തിരുവനന്തപുരം: നിയമസഭയിൽ ഉപകരണ പ്രതിസന്ധി ഉന്നയിച്ച് പ്രതിപക്ഷം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫണ്ടില്ലായ്മയും ഉപകരണങ്ങളുടെ കുറവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്നും മുൻ സർക്കാരുകളേക്കാൾ സൗജന്യ ചികിത്സയും ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫണ്ടും പലമടങ്ങ് വർധിപ്പിച്ചുവെന്നും മന്ത്രി വീണാ ജോർജ് മറുപടിയിൽ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ സാധാരണ രോഗികളിൽ നിന്ന് പണം വാങ്ങേണ്ട അവസ്ഥയുണ്ടെന്ന തരത്തിൽ വകുപ്പ് മേധാവി ഡോ. ഹാരിസ് നടത്തിയ പരാമർശവും ഇതിന് പുറമെ, ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും എക്സ്റേ ഫിലിമിന്റെയും ദൗർലഭ്യം സംബന്ധിച്ച വാർത്തകളും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. സാധാരണ രോഗികൾക്ക് അവശ്യ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ചോദ്യമുയർന്നു.
ആരോപണങ്ങൾക്ക് മറുപടിയായി, മുൻ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തെയും ഫണ്ട് വിനിയോഗം മന്ത്രി താരതമ്യം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ വാങ്ങാൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് (2011-2016) 15.64 കോടി രൂപ ചെലവഴിച്ചപ്പോൾ, ഒന്നാം പിണറായി വിജയൻ സർക്കാർ 41.84 കോടി രൂപ ചെലവഴിച്ചു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലയളവിൽ കിഫ്ബിയിൽ നിന്നുള്ള 43 കോടി രൂപ ഉൾപ്പെടെ 80.66 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിൽ സ്പെക്ട് സ്കാൻ പോലുള്ള ആധുനിക ഉപകരണങ്ങളും ഉൾപ്പെടുന്നു. യൂറോളജി വിഭാഗത്തിൽ മാത്രം, 2011-16 കാലയളവിൽ 26.90 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വാങ്ങിയപ്പോൾ, 2018 മുതൽ 2024 വരെയുള്ള കാലയളവിൽ 2.5 കോടിയിലധികം രൂപയുടെ ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2015-16ൽ സർക്കാർ ആശുപത്രികളിലെ ഒപി രജിസ്ട്രേഷൻ 8 കോടി ആയിരുന്നെങ്കിൽ, ഇപ്പോഴത് 13 കോടിയായി ഉയർന്നു. ഇത് ജനസംഖ്യാ വർധന കൊണ്ടല്ല, മറിച്ച് സർക്കാർ സംവിധാനത്തിലുള്ള വിശ്വാസം വർധിച്ചതുകൊണ്ടാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി
ഒരു സർക്കാർ സംവിധാനത്തിൽ സ്വകാര്യ മേഖലയിലേതുപോലെ എളുപ്പത്തിൽ ഉപകരണങ്ങൾ വാങ്ങാൻ കഴിയില്ല, അതിന് നടപടിക്രമങ്ങളുണ്ട്. ഈ നടപടിക്രമങ്ങളിലെ കാലതാമസമാണ് ഉദ്ദേശിച്ചതെന്ന് സിസ്റ്റത്തിലെ തകരാർ എന്ന നിലയിൽ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. ആശുപത്രി സൂപ്രണ്ടുമാർക്ക് ഉപകരണങ്ങൾ വാങ്ങാൻ ചെലവഴിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇത് അപര്യാപ്തമായതിനാൽ ഈ തുക ഉയർത്തുന്നതുപോലുള്ള കാലോചിതമായ മാറ്റങ്ങൾ സംവിധാനത്തിൽ കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി സമ്മതിച്ചു
2015-16 യുഡിഎഫ് സർക്കാരിന്റെ അവസാന കാലയളവിൽ 114 കോടി രൂപയാണ് ഇൻഷുറൻസ് തുകയായി അനുവദിച്ചത്. 2024-25 സാമ്പത്തികവർഷം 1498.5 കോടി രൂപയാണ് ഇൻഷുറൻസ് ഇനത്തിൽ ഈ സർക്കാർ ചെലവഴിച്ചത്. കഴിഞ്ഞ നാലുവർഷത്തിനിടയിൽ 7408 കോടി രൂപയാണ് ഈ സർക്കാർ സൗജന്യ ചികിത്സയ്ക്ക് ചെലവഴിച്ചത്. ഇൻഷുറൻസ് തുക സംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
കേരളത്തിലെ ജനങ്ങളുടെ ചികിത്സാ ചെലവ് (Out-of-pocket expenditure) ഗണ്യമായി കുറയ്ക്കാൻ സാധിച്ചുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫീസിന്റെ (NSSO) കണക്കുകൾ നിരത്തി മന്ത്രി അവകാശപ്പെട്ടു. 2016ൽ ഗ്രാമീണ മേഖലയിൽ 17054 നഗരമേഖലയിൽ 23123 രൂപയുമായിരുന്നു. 2024 ലെ റിപ്പോർട്ട് പ്രകാരം ഇത് ഗ്രാമീണ മേഖലയിൽ 10929 ആയും നഗരമേഖലയിൽ 13140 രൂപയായും കുറഞ്ഞു. മന്ത്രി കൂട്ടിച്ചേർത്തു.
കരൾ മാറ്റിവയ്ക്കൽ, ഹൃദയം മാറ്റിവയ്ക്കൽ, മജ്ജ മാറ്റിവയ്ക്കൽ തുടങ്ങിയ സങ്കീർണമായ ശസ്ത്രക്രിയകൾ സർക്കാർ ആശുപത്രികളിൽ വിജയകരമായി നടപ്പാക്കുന്നുണ്ട്. സ്വകാര്യ മേഖലയിൽ 40-45 ലക്ഷം രൂപ ചെലവ് വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നടത്തുന്നതിലൂടെ സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകാൻ സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി നിരവധി പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ കൊടുക്കുന്നുവെന്നു പറയുമ്പോഴും പല ആശുപത്രികളും ഇത് നിഷേധിക്കുകയാണ്. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് ഉള്ള കേരളത്തിലെ വിവിധ ആശുപത്രികളിൽ 1500 കോടിയോളം രൂപ സർക്കാർ കുടിശ്ശിക തുകയായി നൽകാനുണ്ടെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. നാലുവർഷത്തിനിടയിൽ 7408 കോടി രൂപ ഇൻഷുറൻസ് ഇനത്തിൽ ചെലവഴിച്ചതായും കഴിഞ്ഞ ദിവസം 92 കോടി രൂപ അനുവദിച്ചതായും ശേഷിക്കുന്ന തുക അനുവദിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും മന്ത്രി മറുപടി നൽകി.
Content Highlights: Opposition raises concerns about healthcare system flaws and equipment shortages in Kerala Assembly.
Published: 16 Sept 2025, 10:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented