കാസര്‍കോട്: മാനസികസമ്മര്‍ദം ലഘൂകരിക്കാന്‍ സംസ്ഥാനത്തെ ജയില്‍ജീവനക്കാര്‍ക്ക് ഇനി വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ കൗണ്‍സലിങ്. ജയിലുകളില്‍ തടവുകാരുടെ ക്ഷേമം ഉറപ്പാക്കുകയാണ് വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ ചുമതല. ഇവര്‍ ഇനി ജീവനക്കാരുടെ മാനസികാരോഗ്യവും നോക്കും. ജോലിസമ്മര്‍ദം കാരണം ജയില്‍ജീവനക്കാര്‍ക്കിടയില്‍ ആത്മഹത്യ പെരുകിയതും കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം കൂടിയതുമാണ് പുതിയ തീരുമാനത്തിന് പിന്നില്‍.
മറ്റ് വകുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ജോലിക്ക് കയറുന്നതുമുതല്‍ കൂടുതല്‍ സമയവും മതില്‍ക്കെട്ടിലുള്ളിലാണ് ഇവര്‍ കഴിയേണ്ടിവരുന്നത്. കൊടുംകുറ്റവാളികളുള്‍പ്പെടെയുള്ളവരുമായി ഇടപഴകേണ്ടിവരും.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഉള്ളവര്‍ക്ക് ജോലിഭാരം കൂടുതലാണ്.
തടവുകാരുടെയും മേലുദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും സമ്മര്‍ദം കൂടിയാകുമ്പോഴാണ് ജീവനക്കാര്‍ മറ്റ് വകുപ്പുകളിലേക്ക് ജോലി തേടിപ്പോകുകയോ ജീവിതംതന്നെ അവസാനിപ്പിക്കുകയോ ചെയ്യുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
സമ്മര്‍ദം കുറയ്ക്കാന്‍ നിലവില്‍ ജയില്‍ജീവനക്കാര്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ കായികമത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമേയാണിപ്പോള്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരെ നിയോഗിച്ച് കൗണ്‍സലിങ് നല്‍കാന്‍ പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ബല്‍റാംകുമാര്‍ ഉപാധ്യായ് അനുമതി നല്‍കിയത്. ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി.യാണ് ഇതിനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്.
പാനലില്‍ 13 വെല്‍ഫെയര്‍ ഓഫീസര്‍മാര്‍
ജയില്‍ ജീവനക്കാര്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ 13 വെല്‍ഫെയര്‍മാരുടെ പാനലാണ് തയ്യാറാക്കിയിട്ടുള്ളത്. പ്രതിഫലേച്ഛ കൂടാതെ കൗണ്‍സലിങ് നടത്താന്‍ സന്നദ്ധരായവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജീവനക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ കൗണ്‍സലിങ് നല്‍കും. സോഷ്യല്‍ വര്‍ക്കില്‍ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദവും യോഗ്യതയുള്ളവരാണ് ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍. കൗണ്‍സലിങ്ങളിലുള്‍പ്പെടെ പരിശീലനം നേടിയവരാണിവര്‍.
Content Highlights: welfare officers will provide counciling prison officers to cope up with mental stress
Published: 29 May 2024, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented