുൻപ് ആ വിളിയെത്തി. മകൻ ഷൈത്തിന്റെ ഫോണിലേക്ക് ഇബ്രാഹിമിന്റെ മക്കളാണ് വിളിച്ചത്. അതിൽനിറയെ കുഞ്ഞനിയനെ കാണാനുള്ള മോഹമായിരുന്നു. കാണാമറയത്ത് ഒളിച്ചിരുന്ന ഏട്ടനോട് ആദ്യമെല്ലാം ദേഷ്യമായിരുന്നെങ്കിലും അനിയന്റെ സ്നേഹം കുടുംബത്തിനൊപ്പം പതിയെ തളിപ്പറമ്പിലെത്തി.
പരസ്പരം നെഞ്ചോടുചേർത്തും കഥകൾ പറഞ്ഞും ഒാർമ്മകളിലേക്കിറങ്ങിയും പഴയകാലത്തിന്റെ അകലങ്ങളെല്ലാം അവർ മായ്ച്ചുകളഞ്ഞു. ഇരുവർക്കുമൊപ്പം കുടുംബങ്ങളും ഒന്നായി. വൈകാതെ രാജനെ വാർധക്യത്തിന്റെ അവശതകൾ ബാധിച്ചു. വീഡിയോകോളുകളിലൂടെയും മറ്റും അവർ സ്നേഹംപങ്കിട്ടു. ഇതിനിടെ, ആരോഗ്യപ്രശ്നങ്ങൾമൂലം ഇരുവരും ആശുപത്രിയിലായി.
ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ ഇബ്രാഹിം മരിച്ചു. ഇതറിഞ്ഞ് രാജന്റെ കുടുംബാംഗങ്ങൾ തളിപ്പറമ്പിലേക്കുള്ള യാത്രയിലാണ് ആ വാർത്തയെത്തുന്നത്, രാജനും മരിച്ചു. ഏട്ടന്റെ മരണം രാജനെ അറിയിക്കാതെയാണ് കുടുംബാംഗങ്ങൾ തളിപ്പറമ്പിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറിനായിരുന്നു രാജന്റെ മരണം. ഒരായുസ്സിന്റെ കഥകൾ ബാക്കിയാക്കി അങ്ങനെ അവരൊന്നിച്ച് കാണാമറയത്തേക്ക് മടങ്ങി.
Content Highlights: Two brothers reunited after 40 years of separation., Ibrahim and P.K. Rajan passed away within hours of each other., The emotional reunion took place six months prior to their deaths., Families had bonded closely following the reunion after decades.
Published: 23 Sept 2026, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented