ആലപ്പുഴ: സി.പി.എം. വേദികളിൽ തനിക്കെതിരേ ഉയർന്ന വിമർശനങ്ങളിൽ മനഃപ്രയാസമില്ലെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘വള്ളം മുങ്ങാൻപോകുമ്പോൾ വൃദ്ധയെ പിടിച്ച് വെള്ളത്തിലിടുംപോലെ’യാണിതെന്ന് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം ‘മാതൃഭൂമി’യോടു പറഞ്ഞു. 

To advertise here,

താൻ മുസ്‌ലിങ്ങളെയല്ല, മുസ്‌ലിം ലീഗിനെയാണു വിമർശിച്ചത്. അവർ മതേതരപാർട്ടിയല്ലെന്നു പറഞ്ഞു. സി.പി.എമ്മിന് അതു പറയാൻ കഴിയുന്നില്ല. ലീഗും കേരള കോൺഗ്രസും ഒരുപോലെയാണ്. അവർ മത്സരിപ്പിക്കുന്ന സ്ഥാനാർഥികൾ ആരൊക്കെയാണ്. അവർ മന്ത്രിമാരാക്കുന്നത് ആരെയാണ്. മന്ത്രിമാരുടെ ഓഫീസുകളിലും പാർട്ടിക്കായി വാങ്ങിയെടുക്കുന്ന ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിലും ആരാണ്. അതിൽപ്പോലും മതേതരത്വം പാലിക്കുന്നുണ്ടോ. ലീഗും കേരള കോൺഗ്രസും മതപ്പാർട്ടിയാണ്, മതേതരപാർട്ടികളല്ലെന്ന് ഇതെല്ലാം നോക്കിയാൽ വ്യക്തമല്ലേ. ഇതൊന്നും സി.പി.എം. കാണുന്നില്ല.

ന്യൂനപക്ഷങ്ങൾക്ക് എൽ.ഡി.എഫ്. സർക്കാർ വാരിക്കോരി നൽകി. കാന്തപുരത്തിന് എയ്ഡഡ് കോളേജു നൽകി. ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കി. ഭൂരിപക്ഷ സമുദായക്കാർക്ക് ഒന്നും നൽകിയില്ല. എന്നിട്ടും ന്യൂനപക്ഷങ്ങൾ വോട്ടു ചെയ്തോ. അമ്പലപ്പുഴയിൽ ശക്തനായ എച്ച്. സലാമിനുപോലും മുസ്‌ലിം സമുദായത്തിലുള്ളവർ വോട്ടു ചെയ്തില്ല. സി.പി.എം. നിർത്തിയ മുസ്‌ലിം-ക്രിസ്ത്യൻ സ്ഥാനാർഥികളുടെയെല്ലാം അവസ്ഥ ഇതല്ലേ.

ശബരിമല സ്ത്രീപ്രവേശ വിഷയത്തിൽ 2021-ൽ അമ്പേ തകർന്നുപോയ എൽ.ഡി.എഫിനൊപ്പം തങ്ങളുണ്ടായിരുന്നു. അന്ന് എൽ.ഡി.എഫ് വൻഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ എസ്.എൻ.ഡി.പി.ക്കാരെ അനുമോദിച്ചോ, നന്ദിപറഞ്ഞോ. അതുകൊണ്ടുതന്നെ ഇപ്പോൾ വിമർശിക്കുന്നതിലും വിഷമമില്ല. താൻ കമ്യൂണിസ്റ്റ് പാർട്ടി അംഗമല്ല. പക്ഷേ, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനാണ്. സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരെയെല്ലാം ഒരേ രീതിയിലാണ് സംഘടനാ നേതൃത്വം കാണുന്നത്. സമുദായത്തിന്റെ കാര്യങ്ങളും സാമൂഹികസത്യങ്ങളും ഉച്ചത്തിൽ പറയും. അതിന് ആരും പരിഭവിച്ചിട്ടു കാര്യമില്ല. എസ്.എൻ.ഡി.പി.യോഗത്തെ ഒരു പാർട്ടിയും വാലായും ചൂലായും കാണേണ്ടതുമില്ല.

കോടിയേരി ബാലകൃഷ്ണനെപ്പോലെ ഒരാളുടെ അസാന്നിധ്യം സി.പി.എമ്മിന്റെ അപചയത്തിനു കാരണമാണ്. വടക്കുനിന്നുപോലും എത്രപേരാണ് പാർട്ടി വിട്ടുപോയത്. സി.പി.എം. അവരുടെ മുഖം കണ്ണാടിയിലൂടെ പോലും കാണുന്നില്ല. അതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നു തോന്നുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.