കൊച്ചി: 'വേനല്‍ അവധിക്ക് തിങ്ങിനിറഞ്ഞ് ഓടുന്ന ട്രെയിനുകള്‍, അതിലാണ് ജോലി. തിരക്കിനിടയില്‍ വിയര്‍ത്തൊലിച്ച്... അതിനിടയിലാണ് ചിലര്‍... ഓരോ ദിവസവും ഒരു പേടിസ്വപ്നമാണ്...' പറയുന്നത് കേരളത്തിലോടുന്ന ട്രെയിനിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ടിക്കറ്റ് എക്‌സാമിനര്‍.
ടി.ടി.ഇ. വിനോദ് കണ്ണന്‍ ജോലിക്കിടെ കൊല്ലപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും ട്രെയിനില്‍ നടന്ന ആക്രമണത്തിന്റെ വാര്‍ത്ത എത്തിയത്. ഇനിയെന്ത് എന്ന പേടിയോടെയാണ് ടിക്കറ്റ് പരിശോധകരുടെ ഓരോ ദിനവും തുടങ്ങുന്നത്.
തല ചായ്ക്കാന്‍ ഇടമില്ല...
''അനധികൃത യാത്രക്കാരെ മാറ്റുന്നത് ഒരു വലിയ പണിയാണ്. അവസാന നിമിഷം വന്നുകയറുന്ന റിസര്‍വേഷന്‍ ടിക്കറ്റില്ലാത്ത യാത്രക്കാര്‍ എത്ര പറഞ്ഞാലും മാറില്ല. പലതരം സ്വഭാവക്കാര്‍...'' ഒരു വനിതാ ടി.ടി.ഇ. പറയുന്നു. രാത്രിയും പകലും ഡ്യൂട്ടിയുണ്ട്.
വളരെ കുറച്ച് വനിതാ ടിക്കറ്റ് എക്‌സാമിനര്‍മാര്‍ മാത്രമുള്ളപ്പോള്‍ ഉണ്ടായിരുന്ന വിശ്രമമുറികളാണ് ഇപ്പോഴും. രണ്ടുപേര്‍ക്കു കിടക്കാന്‍ മാത്രം സൗകര്യമുള്ളിടത്ത് 10 പേര്‍. തളര്‍ന്നുറങ്ങുന്നവര്‍ എഴുന്നേറ്റിട്ടു വേണം ഒന്നു തലചായ്ക്കാന്‍ എന്നതാണ് സ്ഥിതി.
അടുത്തിടെ വാരാണസി വഴിയുള്ള എറണാകുളം-പട്‌ന എക്‌സ്പ്രസില്‍ ടിക്കറ്റ് പരിശോധനയ്ക്കുപോയ രണ്ട് വനിതാ ടി.ടി.ഇ.മാര്‍ തിരക്ക് കാരണം ട്രെയിനില്‍ കുടുങ്ങി. ഒടുവില്‍ ഇറങ്ങേണ്ട കോയമ്പത്തൂരിനു പകരം തിരുപ്പൂരില്‍ ഇറങ്ങേണ്ടി വന്നു.
യാത്രക്കാര്‍ പെരുകി, സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ചു...!
ട്രെയിനില്‍ സ്ലീപ്പര്‍ കമ്പാര്‍ട്ടുമെന്‍കള്‍ കുറച്ചതാണ് ക്രമാതീതമായ തിരക്കിന് പ്രധാന കാരണമെന്ന് ടി.ടി.ഇ.മാര്‍ പറയുന്നു. നേരത്തേ എറണാകുളത്തു നിന്ന് നിസാമുദ്ദീനിലേക്കുള്ള മംഗള എക്‌സ്പ്രസില്‍ 13 സ്ലീപ്പര്‍ കോച്ചായിരുന്നു. ഇന്നത് ഏഴാണ്.
കന്യാകുമാരി- ദിബ്രുഗഢ്, എറണാകുളം -പട്‌ന, തിരുവനന്തപുരം- ഷാലിമാര്‍, തിരുവനന്തപുരം- സില്‍ചാര്‍ എന്നിങ്ങനെ എല്ലാ ട്രെയിനുകളിലും തിരക്കുതന്നെ. അതിഥി തൊഴിലാളികള്‍ ആശ്രയിക്കുന്ന ട്രെയിനുകളില്‍ എപ്പോഴും വന്‍ തിരക്കാണ്. എ.സി. കമ്പാര്‍ട്ടുമെന്റുകളില്‍ പോലും എത്തുന്ന റിസര്‍വേഷന്‍ ഇല്ലാത്തവര്‍ ടി.ടി.ഇ.മാര്‍ക്ക് തലവേദനയാണ്.
പല തവണ പറഞ്ഞിട്ടും ഫലമില്ലെങ്കില്‍ ടി.ടി.ഇ. ഫോണില്‍ കൊമേഴ്‌സ്യല്‍ കണ്‍ട്രോളിനെ അറിയിക്കും. തുടര്‍ന്ന് അവര്‍ നിര്‍ദേശിക്കുന്നതനുസരിച്ചാണ് ആര്‍.പി.എഫ്. എത്തി ഇവരെ നീക്കുന്നത്. മുന്‍പൊക്കെ സ്റ്റേഷന്‍ കവാടത്തില്‍ ടിക്കറ്റ് പരിശോധിച്ചിരുന്നു. അതിനാല്‍ പ്രശ്‌നക്കാരെ ഒരു പരിധി വരെ ഒഴിവാക്കാനായിരുന്നു.
എന്തുനടന്നാലും റെഡ് സിഗ്‌നല്‍
ട്രെയിനിലെ അക്രമങ്ങളെ തുടര്‍ന്ന് നാലോളം നിവേദനങ്ങള്‍ ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന്‍ ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നല്‍കിയിട്ടുണ്ട്. സായുധ ആര്‍.പി.എഫ്. എസ്‌കോര്‍ട്ട്, മതിയായ വിശ്രമമുറി സൗകര്യം, സ്റ്റേഷന്‍ കവാടത്തില്‍ കര്‍ശനമായ ടിക്കറ്റ് പരിശോധന എന്നിവയായിരുന്നു ആവശ്യങ്ങള്‍. പക്ഷേ നടപടിയൊന്നും ഉണ്ടായില്ല.
Content Highlights: working in train; nightmare for railway traveling ticket examiners
Published: 14 May 2024, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented