
കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ കോടതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യചെയ്ത് യുവാവ്. പ്രിയാൻഷു ശ്രീവാസ്തവ (23) എന്ന യുവ അഭിഭാഷകനാണ് ആത്മഹത്യചെയ്തത്. പിതാവിൽ നിന്നുള്ള ക്രൂരമായ മാനസികവും ശാരീരികവുമായ പീഡനങ്ങൾ കാരണമാണ് താൻ ജീവനൊടുക്കുന്നത് എന്നാണ് പ്രിയാൻഷുവിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. മക്കളെ അമിതമായി പീഡിപ്പിക്കരുതെന്ന് മറ്റുള്ള മാതാപിതാക്കളോട് പ്രിയാൻഷു ഈ കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്.
കുട്ടിക്കാലം മുതൽ താൻ അനുഭവിച്ച അതിശക്തമായ സമ്മർദ്ദവും പീഡനങ്ങളും വിവരിച്ചുകൊണ്ട് സ്വന്തം കൈപ്പടയിൽ എഴുതിയ രണ്ടുപേജുള്ള ഒരു കത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ ശേഷമാണ് യുവാവ് കെട്ടിടത്തിന് മുകളിൽനിന്നും താഴേക്ക് ചാടിയത്. പിതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ക്രൂരമായ ശിക്ഷകളും നിർബന്ധിത തീരുമാനങ്ങളും തന്നെ മാനസികമായി തകർത്തുവെന്നാണ് പ്രിയാൻഷു കത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
കത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്; 'ആരോടും ചോദിക്കാതെ ഫ്രിഡ്ജിൽ നിന്ന് മാംഗോ ജ്യൂസ് എടുത്തപ്പോൾ എനിക്ക് വെറും ആറ് വയസായിരുന്നു. അതിന്റെ പേരിൽ എന്നെ വസ്ത്രം അഴിച്ച് വീടിന് പുറത്താക്കി. മാതാപിതാക്കൾ മക്കളോട് കർക്കശമായി പെരുമാറണമെന്ന് എനിക്കറിയാം, പക്ഷേ അത് അവരുടെ ശ്വാസം മുട്ടിക്കുന്ന രീതിയിലാകരുത്. ഇതിൽ നിന്നെല്ലാം മോചിതനായി ജീവിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു, പക്ഷേ അതിന് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.'
തനിക്ക് ഫിസിക്കൽ എജ്യുക്കേഷൻ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും പിതാവ് നിർബന്ധിച്ച് കമ്പ്യൂട്ടർ സയൻസ് പഠിപ്പിച്ചു എന്നും ഇത് തന്റെ പഠനത്തെ ബാധിച്ചു എന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. പിതാവ് തന്നെ പൊതുസ്ഥലത്തുവെച്ച് അപമാനിക്കുകയും തന്റെ ദൈനംദിന ജീവിതം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും താൻ എപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നുവെന്നും അത് കടുത്ത സമ്മർദ്ദത്തിന് കാരണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ എങ്ങോട്ടാണ് പോകുന്നത്, എപ്പോൾ വരും, ഫോണിൽ ആരോടാണ് സംസാരിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ അദ്ദേഹം എപ്പോഴും ചോദിക്കുമായിരുന്നു. എന്റെ ജീവിതത്തിലെ അനാവശ്യമായ ഇടപെടലുകൾ ശ്വാസം മുട്ടിക്കുന്നതായിരുന്നു. ഇനിയും ഇത് സഹിച്ചു ജീവിക്കാൻ എനിക്ക് കഴിയില്ല. ദിവസവും ശ്വാസം മുട്ടി ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരിക്കലായി മരിക്കുന്നതാണ്.'
മറ്റ് മാതാപിതാക്കളോടായി ഒരു വൈകാരികമായ അപേക്ഷയും പ്രിയാൻഷു തന്റെ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'എല്ലാ മാതാപിതാക്കളോടും എനിക്ക് ഒരു അപേക്ഷയുണ്ട്: നിങ്ങളുടെ കുട്ടികളെ അവർക്ക് താങ്ങാൻ കഴിയുന്ന അത്രയും മാത്രം പീഡിപ്പിക്കുക. എന്റെ ശരീരത്തിൽ തൊടാൻ എന്റെ പിതാവിനെ അനുവദിക്കരുത്. എന്റെ കുടുംബത്തെ ബാധിക്കാതിരിക്കാൻ അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും എടുക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതുപോലൊരു അച്ഛനെ ആർക്കും ലഭിക്കരുത്. ഞാൻ തോറ്റു, പപ്പ ജയിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.'
സിസിടിവി ദൃശ്യങ്ങൾ പ്രകാരം സംഭവത്തിന് തൊട്ടുമുമ്പ് പ്രിയാൻഷു ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനുശേഷമാണ് കോടതി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് അദ്ദേഹം ചാടിയത്. എത്രയുംവേഗം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കോടതി പരിസരത്ത് നടന്ന ഈ സംഭവം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.
പ്രിയാൻഷു പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്നു എന്ന് മറ്റ് അഭിഭാഷകർ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രിയാൻഷുവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. അഭിഭാഷകൻ കൂടിയായ പ്രിയാൻഷുവിന്റെ പിതാവ് കടുത്ത ആഘാതത്തിലാണെന്നും സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
Content Highlights: 23-year-old lawyer Priyanshu Srivastava jumped from a Kanpur court building. The victim left a note blaming his father for long-term mental harassment. Pressure regarding career choices and constant surveillance were cited as stressors. Police are currently investigating the incident via CCTV and witness statements. The case highlights the critical need for mental health awareness in family dynamics.
Published: 24 Apr 2026, 09:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented