തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാജോർജിനെ കെ.എസ്.യു. പ്രവർത്തകർ ആയുധംകൊണ്ട് ആക്രമിച്ചെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ഉന്തിലുംതള്ളിലും നടക്കാനാവാത്തവണ്ണം അവശയായ മന്ത്രിയെ ആശുപത്രിയിലെത്തിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

To advertise here,

എന്നാൽ, മന്ത്രിയെ കൈയേറ്റം ചെയ്തെന്നും ആക്രമിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്നുമാണ് സ്പീക്കർ സംഭവദിവസംപറഞ്ഞത്. മന്ത്രിയെ ആക്രമിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്നാരോപിച്ചാണ് കേസെടുത്തതും. എന്നാൽ, മന്ത്രി പിന്നീട് നൽകിയ മൊഴിയിൽ ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്ന് വ്യക്തമാക്കി.

‘‘മന്ത്രിയെ ആശുപത്രിയിലാക്കാനുള്ള കടമയാണ് നിർവഹിച്ചത്. മുഖ്യമന്ത്രിയെയും അറിയിച്ചു. വനിതാ മന്ത്രിക്കെതിരേ പ്രതിഷേധിക്കാൻ ആണുങ്ങൾമാത്രം വന്നത് ശരിയായ രീതിയല്ല. സമരത്തിനുവന്നാൽ ജയിലിൽ കിടക്കേണ്ടിവരും. ജയിലിൽപ്പോയത് മഹാപരാധമായി ചിത്രീകരിക്കുകയാണിപ്പോൾ’’ -സ്പീക്കർ പറഞ്ഞു.

മുൻപ്‌ പറഞ്ഞത് മാറ്റിപ്പറയുമ്പോൾ ആദ്യം പറഞ്ഞതെല്ലാം ചാനലിൽ ഉണ്ടെന്നത് സ്പീക്കർ മറക്കരുതായിരുന്നെന്ന് കെ. മുരളീധരൻ പരിഹസിച്ചു.