തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടുപേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത്. ഭക്ഷണത്തിൽനിന്നുള്ള വിഷബാധയല്ല മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മരണകാരണം മറൈൻ ടോക്‌സിൻ ആകാമെന്നാണ് നിഗമനം.

To advertise here,

ഫെബ്രുവരി 16-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിഴിഞ്ഞത്തെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികൾ മരിച്ചതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. കൊല്ലം ചടയമംഗലം നിലമേൽ സ്വദേശികളായ ഷാജി (42), ഭാര്യാമാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്.

വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപം പ്രവർത്തിച്ചിരുന്ന അസ്മാക്ക് ഹോട്ടലിൽനിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഹോട്ടലിൽനിന്ന് ഇറങ്ങിയ ഉടൻതന്നെ കടുത്ത ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണങ്ങൾക്ക് കാരണം എന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇവർ ഭക്ഷണം കഴിച്ച അസ്മാക് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണസാധനവും കണ്ടെത്തിയിട്ടില്ല. ഹോട്ടലിന് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ഹോട്ടലിൽ നിന്നും കുടുംബത്തിലെ എല്ലാവരും മീൻമുട്ട കഴിച്ചിരുന്നു. മീൻമുട്ടയിലുള്ള മറൈൻ ടോക്സിൻ ആകാം ഷാജിയുടെയും റാഷിദ ബീവിയുടെയും മരണത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോർട്ടിലെ നിഗമനം. ഹോട്ടലിലെ അവശേഷിച്ച ഭക്ഷ്യ വസ്തുക്കളും വെള്ളവും പരിശോധിച്ചെങ്കിലും ഇവയിലൊന്നും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ബാക്റ്റീരിയയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

മീൻ എത്തിച്ച തമിഴ്‌നാട്ടിലെ മാർക്കറ്റിലെ സാമ്പിളും പരിശോധിച്ചെങ്കിലും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ഒന്നും കണ്ടെത്തിയില്ല. കുടുംബം കഴിച്ച ഭക്ഷ്യവസ്തുക്കളുടെ സാംപിൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തുടർന്നാണ് മീൻമുട്ടയിലെ മറൈൻ ടോക്സിനാകാം മരണകാരണം എന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നത്.