തിരുവനന്തപുരം: വൈകല്യങ്ങളെ അതിജീവിച്ചു ആത്മാഭിമാനത്തോടെ സ്വതന്ത്രമായി ജീവിക്കാൻ വ്യക്തികളെ പ്രാപ്തമാക്കുന്നതിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ ചെയ്യുന്ന സേവനം വിലമതിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കേരളാ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച ലോക ഒക്യുപ്പേഷണൽ തെറാപ്പി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരോഗ്യമന്ത്രി.

To advertise here,

ആരോഗ്യ പരിചരണ വിജയത്തിന് രോഗമുക്തി മാത്രമല്ല, സ്വാതന്ത്ര ജീവിതം സാധ്യമാണോ എന്നതും അനിവാര്യമാണ്. ജില്ലാ ആശുപത്രികളിൽ തെറാപ്പിസ്റ്റിന്റെ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകി. ഇതിനായി ആശുപത്രികളിൽ തസ്തിക സൃഷ്ടിക്കും. ആരോഗ്യമേഖലയിൽ സാമ്പത്തിക പ്രതിസന്ധി തടസമാകില്ല. ഭിന്നശേഷിക്കാരായ കുട്ടികൾ, വിവിധ ആരോഗ്യ അവസ്ഥയിലൂടെ കടന്നു പോകുന്ന വ്യക്തികൾ എന്നിവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും കെ. മുരളീധരൻ പറഞ്ഞു.

ഒക്യുപേഷണൽ തെറാപ്പി ഇൻ ദ എൻ.ഐ.സി.യു: ബ്രിഡ്ജിങ് ന്യൂറോസയൻസ് ആൻഡ് ക്ലിനിക്കൽ പ്രാക്ടീസ് എന്ന വിഷയത്തിൽ കിംസ് ഹെൽത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. നവിൻ ജയിൻ, മൂവ് ആൻഡ് ഗ്രോ സ്ഥാപക ഡോ. ഗീതാ എം. അറോറ എന്നിവർ ശില്പശാല നയിച്ചു. നൂറ്റമ്പതിലേറെ പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു.

'പാർട്ടിസിപ്പെഷൻ മറ്റേഴ്സ്' എന്നതാണ് ഇത്തവണത്തെ ഒക്യുപേഷണൽ ദിനചാരണത്തിന്റെ പ്രമേയം. ചടങ്ങിൽ വിവിധ സർവകലാശാലകളിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രൊഫഷണൽ എക്‌സലൻസ് പുരസ്‌കാരം ഡോ. ജോസഫ് സണ്ണിക്ക് മന്ത്രി കെ. മുരളീധരൻ സമ്മാനിച്ചു.

കേരളാ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ ഫൗണ്ടർ ഡോ.മേരി ഫിലിപ്, സെക്രട്ടറി ഡോ.സി. സ്മൃതി ജോസ്, ഓണററി സെക്രട്ടറി ഡോ. ജോസഫ് സണ്ണി എന്നിവർ സംസാരിച്ചു.