കൊച്ചി: ചോദ്യങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപേ ഉത്തരം.. ക്വിസ് മാസ്റ്ററിനെ പോലും അമ്പരമ്പിച്ചു കൊണ്ട് മത്സരാർത്ഥികൾ ഓരോ ഉത്തരവും ശരവേഗത്തിൽ പറഞ്ഞപ്പോൾ കണ്ടിരുന്നവരിലും അത്ഭുതം നിറക്കുന്നതായി ഫെയർ ഫ്യൂച്ചർ യെസ് ക്വിസ് മീ സീസൺ 2. കോളേജ് വിദ്യാർഥികൾക്കായി മാതൃഭൂമി ഫെയർ ഫ്യൂച്ചറുമായി സഹകരിച്ച് നടത്തിയ യെസ് ക്വിസ് മി സീസൺ 2 വാശിയേറിയ പോരാട്ടത്തിനൊടുവിൽ ടി ടി ഐ കൊല്ലം വിജയികളായി. പ്രിൻസ്, അക്ഷയ് കൃഷ്ണ എന്നിവരടങ്ങിയ ടീമാണ് വിജയികളായത്.

To advertise here,

75 പോയിന്റുകളുമായി ടി ടി ഐ കൊല്ലം ഒന്നാം സ്ഥാനവും 60 പോയിന്റുകളുമായി തൃശൂർ മെഡിക്കൽ കോളേജ് ടീം  രണ്ടാം സ്ഥാനവും നേടി.  2 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഒന്നാം സ്ഥാനക്കാർക്കായുള്ള പുരസ്കാരം. 1ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് രണ്ടാം സ്ഥാനക്കാർക്കുള്ള സമ്മാനം. വിജയികൾക്ക് റിയർ അഡ്മിറൽ ബി.എസ്. സോധി സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ നടൻ നീരജ് മാധവ് മുഖ്യാതിഥിയായി. 

എം ഇ എസ് പൊന്നാനി, കൊല്ലം ടി ടി ഐ,തൃശൂർ മെഡിക്കൽ കോളേജ്, ഫാറൂഖ് കോളേജ് എന്നീ ടീമുകളാണ് ഫൈനലിൽ മാറ്റുരച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർഥികളാണ്  യെസ് ക്വിസ് മി സീസൺ 2വിന്റെ ഭാ​ഗമായത്. ഇവരിൽ നിന്നും 10 സോണൽതല മത്സരങ്ങളിലെ വിജയികളായ 19 ടീമുകളാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്. 

ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി കാണികൾക്കായി ഫ്രൻഡ്‌ലി ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.

ഫെയർ ഫ്യൂച്ചർ മാനേജിങ് ഡയറക്ടർ ഡോ. എസ് രാജ്, മാതൃഭൂമി ജനറൽ മാനേജർ(പബ്ലിക് റിലേഷൻസ്) പ്രമോദ്, അസി. ജനറൽ മാനേജർ വിഷ്ണു നാഗപ്പള്ളി, ഫെയർ ഫ്യൂച്ചർ ഡയറക്ടർ വിഘ്‌നേഷ്, കല്യാണി വിദ്യ, തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു