കാഞ്ഞങ്ങാട്: അർജന്റീന ടീം വന്നില്ലെന്നും ഫുട്‌ബോൾ മത്സരം നടന്നില്ലെന്നും അതിനാൽ നികുതിയിനത്തിലുള്ള തുക മടക്കിനൽകണമെന്ന്‌ വാദിച്ച് റീഫണ്ട് ചോദിച്ചാലും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനിക്ക്‌ (ആർ.ബി.സി.) 33.64 കോടി രൂപ ജി.എസ്.ടി. വകുപ്പ് മടക്കിനൽകില്ല. പിഴയും പലിശയുമാണിത്. നിയമാനുസൃതമല്ലാത്ത ഇടപാടാണെന്ന് ജി.എസ്.ടി.യുടെ എസ്.ഐ.ടി. കണ്ടെത്തിയതിനാലാണിത്.

To advertise here,

ഫുട്‌ബോൾ ഇതിഹാസം മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനെന്ന് പറഞ്ഞ് ആർ.ബി.സി. വിദേശ അക്കൗണ്ടിലേക്കയച്ച 126 കോടി രൂപയുടെ ജി.എസ്.ടി. 22,68,69,399 രൂപയാണ്. ഇതു മാത്രമാണ് റീഫണ്ട് ആയി നൽകുക. ഈ തുകയ്ക്കൊപ്പം 3,09,51,276 രൂപകൂടി ചേർത്ത് 25,78,20.675 രൂപയാക്കിയിട്ടുണ്ട് ജി.എസ്.ടി.യുടെ പ്രത്യേക അന്വേഷണസംഘം. സ്റ്റേഡിയം നവീകരിക്കാൻ ചെലവഴിച്ച തുകയുടെയും അവിടം അലങ്കരിക്കാൻ ബെംഗളൂരു കമ്പനിക്ക് കൈമാറിയ തുകയുടെയും വക്കീൽ ഫീസ് ഇനത്തിൽ നൽകിയ പണത്തിന്റെയുമെല്ലാം നികുതിത്തുകയാണ് 3.09 കോടി രൂപ.

എസ്.ഐ.ടി. അധികമായി ചേർത്ത ഈ തുക റീഫണ്ടിൽ ഉൾപ്പെടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം പിഴയും പലിശയും കണക്കാക്കുന്നത് 25.78 കോടി രൂപ അടിസ്ഥാനപ്പെടുത്തിയാണ്. ഇതിന്റെ 100 ശതമാനമാണ് പിഴ. ഇതും പലിശയും ചേർത്ത് 56,32,79,332 കോടി രൂപ അടയ്ക്കാനാണ് ആർ.ബി.സി.യോട് ജി.എസ്.ടി. വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. നികുതിയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി ഒരുമാസത്തിനുള്ളിൽ 25 ശതമാനവും പിന്നീടത് 50 ശതമാനവും അതിനുശേഷം 100 ശതമാനവുമാണ് പിഴ.

നിയമാനുസൃതമല്ലാത്ത ഇടപാടുകൾക്കാണ് ഈ രീതിയിൽ പിഴ ചുമത്തുന്നത്. വിദേശ അക്കൗണ്ടിലേക്കുള്ള ആദ്യ പണം കൈമാറ്റം നടന്നിട്ട് 472 ദിവസവും രണ്ടാമത്തെ കൈമാറ്റം നടന്നിട്ട് 342 ദിവസവുമായി. ആകെ അടയ്ക്കേണ്ട നികുതിത്തുകയായ 56.32 കോടി രൂപ ഇതുവരെയായും അടച്ചിട്ടില്ല. അതിനാൽ എപ്പോഴാണോ തുക അടയ്ക്കുന്നത് അതനുസരിച്ച് പലിശ കൂടിക്കൊണ്ടേയിരിക്കും.