കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ വീട്ടിലെ വിള്ളൽ വിവാദത്തിൽ തനിക്കെതിരേ നടക്കുന്ന സൈബർ അതിക്രമത്തിൽ വിഷമമുണ്ടെന്ന് സോൺ ഒന്നിലെ ക്ലസ്റ്റർ എയിലെ എട്ടാം നമ്പർ വീട്ടുടമ കെ.ടി. നൗഫൽ.

To advertise here,

ഇദ്ദേഹത്തിന്റെ വീടിന്റെ ഡൈനിങ് ഹാളിലെ സീലിങ്ങിൽ വെള്ളം കിനിഞ്ഞിറങ്ങിയ ഭാഗം പെൻസിൽകൊണ്ട് വരച്ച് അടയാളപ്പെടുത്തിയത് വിള്ളലാണെന്നതരത്തിൽ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച മന്ത്രി കെ. രാജൻ ടൗൺഷിപ്പിലെ വീട്ടിലെത്തി വര മായ്ച്ചുകളയുകയും ചെയ്തു.

ഇതിനിടെ മന്ത്രിക്കെതിരേ നൗഫൽ നടത്തിയ പ്രതികരണമാണ് നൗഫലിനുനേരേ സൈബർ അതിക്രമം ഉണ്ടാവാൻ കാരണമായത്.

ഉരുൾപൊട്ടലിൽ 16 കുടുംബാംഗങ്ങളെ നഷ്ടമായ വ്യക്തിയാണ് താൻ. ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ സ്വന്തം വീടും നഷ്ടമായി. ആ വീട്ടിൽ സന്തോഷത്തോടെയൊന്ന് താമസിക്കാൻപോലും സാധിച്ചിട്ടില്ല. കുടുംബാംഗങ്ങളുടെ വേർപാടിന്റെ വേദന ഇപ്പോഴുമുണ്ട്. സൈബർ അധിക്ഷേപം നടത്തുന്നവർക്ക് എന്റെ വേദനയും മാനസികാവസ്ഥയും മനസ്സിലാവില്ല. അവരെ ബോധ്യപ്പെടുത്താനുമാവില്ല. അനുഭവത്തിൽവന്നാലേ മനസ്സിലാവുള്ളൂവെന്നും സൈബർ അതിക്രമത്തിൽ പരാതിയൊന്നും നൽകാനില്ലെന്നും നൗഫൽ പറഞ്ഞു.

ടൗൺഷിപ്പിലെ വീടിനും വിള്ളൽ കണ്ടപ്പോൾ തനിക്ക് വിഷമമായെന്നും മഴക്കാലത്ത് വീടുചോരുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുഞ്ചിരിമട്ടം സ്വദേശിയായ കെ.ടി. നൗഫലും കുടുംബവും താത്കാലിക പുനരധിവാസത്തിൽ മേപ്പാടി റിപ്പൺ 52-ലാണ് ഇപ്പോൾ താമസിക്കുന്നത്.