കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽനിന്ന് രേഖ ചോർത്തിയതിന് പിന്നിൽ ചില ഉദ്യോഗസ്ഥരെന്ന സംശയത്തിൽ പോലീസ്. പത്തോളംപേരെ ചോദ്യം ചെയ്തു. മെട്രോയിലെ ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരിന് തുടർച്ചയായാണ് സംഭവമെന്നും സൂചനയുണ്ട്.

To advertise here,

കെഎംആർഎലിലെ കോർപറേറ്റ് ഓഫീസിലെ കമ്പ്യൂട്ടറുകളിൽ അൺ ഓതറൈസ്ഡ് ആക്‌സസ് നടത്തി ഡേറ്റകൾ മോഷ്ടിച്ചുവെന്നാണ് കേസ്. സിസ്റ്റംസ് ഡയറക്ടറുടെ പരാതിയിലാണ് കേസ്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരിൽ ചിലർതന്നെയാകാം മോഷണം നടത്തിയതെന്ന സംശയം പോലീസിനുണ്ടായത്.

കുറച്ചുനാളുകളായി ഉദ്യോഗസ്ഥർക്കിടയിൽ പടലപ്പിണക്കവും ചേരിപ്പോരുമുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായാകാം ചോർച്ചയെന്നും സംശയമുണ്ട്. വിശദമായ അന്വേഷണത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് പോലീസ്. ഇതിന്റെ ഭാഗമായി ഗൂഗിളിന് പോലീസ് കത്ത് നൽകിയിട്ടുണ്ട്. കെഎംആർഎലിന്റെ ഔദ്യോഗിക മെയിൽ ഐഡി ഉപയോഗിച്ച് ഹാക്ക് ചെയ്തു എന്നും പരാതിയിലുള്ളതിന്റെ അടിസ്ഥാനത്തിലാണിത്.

ചോർത്തിയ രേഖകൾ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചെന്നതും പോലീസിന് മുന്നിലെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.