കാവാലം (ആലപ്പുഴ): പാടശേഖരസമിതി യോഗത്തിനിടെ കൃഷിഭവനില്‍ പാമ്പിനെക്കണ്ടത് ഉദ്യോഗസ്ഥരെയും കര്‍ഷകരെയും പരിഭ്രാന്തിയിലാക്കി. കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് കൃഷിഭവനില്‍നിന്ന് ഇറങ്ങിയോടിയും മേശപ്പുറത്തു കയറിയും. നീലംപേരൂര്‍ കൃഷിഭവനില്‍ വെള്ളിയാഴ്ച ഉച്ചയോടെ കോഴിച്ചാല്‍ വടക്ക് പാടശേഖരത്തിന്റെ യോഗം നടക്കുന്നതിനിടെയായിരുന്നു സംഭവം.

To advertise here,

ചെരിപ്പിലൂടെ എന്തോ ഇഴയുന്നതു ശ്രദ്ധിച്ച കര്‍ഷകനാണ് അണലിയെ കണ്ടത്. പരിഭ്രാന്തിയിലായ കര്‍ഷകര്‍ പെട്ടെന്ന് ഇറങ്ങിയോടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഇറങ്ങിയോടാനുള്ള സാവകാശം ഇല്ലാതിരുന്നതിനാല്‍ കടിയേല്‍ക്കാതെ രക്ഷപെടുന്നതിന് മേശപ്പുറത്തും ചാടിക്കയറി.

സ്ഥിരമായി പാമ്പിന്റെ ശല്യം ഉണ്ടാകാറുള്ള കൃഷിഭവനില്‍ അടുത്തിടെ മൂര്‍ഖന്‍ പാമ്പിനെ കണ്ടിരുന്നു. ഓഫീസിനുള്ളില്‍ കയറിയ പൂച്ച മൂര്‍ഖന്‍പാമ്പുമായി ഏറ്റുമുട്ടുകയായിരുന്നു. ചീറ്റുന്ന ശബ്ദംകേട്ട് എത്തിയ ജീവനക്കാരാണ് പാമ്പിനെ കണ്ടത്.

ഇവര്‍ പുറത്തേക്ക് ഇറക്കിവിടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പിനെ കാണാതായി. ഇതിനെത്തുടര്‍ന്ന്, ഏതാനും ദിവസം കൃഷിഭവന്റെ പ്രവര്‍ത്തനം പഞ്ചായത്ത് ഓഫീസിലേക്കു മാറ്റിയിരുന്നു.