തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്റെ അവസാനദിവസവും നിയമസഭയിൽ ശബരിമല സ്വർണക്കൊള്ളയും തന്ത്രിയുടെ അറസ്റ്റും കത്തിനിന്നു. പ്രതിഷേധത്തിനൊടുവിൽ സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം, ഭരണപക്ഷത്തെ ചിലർക്കെങ്കിലും കൈകൊടുത്തു, റ്റാാറ്റാ പറഞ്ഞു. സഭയിൽ അഞ്ചുകൊല്ലം നടത്തിയ പോർവിളി ഇരുകൂട്ടരും ഇത്തിരിനേരം മറന്നു. കെ.കെ. രമ ഭരണപക്ഷത്തെ നോക്കിപ്പറഞ്ഞു: ''ഓൾ ദ ബെസ്റ്റ്.'' അടുത്ത സഭയിൽ ആരെയൊക്കെ കാണാമെന്ന് ഒരുറപ്പുമില്ലാതെ എല്ലാവരും സഭവിട്ടു.
പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ ചോദ്യോത്തരവള സ്പീക്കർ റദ്ദാക്കി. മാർച്ച് 26 വരെ ചേരാനിരുന്ന സമ്മേളനം ഗില്ലറ്റിൻ ചെയ്ത് ധനകാര്യത്തിന്റേതടക്കം വിവിധബില്ലുകളും ധനാഭ്യർഥനകളും ചർച്ചയില്ലാതെ പാസാക്കിയാണ് സമ്മേളനം അവസാനിപ്പിച്ചത്. ഇനി ഈ സർക്കാരിന്റെ കാലത്ത് സമ്മേളനമില്ല. സമ്മേളനം അവസാനിച്ചതായി ഗവർണറെ അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
അവസാനസമ്മേളനത്തിന് ആദ്യബെൽ മുഴങ്ങുമ്പോൾ പ്രതിപക്ഷനിര ശൂന്യമായിരുന്നു. രണ്ടാമത്തെ ബെല്ലിനു തൊട്ടുമുൻപ് ബാനറും പ്ലക്കാർഡുമായി ഒന്നിച്ചെത്തിയ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി സ്പീക്കറുടെ ഡയസിന് അടുത്തെത്തി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷസമരം ചൊവ്വാഴ്ചയും തുടരുകയാണെന്ന് പ്രതിപക്ഷനേതാവിന്റെ റോളിലായിരുന്ന കെ. ബാബു പറഞ്ഞു. പ്രതിപക്ഷം തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തെന്ന മന്ത്രിമാരുടെ ആരോപണം ബാബു തള്ളി. 'അമ്പലക്കൊള്ളക്കാർക്ക് കേരളം മാപ്പുനൽകില്ലെ'ന്ന ബാനർ സ്പീക്കർക്കുമുന്നിൽ ഉയർത്തിയതോടെ സഭ വീണ്ടും ബഹളത്തിലമർന്നു.
അഞ്ചുകൊല്ലമായിട്ടും ഒരു മന്ത്രിക്കെതിരേയെങ്കിലും അഴിമിതിയാരോപണം ഉന്നയിക്കാനോ അവിശ്വാസം കൊണ്ടുവരാനോ പ്രതിപക്ഷത്തിന് അവസരമുണ്ടായില്ലെന്ന് സമരത്തെ വിമർശിച്ച് മന്ത്രി പി. രാജീവ് പറഞ്ഞു. ബാനറുമായി നടുത്തളത്തിൽ (വെൽ) സ്ഥിരതാമസമാക്കിയ പ്രതിപക്ഷത്തെ ജനം ആഴക്കിണറ്റിൽ എറിയുമെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു.
മുൻ അംഗം എം. മുരളിയുടെ ചരമോപചാരത്തിന് പ്രതിപക്ഷം ശാന്തരായി സീറ്റിലേക്കു മടങ്ങി. പിന്നീടും ബഹളം തുടർന്നു, സഭ വിട്ടു. 2021 മേയ് 24-ന് ആദ്യ സമ്മേളനം തുടങ്ങിയ സഭ അവസാനിച്ചത് പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തോടെയാണ്.
Content Highlights: Kerala Assembly concludes amid uproar over Sabarimala gold scam. Opposition protests, finally exiting after heated debates. Learn more!
Published: 25 Feb 2026, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented