തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിനെതിരെ എം. വിന്‍സെന്റ് എം.എല്‍.എ. സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കവേ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

To advertise here,

സപ്ലൈകോ  ഔട്ട്ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്ലെറ്റുകള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്നുതന്നെ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ നേരിട്ട് സന്ദര്‍ശിച്ച മാധ്യമങ്ങള്‍ 13 സാധനങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കുുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളും പുറത്തുവിട്ടു. 

തുടര്‍ന്ന് മന്ത്രിതന്നെ അവശ്യസാധനങ്ങള്‍ മുഴുവന്‍ ലഭ്യമല്ലെന്നും ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് മന്ത്രിസഭയില്‍ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെടുന്നതാണെന്ന് എം. വിന്‍സെന്റ് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. 

ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യം സഭാതലത്തില്‍ പറഞ്ഞ് സഭയെയും സാമാജികരെയും മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതിനു ശ്രമിച്ചതിലൂടെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ്മന്ത്രി നിയമസഭാ അംഗമെന്ന നിലയില്‍ തന്റെയും നിയമസഭയുടെയും സഭാംഗങ്ങളുടെയും പ്രത്യേക അവകാശങ്ങള്‍ ലംഘിച്ചു. കേരള നിയമസഭയുടെ  നടപടിക്രമവും കീഴ്‌വഴക്കങ്ങളും സംബന്ധിച്ച ചട്ടം 154 പ്രകാരം മന്ത്രി ജി.ആര്‍. അനിലിനെതിരേ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നും എം. വിന്‍സെന്റ് അവകാശ ലംഘന നോട്ടീസിൽ ആവശ്യപ്പെടുന്നു.