കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ  പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടർന്നേക്കുമെന്ന് സൂചന. എംആർഐ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാൽ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നും മെഡിക്കൽ ബോർഡ് യോഗത്തിനുശേഷം ഡോക്ടർമാർ അറിയിച്ചു.

To advertise here,

കഴുത്തിനേറ്റ ക്ഷതം കാരണം കൈകൾക്ക് വേദനയുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും വേദന നിലനിൽക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രി ഇന്നും ആശുപത്രിയിൽ തുടർന്നേക്കുമെന്നാണ് സൂചന. മന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഉച്ചയോടെ ആശുപത്രി പുറത്തിറക്കും.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു. പ്രവർത്തകരുടെ കരിങ്കൊടിപ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റത്. ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും പിന്നീട്‌ വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ ­കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തു. വധശ്രമത്തിനാണ്‌ കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ബുധനാഴ്ച രാവിലെമുതൽ ജില്ലയിൽ വിവിധസ്ഥലങ്ങളിൽ ആരോഗ്യമന്ത്രിയെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടികാണിച്ചിരുന്നു. റെയിൽവേ സ്റ്റേഷനുമുന്നിൽ പ്രതിഷേധിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി.എം. നേതാക്കൾ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിക്കണ്ടു. മന്ത്രിക്കെതിരായ അക്രമത്തിനെതിരേ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.