തൃശ്ശൂർ: ‘‘ഞാൻ തൃശ്ശൂരിന്റെയും തിരുവനന്തപുരത്തിന്റെയും മകളാണ്’’-2020-ലെ ലോസ് ആഞ്ജലിസ് സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ ജയിച്ച് സത്യപ്രതിജ്ഞചെയ്ത് നിത്യാ രാമൻ പറഞ്ഞതുകേട്ട് ഓരോ മലയാളിയും അഭിമാനംകൊണ്ടു. ആറു വർഷങ്ങൾക്കിപ്പുറം മേയർസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടി മുന്നേറുമ്പോൾ നിത്യയുടെ വിജയവാർത്തയ്ക്കായി കാത്തിരിക്കുകയാണ് കേരളം. അതിലേറെ ആകാംക്ഷയിൽ തൃശ്ശൂരുകാരും.

To advertise here,

തിരഞ്ഞെടുക്കപ്പെട്ടാൽ ലോസ് ആഞ്ജലിസിലെ, അമേരിക്കൻ മേയറാകുന്ന ആദ്യ ഇന്ത്യക്കാരിയാകും നിത്യ. നിത്യയുടെ അമ്മയുടെ നാടാണ് തൃശ്ശൂർ. തിരുവനന്തപുരം അച്ഛന്റെയും. ഡെമക്രാറ്റ് പാർട്ടി സ്ഥാനാർഥിയാണ് 45 വയസ്സുകാരിയായ ഇവർ. ഇതേ പാർട്ടിയിലെ അംഗവും നിലവിലെ മേയറുമായ കരൻ ബാസ് ആണ് എതിരാളി.

കൊച്ചുമകളുടെ വിജയം കാത്തിരിക്കുകയാണ് പഴയനടക്കാവിലെ ആ വീട്. റിട്ട. പ്രൊഫസറും വടക്കുന്നാഥക്ഷേത്രസമിതി മുൻ പ്രസിഡന്റുമായ ദേവനാരായണനും ഭാര്യ പുഷ്പയുമാണ് അമ്മയുടെ ബന്ധുക്കളായി ഇവിടെയുള്ളത്. ദേവനാരായണന്റെ സഹോദരിയുടെ മകൾ സുധയുടെ മകളാണ് നിത്യാ രാമൻ. ആറു വയസ്സുവരെ മാത്രമേ നിത്യ തൃശ്ശൂരിലുണ്ടായിരുന്നുള്ളൂവെങ്കിലും അക്കാലം ദേവനാരായണൻ തെളിമയോടെ ഓർത്തെടുത്തു.

1981-ൽ ആണ് നിത്യയുടെ ജനനം. അച്ഛൻ വെങ്കിട്ടരാമൻ തിരുവനന്തപുരം കെൽട്രോണിൽ എൻജിനീയറായിരുന്നു. തൃശ്ശൂരിൽ ജനിച്ചെങ്കിലും ആദ്യ രണ്ടരവർഷം തിരുവനന്തപുരത്തായിരുന്നു താമസം. വെങ്കിട്ടരാമൻ ഉന്നതപഠനത്തിന് അമേരിക്കയിലേക്കു പോയ സമയത്താണ് അമ്മയും മകളും തൃശ്ശൂരിലേക്കു വന്നത്. നടനനികേതനത്തിൽ പ്രവർത്തിച്ചിരുന്ന ഭാരതീയവിദ്യാഭവനിലായിരുന്നു എൽ.കെ.ജി.മുതൽ ഒന്നാംക്ലാസുവരെ പഠനം. ആറാംവയസ്സോടെ കുടുംബസമേതം അമേരിക്കയിലേക്കു പോയി. പിന്നെ ബിരുദത്തിനു ശേഷമാണ് കൂടുതൽക്കാലം ഇന്ത്യയിൽ തങ്ങിയത്-നാലുവർഷം.

നൃത്തത്തോടുള്ള ഇഷ്ടമായിരുന്നു കാരണം. ചെന്നൈ കലാക്ഷേത്രയിൽനിന്ന് ഭരതനാട്യം പഠിച്ചെടുത്തു. ഹോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ വാലി ചന്ദ്രശേഖരനുമൊത്തുള്ള 2010-ലെ വിവാഹമാണ് ഇന്ത്യയിൽ നടന്ന മറ്റൊരു മുഹൂർത്തം. ബെംഗളൂരുവിലായിരുന്നു അത്. ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവനക്കാരിയായിരുന്ന അമ്മ സുധ കേച്ചേരി, തൃശ്ശൂർ ശാഖകളിൽ ജോലിചെയ്തിട്ടുണ്ട്. ഏക സഹോദരൻ ആകാശ് രാമൻ ന്യൂയോർക്കിൽ ഫിനാൻഷ്യൽമേഖലയിലാണ്.