
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ച സംഭവത്തിൽ മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് പ്രാഥമിക സ്ഥിരീകരണം.
കൊല്ലം ചടയമംഗലം നിലമേൽ സ്വദേശികളായ ഷാജി (42), ഭാര്യാമാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ (39) നിലവിൽ പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സയിലാണ്.
വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന അസ്മാക്ക് ഹോട്ടലിൽനിന്നാണ് ഇവർ കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചത്. ഹോട്ടലിൽനിന്ന് മീൻ, മുട്ട, കൊഞ്ച്, കണവ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് ഇവർ കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്നിറങ്ങിയ ഉടൻ തന്നെ ഇവർക്ക് കടുത്ത ഛർദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഷാജിയുടെ രണ്ട് മക്കൾക്കും കണ്ണൻ എന്ന മറ്റൊരാൾക്കും നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
റാഷിദ ബീവിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പൂർത്തിയായി. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പത്തോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. ഷാജിയുടെ മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് അസ്മാക്ക് ഹോട്ടൽ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ വിശദമായ പരിശോധനകൾ നടന്നുവരികയാണ്. കൂടാതെ, അന്നേദിവസം ഹോട്ടലിൽനിന്ന് മത്സ്യം കഴിച്ച മറ്റുള്ളവരെ നിരീക്ഷിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടക്കാത്തതും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കത്തതും പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
Content Highlights: Tragic food poisoning incident in Vizhinjam, Thiruvananthapuram. A family ate at a hotel, leading to two deaths and one critical. Health department investigates.
Published: 17 Feb 2026, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented