മറയൂർ: കാടിറങ്ങി കുമ്മിട്ടാംകുഴി ഉന്നതിയിലെത്തിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് ഗുരുതര പരിക്ക്. ജനനിബിഡമായ മറയൂർ ടൗണിൽ പ്രവർത്തിക്കുന്ന മറയൂർ പഞ്ചായത്തോഫീസിലേക്കും കാട്ടുപോത്ത് ഓടിക്കയറി, ഓഫീസ് താറുമാറാക്കി. ഓഫീസിന് മുന്പിലുള്ള ഹോട്ടലിനും നാശമുണ്ട്. ഉന്നതിയിലെ രണ്ട് വീടുകൾ ഭാഗികമായി തകർത്തു.

To advertise here,

ചൊവ്വാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ഒന്നരമണിക്കൂറോളം കാട്ടുപോത്ത് ഭീതിപരത്തി. പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പഞ്ചായത്തോഫീസ് തുറക്കാൻ സമയമാകാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഉന്നതിയിലെ കാമാക്ഷി ചൊക്കനും (65) സെൽവി രാമുവിനും(38) ആണ് പരിക്കേറ്റത്. കാട്ടുപോത്തിനെ തുരത്താൻ ശ്രമിക്കുന്നതിനിടെ മറയൂർ ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ രതീഷ് പി.നായരുടെ കാലിന് ചെറിയ പരിക്കേറ്റു.

കൂലിപ്പണിക്കാരെ കുത്തിവീഴ്ത്തി

സമീപമുള്ള വനമേഖലയിൽനിന്നാണ് കാട്ടുപോത്ത് മറയൂർ ടൗണിലേക്ക് വന്നത്. സി.പി.എം. ഏരിയാ സെക്രട്ടറി വി. സിജിമോന്‍റെ വീട്ടിലെ ശൗചാലയ ടാങ്ക് തകർത്തു. ശേഷം ടൗണിൽനിന്ന് മീറ്ററുകൾമാത്രം അകലെയുള്ള കുമ്മിട്ടാംകുഴി ഉന്നതിയിലേക്ക് പാഞ്ഞു.

ഈ സമയം കാമാക്ഷിയും സെൽവിയും കൂലിപ്പണിക്ക് പോകാനായി വീടിന് പുറത്തിറങ്ങി നിൽക്കുകയായിരുന്നു. പാഞ്ഞുവന്ന കാട്ടുപോത്ത് ഇരുവരെയും കുത്തിവീഴ്ത്തി. കാമാക്ഷിയുടെ തലയ്ക്കും കാലിനും സെൽവിയുടെ കാലിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഉന്നതിയിലെ സെന്തിൽകുമാറിന്‍റെ വീടിനും നാശമുണ്ടാക്കിയിട്ട് കാട്ടുപോത്ത് പഞ്ചായത്തോഫീസിന് സമീപത്തേക്ക് ചാടിയിറങ്ങുകയായിരുന്നു.

സെക്രട്ടറിയുടെ കാബിനിൽ കുടുങ്ങി

ഓഫീസിന്റെ പിൻവാതിൽ കാട്ടുപോത്ത് കൊമ്പുകൊണ്ട് കുത്തിപ്പൊട്ടിച്ചു. ഓടിയ ഭാഗത്തെ എല്ലാം തകർത്തു. സെക്രട്ടറിയുടെ കാബിനിൽ കയറിയപ്പോൾ കാബിന്റെ വാതിൽ അടഞ്ഞു. ഇതോടെ കാട്ടുപോത്ത് മുറിക്കുള്ളിൽ കുടുങ്ങി. കൂടുതൽ പ്രകോപിതനായ കാട്ടുപോത്ത് കാബിനിലുള്ള കംപ്യൂട്ടർ ഉൾപ്പടെയുള്ള എല്ലാ സാമഗ്രികളും തകർത്തു. ഇതിനിടെ മറയൂർ റെയ്ഞ്ച് ഓഫീസർ അബ്ജു കെ.അരുണും ആർ.ആർ.ടി. സംഘാംഗങ്ങളും സ്ഥലത്തെത്തി. മറയൂർ ഇൻസ്പെക്ടർ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമെത്തി. കാട്ടുപോത്തിനെ പുറത്തിറക്കാനായിരുന്നു ശ്രമം.

അപകടം ഒഴിവാക്കാൻ മറയൂർ- ഉദുമൽപേട്ട അന്തസ്സംസ്ഥാന പാതയിലെ ഗതാഗതം നിരോധിച്ചു. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ഓഫീസിന് ചുറ്റും തടിച്ചുകൂടിയത്. അടഞ്ഞ വാതിൽ കയറുകെട്ടി തുറന്ന് കാട്ടുപോത്തിനെ പുറത്തിറക്കി. ഈ സമയവും കാട്ടുപോത്ത് ആളുകൾക്കുനേരേ പാഞ്ഞടുത്തു. എല്ലാവരും ഓടി രക്ഷപ്പെട്ടു. തുടർന്ന് കാട്ടുപോത്ത് സമീപത്തെ സാൻഡൽ ബ്രീസ് ഹോട്ടലിന്റെ പുറകുവശത്തുകൂടി ഓടി. ഈ സമയത്ത് ഹോട്ടലിനും കേടുപാട് സംഭവിച്ചു.

കാട്ടുപോത്തിനെ വിരട്ടി മാശിവയൽ ഭാഗത്തെ കമുകിൻതോപ്പിലെത്തിച്ചു. പോകുന്നവഴി ഉന്നതിയിലെ ശശിയുടെ വീടും ഭാഗികമായി തകർത്തു. ഈ കാട്ടുപോത്ത് മറയൂർ ടൗണിലൂടെ പുലർച്ചെ കടന്നുപോകാറുണ്ട്.

പഞ്ചായത്തിന് 3.6 ലക്ഷത്തിന്റെ നഷ്ടം

മറയൂർ പഞ്ചായത്തോഫീസിൽ വ്യാപകനാശമാണ് കാട്ടുപോത്ത് വരുത്തിയത്. രണ്ട്‌ ലാപ്ടോപ്, രണ്ട്‌ പ്രിന്റർ, കാബിൻ ഡോർ, കസേരകൾ തുടങ്ങി 3.60 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി സെക്രട്ടറി അറിയിച്ചു. സാമ്പത്തികവർഷത്തിന്റെ അവസാന ദിനത്തിലെ ഓഫീസിലെ അടിയന്തര ജോലികൾ എല്ലാം തടസ്സപ്പെട്ടു.