നിലമ്പൂർ (മലപ്പുറം): നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വി.എസ്. ജോയിക്ക് വേണ്ടി പിടിമുറുക്കി സ്ഥലം മുൻ എംഎൽഎ പി.വി. അൻവർ. വി.എസ്. ജോയിക്കേ പിന്തുണ നൽകൂ എന്ന തീരുമാനം പി.വി അൻവർ ഔദ്യോ​ഗികമായി നേതാക്കളെ അറിയിച്ചതോടെ കോൺഗ്രസ് സ്ഥാനാർഥി നിർണയം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

To advertise here,

മണ്ഡലത്തിന്റെ ചുമതലയുളള എ.പി. അനിൽ കുമാറുമായി പി.വി. അൻവർ ചർച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണം എന്ന നിലപാട് അൻവർ മുന്നോട്ട് വെച്ചു. മലപ്പുറം ​ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു  കൂടിക്കാഴ്ച. മണ്ഡലത്തിൽ വിജയ സാധ്യത കൂടുതൽ വി.എസ്. ജോയിക്കാണെന്ന് അൻവർ, അനിൽ കുമാറിനെ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺ​ഗ്രസിനെ മുന്നണിയിൽ എടുത്താൽ ഭൂരിപക്ഷം കൂടുമെന്ന കാര്യവും അനിൽ കുമാറിനെ അൻവർ അറിയിച്ചിട്ടുണ്ട്. 

അൻവർ രാജിവെച്ച സമയത്തും വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് അൻവർ അറിയിച്ചിരുന്നു. സ്ഥാനാർഥി ജോയി ആയാൽ വൻ ഭൂരിപക്ഷത്തിൽ വിജയപ്പിച്ചെടുക്കുമെന്നായിരുന്നു അന്ന് അൻവറിന്റെ പ്രഖ്യാപനം. സ്ഥാനാർഥികളാവാൻ തയ്യാറെടുത്ത് വി.എസ്. ജോയിയും ആര്യാടൻ ഷൗക്കത്തും മണ്ഡലത്തിൽ സജീവ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ജോയിക്ക് വേണ്ടി അൻവർ പാർട്ടി നേതാക്കൾക്ക് മുന്നിൽ എത്തുന്നത്. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥിയെ നിർത്താം എന്ന കോൺ​ഗ്രസിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് സ്ഥാനാർഥിയാവാൻ ആര്യാടൻ ഷൗക്കത്തും വി.എസ്. ജോയിയും തമ്മിലുള്ള തർക്കം. പാർട്ടി നേതൃത്വം ഇരുവരുമായും അനുനയ ചർച്ചകൾ നടത്തുന്നതിനിടെയാണ് അൻവർ നിലപാട് നേതാക്കളെ അറിയിക്കുന്നത്.  ഈ തിരഞ്ഞെടുപ്പിൽ വൻ വിജയം മണ്ഡലത്തിൽ നേടുമെന്നും അതിന് ഉതകുന്ന രീതിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം സ്ഥാനാർഥിയെ തിരുമാനിക്കുമെന്നാണ് സ്ഥാനാർത്ഥി തർക്കത്തിൽ എ.പി. അനിൽ കുമാറിന്റെ പ്രതികരണം.