തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിനിടെയുള്ള തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്‌ഐആർ) ജോലിഭാരംകൂട്ടി ജീവനക്കാരെ സമ്മർദത്തിലാക്കിയെന്ന രാഷ്ട്രീയപ്പാർട്ടികളുടെ വാദം ശരിയായി. പ്രശ്നമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറും ആവർത്തിക്കുമ്പോഴും കടകവിരുദ്ധമായാണ് കാര്യങ്ങളെന്ന് കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ ജീവനൊടുക്കൽ ബോധ്യപ്പെടുത്തുന്നു.
തദ്ദേശതിരഞ്ഞെടുപ്പിന്റെ സപ്ലിമെന്ററി വോട്ടർപട്ടിക സംസ്ഥാന കമ്മിഷന് നിശ്ചയിച്ച സമയത്ത് പ്രസിദ്ധീകരിക്കാനായില്ല. നാമനിർദേശപത്രിക നൽകിയവരുടെ കണക്കുപോലും സമയത്തു കിട്ടുന്നില്ല. ഉദ്യോഗസ്ഥരുടെ ജോലിക്കൂടുതലാണ് ഇതിനു കാരണമായി പറയുന്നത്. ബിഎൽഒമാർ അപ്‌ലോഡുചെയ്യുന്ന വോട്ടറുടെ വിവരം പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് തദ്ദേശതിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. പല ഉദ്യോഗസ്ഥരും വരണാധികാരികളാണ്. ഇതൊക്കെയാണ് ജോലിഭാരം കൂടാനുള്ള കാരണം.
തിരഞ്ഞെടുപ്പും എസ്‌ഐആറും ഒന്നിച്ചുനടത്തിയാൽ രണ്ടും അട്ടിമറിക്കപ്പെടുമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) ഡോ. രത്തൻ യു. ഖേൽക്കർ വിളിച്ചുചേർത്ത നാലാമത്തെ യോഗത്തിലും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ ആവർത്തിച്ചത്. എന്യൂമറേഷൻ ഫോറം നൽകി പൂരിപ്പിച്ച് വാങ്ങുന്നതിനും കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിനും സമയം നീട്ടണമെന്നതായിരുന്നു ആവശ്യം.
എന്നാൽ, നിശ്ചയിച്ച സമയക്രമം പാലിച്ച് എസ്‌ഐആർ നടത്താൻ സഹകരിക്കണമെന്ന നിലപാടിലായിരുന്നു സിഇഒ. എന്യൂമറേഷൻ ഫോറം നൽകാനും തിരിച്ചുവാങ്ങാനും ടാർഗെറ്റ് നിശ്ചയിച്ചത് ബിഎൽഒമാരെ അതിസമ്മർദത്തിലാക്കിയെന്നാണ് രാഷ്ട്രീയപ്പാർട്ടികളുടെയും സർവീസ് സംഘടനകളുടെയും ആരോപണം.
നൽകാത്ത ഫോറത്തിന്റെ കണക്കും നൽകിയവയുടെ കൂട്ടത്തിൽ ചേർക്കാൻ സമ്മർദമുണ്ടായെന്ന് കോൺഗ്രസും പരാതിയുന്നയിച്ചു. ഡിസംബർ 30 വരെയങ്കിലും സമയം നീട്ടണമെന്നാണ് സിപിഎം ആവശ്യപ്പെട്ടത്.
ബിഎൽഒമാർ ഇന്ന് ജോലി ബഹിഷ്‌കരിക്കും
തിരുവനന്തപുരം: ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ പ്രതിഷേധവുമായി സർവീസ് സംഘടന.
തിങ്കളാഴ്ച ബിഎൽഒമാരുടെ ജോലി ബഹിഷ്ക്കരിച്ച് പ്രതിഷേധിക്കാൻ ഇടതുസംഘടനകളായ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സും അധ്യാപക-സർവീസ് സംഘടനാ സമരസമിതിയും കോൺഗ്രസ് സംഘടനയായ എൻ ജിഒ അസോസിയേഷനും തീരുമാനിച്ചു. ഇടതുസംഘ ടനകൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെയും ഓഫീസുകളിലേക്ക് പ്രതിഷേധമാർച്ചും സംഘടിപ്പിക്കും.
‘ഞങ്ങളും മനുഷ്യരാണ്’
കോഴിക്കോട്: “ചില വീടിന് രണ്ടും മൂന്നും ഗേറ്റുണ്ടാവും. ബെല്ലടിച്ച് കാത്തുനിൽക്കണം. എന്നാലും ഗേറ്റുതുറക്കാതെ അകത്തിരുന്ന് നിരീക്ഷിക്കും. എന്നിട്ട് പതുക്കെയേ തുറക്കൂ. അത്രനേരം വെയിലുംകൊണ്ടുനിൽക്കണം. ചിലർ വിരട്ടിവിടും. ഞങ്ങളെന്ത് തെറ്റുചെയ്തു?” -തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് നിയോഗിച്ച ബൂത്ത് ലെവർ ഓഫീസർ(ബിഎൽഒ)മാരിലൊരാളുടെ വിലാപമാണ്. പത്തുദിവസമായി ഊണില്ല, ഉറക്കമില്ല, മനസ്സമാധാനം തീരെയില്ല. ഇപ്പോഴിതാ, കൂട്ടത്തിലൊരാൾ ജീവൻ വെടിഞ്ഞതിന്റെ ആഘാതവും.
“പുലർച്ചെ വീട്ടിൽനിന്നിറങ്ങണം. വീടുകയറുന്ന തിരക്കിനിടയ്ക്ക് ഭക്ഷണം മറക്കും. എന്നിട്ട് രാത്രി സ്വന്തം വീട്ടിലെത്തിയാലോ, അവിടെ അടുക്കളയിൽ കിടപ്പുണ്ട് ബാക്കി േജാലി.” -അറുപതുകാരിയായ ബിഎൽഒയുടെ വിഷമസ്വരം. “മൂന്നുതവണ ഒരു വീട്ടിൽ പോയി. മൂന്നുതവണയും ആളില്ല. അങ്ങനെവന്നാൽ ഫോം വീട്ടിൽവെച്ച് പോരാനാണ് നിർദേശം. പക്ഷേ, ധൈര്യംപോരാ. ഫോം കിട്ടാതെവന്നാൽ വീട്ടുകാര് പറയും, ഞങ്ങൾ കൊടുത്തിട്ടില്ലെന്ന്.” -പലരും പങ്കിട്ടു ഇതേ പ്രശ്നം.
അഡ്രസ് കൃത്യമല്ലാത്തതുകൊണ്ട് ചില വീടുകളിൽ ഫോമെത്തിക്കാൻ കഴിയുന്നില്ല. വോട്ടർപട്ടികയിൽ പേരുവന്നില്ലെങ്കിലോ എന്ന പേടിയിൽ ബിഎൽഒമാരുടെ നന്പർ തപ്പിപ്പിടിച്ചുവിളിക്കുന്നവരുണ്ട്. ചിലർ ചീത്തപറയും. എല്ലാം സഹിച്ച് കാലുവെന്ത പട്ടിയെപ്പോലെ ഓടുന്ന ബിഎൽഒമാരെ പട്ടികൾപോലും വെറുതേ വിടുന്നില്ലെന്നതാണ് സത്യം.
“പട്ടിശല്യം ഭയങ്കരമാ. കടിച്ചു, കടിച്ചില്ലാന്നുള്ള മട്ടാ. ഞങ്ങളെ പട്ടികടിച്ചാൽ മക്കൾക്ക് ഞങ്ങളില്ലാതാവും. കളക്ടർമാർക്ക് മീഡിയയുടെ മുന്നിൽപ്പോയി എണ്ണം തികച്ചൂന്ന് പറഞ്ഞാ മതി. കളക്ടറോട് ഞങ്ങളുമായി ഓൺലൈൻ മീറ്റിങ് നടത്താൻ പറ. ഞങ്ങള് പറയാം കാര്യങ്ങൾ. അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കണമെങ്കിൽ ഒരു ദിവസമെങ്കിലും കൂടെവന്നുനോക്കണം. ഞങ്ങളും മനുഷ്യരാണ്, ഓർക്കണം” -പിടിച്ചുനിൽക്കാനാവുന്നതിനും അപ്പുറത്തെത്തിയ ഒരുപാടുപേരുടെ വേദനയാണീ വാക്കുകൾ.
മനുഷ്യസാധ്യമല്ലാത്ത ജോലിയെന്ന് സംഘടനകൾ
തിരുവനന്തപുരം: മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണ് കമ്മിഷനെന്ന് ആക്‌ഷൻ കൗൺസിൽ നേതാക്കളായ എം.വി. ശശിധരനും കെ.പി. ഗോപകുമാറും ആരോപിച്ചു. എസ്‌ഐആറിന്റെ രക്തസാക്ഷിയാണ് അനീഷ് ജോർജെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി.
മനുഷ്യസാധ്യമല്ലാത്ത സമയപരിധിയിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലിസമ്മർദമാണ് അനീഷിന്റെ ആത്മഹത്യക്ക് കാരണമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് പറഞ്ഞു.
കമ്മിഷന്റെ മനുഷ്യത്വരഹിത നിലപാടിനെതിരേ കളക്ടറേറ്റുകളിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലേക്കും പ്രതിഷേധമാർച്ച് നടത്തുമെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് എ.എം. ജാഫർഖാനും ജനറൽ സെക്രട്ടറി എ.പി. സുനിലും പറഞ്ഞു. അനീഷ് ജോർജുമാരെപ്പോലുള്ളവരെ ഇനിയും കൊലയ്ക്കുകൊടുക്കാതെ കേരളത്തിലെ എസ്‌ഐആർ സമയപരിധി അടിയന്തരമായി നീട്ടിവെക്കണമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
അട്ടിമറി ആരോപിച്ച് എൻജിഒ സംഘ്
ബിഎൽഒമാർ മാനസികസമ്മർദത്തിലാണെന്ന് എസ്‌ഐആറിനെ അനുകൂലിക്കുന്ന എൻജിഒ സംഘും അഭിപ്രായപ്പെട്ടു. ബിഎൽഒമാരിൽ അമിതജോലി അടിച്ചേൽപ്പിച്ച് എസ്‌ഐആർ അട്ടിമറിക്കാനുള്ള രാഷ്ട്രീയനീക്കമാണ് ചില ഉദ്യോഗസ്ഥർ നടത്തുന്നതെന്ന് എൻജിഒ സംഘ് സംസ്ഥാനപ്രസിഡന്റ് ജെ. മഹാദേവനും ജനറൽ സെക്രട്ടറി എസ്. രാജേഷും ആരോപിച്ചു.
പരാതി നൽകും
‘മാനസികസമ്മർദം എന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല’ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലാ കളക്ടർമാർക്കും മാനസികസമ്മർദം സംബന്ധിച്ച് പരാതി നൽകാൻ ബിഎൽഒമാർ തീരുമാനിച്ചിട്ടുണ്ട്.
Published: 17 Nov 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented