തൃശ്ശൂർ: കയ്പമംഗലം ദേശീയപാതയിൽ കോളേജ് വിദ്യാർഥികളടക്കം എട്ടുപേരുടെ ദാരുണമായ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം അമിതവേഗതയും അപകടകരമായ അനധികൃത പാർക്കിങ്ങുമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ, ശാസ്ത്രീയമായ പഠനവും വിലയിരുത്തലുകളും നടത്തുമെന്ന് അറിയിച്ചു. ദേശീയപാതയിലെ ഡിവൈഡറുകൾ മറയ്ക്കുന്ന രീതിയിൽ ചരക്കുലോറി അലക്ഷ്യമായി നിർത്തിയിട്ടതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പ് പ്രാഥമികമായി വിലയിരുത്തുന്നത്.

To advertise here,

വാഹനാപകടത്തിന് പ്രധാന കാരണം വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടതാണെന്ന് മന്ത്രി ഒ. ജെ. ജനീഷും മാധ്യമങ്ങളോട് വ്യക്തമാക്കി. ഹൈവേയിൽ വേണ്ടത്ര വെളിച്ചമില്ലാത്തതും, പലയിടങ്ങളിലും സൈൻ ബോർഡുകളുടെ അഭാവവും അപകടത്തിന് കാരണമായി. നാഷണൽ ഹൈവേ കടന്നുപോകുന്ന ജനപ്രതിനിധികളും, ജില്ലാ കളക്ടറും, എസ്.പിയും പങ്കെടുത്ത യോഗങ്ങളിൽ ഹൈവേയിൽ സൈൻ ബോർഡുകളും മുന്നറിയിപ്പ് സംവിധാനങ്ങളും ഇല്ലാത്ത സ്ഥലങ്ങൾ കണ്ടെത്തി അവ നടപ്പാക്കാൻ മുൻപ് തന്നെ കർശന നിർദേശം നൽകിയിരുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ അപകടം സംഭവിച്ച സ്ഥലം നേരത്തെ കണ്ടെത്തിയ ബ്ലാക്ക് സ്പോട്ടുകളിൽപ്പെട്ടതല്ലെങ്കിലും പാർക്കിങ് അനുമതിയില്ലാത്ത ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ നിയമവിരുദ്ധമായി നിർത്തിയിടുന്നത് അപകടത്തിന്റെ വ്യാപ്തി ഇരട്ടിയാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ 12 മണിയോടെ കയ്പമംഗലം ദേശീയപാതയിലെ പനമ്പിക്കുന്ന് സെന്ററിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഉള്ളിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കയറ്റം കയറി ഇറങ്ങുന്ന സ്ട്രൈറ്റ് റോഡിൽ നല്ല വേഗതയിലാണ് കാർ വന്നിരുന്നത്. റോഡ് നിർമ്മാണവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ചരക്കുലോറിയും മറ്റ് രണ്ട് ലോറികളും ഏറെ നേരമായി ഇവിടെ അനധികൃതമായി പാർക്ക് ചെയ്തിട്ടിരിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലോറി പാർക്ക് ചെയ്തിരിക്കുന്നതിന്‍റെ യാതൊരുവിധ സൂചനകളും ഉണ്ടായിരുന്നില്ല. വേഗതയിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഭീകരമായ ശബ്ദം കേട്ടാണ് പ്രദേശവാസികൾ അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. ആറുപേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ബാക്കി രണ്ടുപേരെ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടസമയത്ത് ലോറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ നാട്ടുകാരാണ് വിളിച്ചുണർത്തിയത്. തുടർന്ന് ഇയാൾ വണ്ടി അവിടുന്ന് മാറ്റിയിട്ട ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നിർമ്മാണം നടക്കുന്ന ദേശീയപാതകളുടെ വശങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ വാഹനങ്ങൾ നിർത്തിയിടുന്നത് രാത്രിയാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എട്ട് മനുഷ്യജീവനുകൾ പൊലിഞ്ഞ ഈ സാഹചര്യത്തിൽ, റോഡരികിലെ അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

അപകടത്തിൽ മരിച്ച ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മധുര മേലൂർ സതീവപുരം സ്വദേശിയായ സന്തോഷ് ജി (20), മധുര വിരഗനൂർ സ്വദേശിയായ പ്രസന്ന ആർ (20), സേലം സ്വദേശിയായ വിശ്വ വി (20), ഡിണ്ടികൽ അടിയനൂത്ത് സ്വദേശിയായ സൂര്യ ഐ (20), ഒറ്റൻഛത്രം സ്വദേശിയായ യുവസഞ്ജിത് കെ (21), ഡിണ്ടികൽ സ്വദേശിയായ ജോഷ്വ (20) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ടുപേരെ കൂടി തിരിച്ചറിയാനുണ്ട്.