വെമ്പായം: തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റ സംഭവത്തിൽ പാർക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ. മാനേജ്‌മെന്റിന്റെ സുരക്ഷാവീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് അപകടത്തിന് കാരണമെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവരും നാട്ടുകാരും ആരോപിച്ചു.
അവധിക്കാലമായതിനാൽ നിരവധി സന്ദർശകർ എത്തിയ സമയത്താണ് ഏകദേശം 20 അടിയോളം ഉയരമുള്ള റൈഡ് പൊട്ടിവീണത്. അപകടസമയത്ത് റൈഡിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
റൈഡ് പ്രവർത്തിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ കുലുങ്ങുകയും പെട്ടെന്ന് ഒരു വശത്തേക്ക് ചരിഞ്ഞ് താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റ് ചികിത്സയിലുള്ളവർ പറഞ്ഞു. റൈഡ് താങ്ങിനിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം അടർന്നുമാറുകയും വെൽഡിങ്ങിലെ തകരാർ മൂലം ക്ലാമ്പുകൾ ഒടിയുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടം സംഭവിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും പാർക്ക് അധികൃതർ ആരും പരിക്കേറ്റവരെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ എത്തിയില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. പാർക്കിൽ ആംബുലൻസ് സൗകര്യം പോലും ലഭ്യമായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റവരെ പാർക്കിലെ ഒരു ഓമിനി വാനിലും മറ്റുള്ളവരെ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഇവർ പറഞ്ഞു.
മാനേജ്‌മെന്റിന്റെ ആളുകളോ ഉത്തരവാദപ്പെട്ട മറ്റാരെങ്കിലുമോ സ്ഥലത്തെത്തി കാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പ്രതിഷേധിച്ചതിന് ശേഷമാണ് പാർക്കിലുണ്ടായിരുന്ന മറ്റ് ആളുകളെ പാർക്കിൽനിന്ന് ഒഴിപ്പിക്കാൻപോലും അധികൃതർ തയ്യാറായതെന്നും ആരോപണമുണ്ട്.
ബലമില്ലാത്ത കട്ടികുറഞ്ഞ വസ്തു ഉപയോഗിച്ചാണ് ഇത്രയും വലിയ റൈഡ് നിർമിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇത്തരം ബലഹീനമായ നിർമിതികൾക്ക് എങ്ങനെ സുരക്ഷാ സർട്ടിഫിക്കറ്റും ലൈസൻസും ലഭിച്ചുവെന്നത് ദുരൂഹമാണെന്നും ഇവർ പറഞ്ഞു.
മുമ്പും ഈ പാർക്കിൽ സുരക്ഷാവീഴ്ച മൂലം അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ആറുമാസം മുമ്പ് സ്വിമ്മിങ് പൂളിൽ വീണ് ഒരു കുട്ടി മരണപ്പെട്ടിരുന്നതായും അന്ന് അന്വേഷണം നടന്നുവെങ്കിലും കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ മാനേജ്‌മെന്റ് ശ്രദ്ധിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. മാനേജ്‌മെന്റിന്റെ അനാസ്ഥക്കെതിരെ ശക്തമായ നിയമനടപടികൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Content Highlights: 26 people injured, including children, in a ride collapse at Vembayam amusement park., Management failed to provide basic medical assistance or ambulance services., Injured victims allegedly transported in a waste collection vehicle., Reports indicate structural failure due to substandard materials and welding issues., History of safety lapses at the venue, including a previous fatal incident.
Published: 28 May 2026, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented