തൃശ്ശൂർ: ബ്ലൈൻഡ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത് തീവണ്ടിയിൽ തിരിച്ചുവരുകയായിരുന്ന മലപ്പുറം സ്വദേശിയായ വിദ്യാർഥിയെ (24) യാത്രക്കാരിലാരോ ക്രൂരമായി വഞ്ചിച്ചു. തൃശ്ശൂരിലിറങ്ങേണ്ട വിദ്യാർഥി, തീവണ്ടി നിർത്തിയത് മനസ്സിലാക്കി സ്റ്റേഷൻ എത്തിയോയെന്ന് േചാദിച്ചപ്പോൾ എത്തിയെന്ന് ആരോ മറുപടി പറഞ്ഞു. 100 ശതമാനം കാഴ്ചപരിമിതനായ വിദ്യാർഥി ആ വാക്കു വിശ്വസിച്ചിറങ്ങിയപ്പോൾ ചെന്നുപതിച്ചത് 40 അടി താഴെയുള്ള ചതുപ്പിൽ.

To advertise here,

തൃശ്ശൂർ റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്ററകലെ മിഠായിഗേറ്റിനുസമീപം സിഗ്നൽ കാത്തുകിടന്ന തീവണ്ടി ഉടൻ പുറപ്പെടുകയും ചെയ്തു. മുതുകിൽ ബാഗ് തൂക്കിയിരുന്നതിനാൽ കാര്യമായ പരിക്കേറ്റില്ല. എങ്കിലും എണീക്കാൻ സാധിച്ചില്ല. ചുറ്റും കുറ്റിക്കാടായിരുന്നു. സമീപത്തൊന്നും വീടുകളുമില്ല. അകലെയുള്ള ചെറിയ വാടകവീട്ടിൽ നാമക്കൽ പെരുമത്തിവേലൂർ സ്വദേശിയായ കൂലിപ്പണിക്കാരനായ സതീശൻ (32) താമസിക്കുന്നുണ്ട്. രാവിലെ ആറരയോടെ എണീറ്റ സതീശൻ അകലെ കുറ്റിക്കാട്ടിലൊരു ചെറിയ കരച്ചിൽ കേട്ടു. ആൾപ്പെരുമാറ്റമില്ലാത്തതും ചെറിയ ഇടവുമായ മിഠായിഗേറ്റിനുസമീപം തീവണ്ടിതട്ടി മൃഗങ്ങൾക്ക് പരിക്കേൽക്കാറുണ്ട്. അത്തരത്തിൽ എന്തോ അപകടമാണെന്ന് കരുതി അവിടെയെത്തിയ സതീശൻ കണ്ടത് എഴുന്നേൽക്കാനാകാതെ കിടക്കുന്ന ചെറുപ്പക്കാരനെയാണ്. എഴുന്നേൽപ്പിച്ചിരുത്തി വീട്ടിൽപ്പോയി വെള്ളം കൊണ്ടുവന്നുകൊടുത്തു.

നാട്ടിലെ സഹായിയും സിപിഎം പ്രാദേശികനേതാവുമായ മങ്കുഴി ശിവദാസിനെ ഫോണിൽ ബന്ധപ്പെട്ട് സതീശൻ വിവരം അറിയിച്ചു. ശിവദാസും നാട്ടുകാരും എത്തുമ്പോഴേക്കും സതീശൻ യുവാവിനെ താങ്ങിപ്പിടിച്ച് മുകളിലെത്തിച്ചു. പോലീസിൽ വിവരം അറിയിച്ചു. വിദ്യാർഥി നൽകിയ ഫോൺ നമ്പറിൽ ശിവദാസ് ബന്ധപ്പെട്ടു. യുവാവിനോടൊപ്പമുണ്ടായിരുന്ന ബ്ലൈൻഡ് ഫുട്ബോൾ താരങ്ങൾ തൃശ്ശൂർ സ്റ്റേഷനിലിറങ്ങി യുവാവിനെ കാണാതെ പരിഭ്രാന്തരായി നിൽക്കുകയായിരുന്നു. യുവാവിന് പ്രാഥമിക ചികിത്സ നൽകി സതീശനും ശിവദാസും ചേർന്ന് വാഹനത്തിൽ കയറ്റി കൂട്ടുകാരുടെ അടുത്തെത്തിച്ചു. തിരുവനന്തപുരത്ത് ബ്ലൈൻഡ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തു മടങ്ങവേയാണ് ബിഎഡിനു പഠിക്കുന്ന വിദ്യാർഥി തീവണ്ടിയിൽനിന്നു വീണത്.

തീവണ്ടിയിൽനിന്നുവീണപ്പോൾ നഷ്ടപ്പെട്ട റെയിൽവേ പാസും മറ്റു രേഖകളും റെയിൽവേ പോലീസിൽനിന്നുവാങ്ങി യുവാവിന് അയച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ് സതീശനും ശിവദാസും.