
അഗളി: ''കോട്ടത്തറ ആശുപത്രിയിൽ ഞങ്ങൾക്കാവശ്യമുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്റെ കുട്ടീനെ രക്ഷിക്കാമായിരുന്നു...''- മുറ്റത്ത് വിരിച്ചുകെട്ടിയ നീല ടാർപ്പായയ്ക്കു കീഴെയിരുന്ന് നിറഞ്ഞ കണ്ണുകളോടെ ആ അമ്മ ആവലാതിപ്പെട്ടു. കഴിഞ്ഞമാസം, ജനിച്ച് ഒരു മണിക്കൂറിനകം തന്റെ ആദ്യ കുഞ്ഞ് മരിച്ചതിന്റെ വേദന അട്ടപ്പാടി ചിണ്ടക്കി ഫസ്റ്റ്‌സൈറ്റിലെ രാജി തന്റെ വീട്ടിലെത്തിയ പിണറായി വിജയനോടും സംഘത്തോടും പറഞ്ഞു.
''എനിക്ക് അരിവാൾകോശരോഗമുണ്ടെന്നു പറഞ്ഞാണ് അട്ടപ്പാടിയിലെ ആശുപത്രിക്കാർ പ്രസവം എടുക്കാതിരുന്നത്. എപ്പോഴും പുറത്തുപോയി ചികിത്സ തേടാനാവില്ല. അതിനുള്ള സൗകര്യങ്ങൾ അട്ടപ്പാടിയിൽ കൊണ്ടുവരണം'' രാജി കണ്ണീരോടെ പറഞ്ഞു. നവജാതശിശുമരണങ്ങൾ പതിവായ അട്ടപ്പാടി സന്ദർശിക്കാനെത്തിയതായിരുന്നു പിണറായിയും മുൻമന്ത്രി പി. പ്രസാദ് എം.എൽ.എ.യും എം.ബി. രാജേഷുമടക്കമുള്ള എൽ.ഡി.എഫ്. സംഘം.
''മെഡിക്കൽ സ്‌റ്റോറിൽനിന്ന് പണംകൊടുത്ത് മരുന്നുവാങ്ങിയാണ് കുത്തിവെപ്പ് എടുക്കുന്നത്. ആശുപത്രിയിൽ ഒരു സൗകര്യവുമില്ല. അടിയന്തരച്ചികിത്സ ആവശ്യമുള്ളയാളായിരുന്നു ഞാൻ. എന്നിട്ടുപോലും അവരെന്നെ നോക്കിയില്ല. ഇനിയും എത്രയോ ഗർഭിണികൾക്ക് ഇവിടെ ചികിത്സ നോക്കേണ്ടതാണ്. സ്‌കാനിങ് മെഷീനൊക്കെ പേരിനു വെച്ചിരിക്കുകയാണ്. ഞങ്ങൾക്ക് രണ്ടാഴ്ച കൂടുമ്പോൾ സ്‌കാനിങ് ചെയ്യണമായിരുന്നു''- രാജിയും ഭർത്താവ് സുനീഷും പിണറായിയോട് പറഞ്ഞു.
ബുധനാഴ്ച രാവിലെ 10.30-ഓടെ രാജിയുടെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവും സംഘവും അരമണിക്കൂർ കുടുംബവുമായി സംസാരിച്ചു. പിന്നീട് അട്ടപ്പാടിയിലെ കില സെന്ററിൽ, നവജാതശിശുക്കൾ മരിച്ച കുടുംബങ്ങളുമായി സംസാരിച്ചു. വടകോട്ടത്തറയിലെ മുരുകേഷ്-ശിവകാമി, വെച്ചപ്പതി ഊരിലെ ബിജു-ജ്യോതിമണി, ചന്ദ്രശേഖർ-മിന്നൽറാണി, ഷോളയൂരിലെ ശ്രുതി-മണികണ്ഠൻ തുടങ്ങിയ ദമ്പതിമാർ തങ്ങളുടെ നിസ്സഹായാവസ്ഥ വിവരിച്ചു. ഒരുമാസം, ഒൻപതുമാസം, 10 മാസം പ്രായമായ കുഞ്ഞുങ്ങളെയൊക്കെയാണ് ഇവർക്ക് നഷ്ടപ്പെട്ടത്. മരണകാരണം പോഷകാഹാരക്കുറവും അമ്മയുടെ രോഗാവസ്ഥകളുമൊക്കെയായിരുന്നു. സർക്കാരിനെ വിവരങ്ങൾ അറിയിച്ച് പ്രശ്‌നപരിഹാരം കാണാൻ ഇടപെടുമെന്ന് പിണറായിയും സംഘവും ഉറപ്പുനൽകി.
പിണറായി വിജയനും എൽ.ഡി.എഫ്. സംഘവും അട്ടപ്പാടി സന്ദർശിച്ചു
അട്ടപ്പാടിയിൽ നവജാതശിശുക്കൾ മരിച്ച കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. അട്ടപ്പാടിയിൽ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട അച്ഛനമ്മമാരുമായി സംസാരിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. സർക്കാർ അട്ടപ്പാടിയെ അവഗണിച്ചു. മന്ത്രിയുടെ മണ്ഡലത്തിലാണ് അട്ടപ്പാടി. മറ്റൊരു മന്ത്രിയുടെ മണ്ഡലം തൊട്ടപ്പുറത്താണ്. ഇരുകൂട്ടരും പ്രത്യേകം ശ്രദ്ധിക്കണമായിരുന്നു. അട്ടപ്പാടിയിലെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുകയും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുൻമന്ത്രിമാരായ എം.ബി. രാജേഷ്, പി. പ്രസാദ്, ടി.എം. ശശി എം.എൽ.എ., മുൻ എം.പി. എൻ.എൻ. കൃഷ്ണദാസ്, സി.പി.ഐ. നേതാവ് കെ.പി. സുരേഷ് രാജ്, സി.പി.എം. നേതാക്കളായ കെ. ശാന്തകുമാരി, എ. പരമേശ്വരൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. നവജാതശിശു മരിച്ച സുനീഷ്-രാജി ദമ്പതിമാരെ ചിണ്ടക്കി ഫസ്റ്റ് സൈറ്റിലെ വീട്ടിലെത്തി പിണറായി വിജയനും സംഘവും സന്ദർശിച്ചു. നവജാതശിശുക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളിൽനിന്ന് കില സെന്ററിൽ വെച്ച് സംഘം വിവരങ്ങൾ തേടി. കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രി സന്ദർശിച്ച് അവിടത്തെ സൗകര്യങ്ങൾ വിലയിരുത്തുകയും സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂരുമായി സംസാരിക്കുകയും ചെയ്തു.
'ആദിവാസി സ്ത്രീകൾക്ക് പോഷകാഹാരം ലഭ്യമാക്കണം'
ആദിവാസി സ്ത്രീകൾക്ക് പോഷകാഹാരം ലഭ്യമാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് തുടങ്ങിയ സാമൂഹിക അടുക്കളകൾ പലതും പൂട്ടിയ അവസ്ഥയിലാണ്. ഇവ പുനഃസ്ഥാപിക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. മൊബൈൽ ക്ലിനിക്കുകൾ പ്രവർത്തനക്ഷമമാക്കണം. ഗർഭിണികൾക്ക് നൽകിയിരുന്ന 2,000 രൂപ ധനസഹായം തുടരണം. വിദൂര ഊരുകളിലെ ആദിവാസികൾക്ക് വാതിൽപ്പടി റേഷൻ വിതരണം ഉറപ്പാക്കണം. പോലീസ്, എക്സൈസ്, വനംവകുപ്പ് എന്നിവയിൽ ആദിവാസി പ്രാതിനിധ്യം ഉറപ്പാക്കാൻ പ്രത്യേക റിക്രൂട്ട്മെന്റ് നടത്തണം.
കോട്ടത്തറ ആശുപത്രിയിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. മില്ലറ്റ് വില്ലേജിന് അനുവദിച്ച തുക ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച വീടുകൾ പൂർത്തിയാക്കണം. മെന്റർ അധ്യാപകരുടെ സേവനം പുനഃസ്ഥാപിക്കണം. അരിവാൾകോശ രോഗത്തിന് ചികിത്സ ഉറപ്പാക്കണം.
അട്ടപ്പാടിയിൽ ആരോഗ്യ പ്രവർത്തകരെ കൂട്ടത്തോടെ സ്ഥലം മാറ്റി രോഗസർവേ വിവരങ്ങൾ പൂഴ്ത്തിവെക്കുകയാണ്. ആംബുലൻസുകളുടെ കരാറുകൾ പുതുക്കുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സംഘപരിവാർ ആദിവാസികളെ ലക്ഷ്യമിടുന്നു അട്ടപ്പാടിയിൽ സംഘപരിവാറിന് അനുകൂലമായ എൻ.ജി.ഒ.കൾ ആദിവാസികളെ ലക്ഷ്യമിട്ടു കറങ്ങുകയാണെന്ന് പിണറായി വിജയൻ. ഇവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കാനല്ല ഇത് ഇടയാക്കുക. രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ച് അവർ നീങ്ങുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു.
Content Highlights: LDF leaders led by Pinarayi Vijayan visited grief-stricken tribal families in Attappady facing continuous infant deaths, demanding urgent infrastructure upgrades at Kottathara hospital, nutritional support, and financial compensation.
Published: 19 Nov 2026, 09:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented