
പത്തനംതിട്ട: പതുങ്ങിയിരുന്ന് ഇരയെ കാണുമ്പോൾ ആക്രമണം നടത്തുന്നതുപോലെയായിരുന്നു കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ കെഎസ്‌യു പ്രതിഷേധമെന്ന് മന്ത്രി വീണാ ജോർജ്. ജനപ്രതിനിധിയും മന്ത്രിയും സ്ത്രീയുമായ തന്റെ നേരെ പ്രതിഷേധക്കാർ കുതിച്ചെത്തി. അപ്പോൾ തന്നെ അവരുടെ ഉദ്ദേശം വ്യക്തമാണെന്നും മന്ത്രി മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കെഎസ്‌യു പ്രതിഷേധത്തിന് പിന്നാലെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട മന്ത്രി വീണാ ജോർജ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
'കണ്ണൂരിൽ സ്വപ്‌നപദ്ധതിയായ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തുന്ന ചടങ്ങിനാണ് എത്തിയത്. പിന്നീട്, കണ്ണൂരിലെ മലയോരമേഖലയായ പെരിങ്ങോമിലെ കെട്ടിടഉദ്ഘാടനത്തിന് പുഴാതിയിലും പോയി. ഇത് കഴിഞ്ഞാണ് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നത്. വന്ദേഭാരത്തിന് തിരുവനന്തപുരത്തേക്ക് വരുന്നതിനു വേണ്ടിയാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. രാവിലെ തലശ്ശേരിയിൽനിന്ന് മട്ടന്നൂരിലേക്ക് പോകുമ്പോൾ തന്നെ കരിങ്കൊടി പ്രയോഗമുണ്ട്. റോഡ് സൈഡിൽനിന്ന് അവര് കാണിക്കട്ടെ, അത് ജനാധിപത്യത്തിൽ അവരുടെ അവകാശമാണ്. ഇരിക്കൂർ കഴിയുമ്പോൾ അവിടെയും പ്രതിഷേധമുണ്ടായി. ഒരുഘട്ടത്തിൽ കാറിന്റെ ഞാൻ ഇരിക്കുന്നതിന്റെ അപ്പുറത്തെ ഗ്ലാസിൽ പോലീസിന്റെ കൈകളിലൂടെ മുന്നോട്ട് വന്ന് അടിച്ചിട്ടാണ് പ്രതിഷേധിച്ചത്. അതിനുശേഷം പിന്നീട് പുഴാതിയിലേതും കഴിഞ്ഞ് കണ്ണൂരിൽ എത്തിയപ്പോൾ അവിടെ, ചെറിയൊരു ട്രാഫിക്ക് ജാമിനിടെ 10- 12 ആളുകൾ ഒന്നിച്ചു വന്ന് പോലീസ് വണ്ടിക്ക് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമുണ്ടാക്കി. അവിടെവന്ന് വണ്ടി തടയുകയും എന്റെ ഫ്‌ലാഗ് പോസ്റ്റ് ഓടിക്കാനായി ശ്രമിക്കുകയും ചെയ്തു. അതെല്ലാം കഴിഞ്ഞിട്ടാണ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം', മന്ത്രി അന്നത്തെ സംഭവങ്ങൾ ഓർത്തെടുത്തു.
'റെയിൽവേ സ്റ്റേഷനിൽ വരുമ്പോൾ മൂന്നുനാലുപേർ ഫോണുകളുമായി ചിത്രീകരിക്കാൻ നിൽക്കുന്നതാണ് കാണുന്നത്. ലോക്കൽ ചാനൽ ആണെന്ന് തോന്നുന്നു, ഒരു ചാനൽ ക്യാമറയും കാണുന്നുണ്ട്. അപ്പോൾ തന്നെ ഇവിടെയും പ്രതിഷേധമുണ്ടല്ലോയെന്ന് ഞാൻ പറഞ്ഞു. ഇവിടെ എവിടെയോ പ്രതിഷേധക്കാരുണ്ട് എന്നും ഞാൻ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ കയറി പ്ലാറ്റ്‌ഫോം ടിക്കറ്റ് കൊടുക്കുന്ന ഇടം കഴിഞ്ഞ് മുന്നോട്ട് പോകുമ്പോൾ, ഒളിഞ്ഞിരുന്നാണ് മുന്നിലേക്ക് ചാടി വരുന്നത്. ഇരയെ കാണുമ്പോൾ പുലി പതുങ്ങി ഇരുന്നിട്ട് ആക്രമണം നടത്തുന്നത് പോലെ. പിന്നീട് ഞാൻ അതിന്റെ ദൃശ്യങ്ങൾ കണ്ടു. എത്തി നോക്കുന്നു, വരുന്നുണ്ടോ എന്ന് നോക്കുന്നു, അതിനുശേഷം ചാടി വീഴുന്നു', മന്ത്രി വിശദീകരിച്ചു.
'ചാടി വീഴുമ്പോൾ പോലീസിന്റെ വലയത്തിനുള്ളിലേക്ക് ഒരാൾ കടന്നുവന്നു. എന്റെ അടുത്ത് ഒരു വനിതാ പോലീസും ഉണ്ടായിരുന്നു. ആദ്യം ഒരാൾ കരിങ്കൊടിയുമായി വന്നു. സ്വാഭാവികമായും അയാളിലേക്ക് പോലീസിന്റെ ശ്രദ്ധ പോയി. കരിങ്കൊടിയുമായി വന്നാൽ അവിടെ നിന്ന് കാണിക്കാമല്ലോ. ഇത് അങ്ങനെ അല്ല. കുതിച്ചെത്തുകയാണ്. ഒരു ജനപ്രതിനിധി, എംഎൽഎ, മന്ത്രി, സ്ത്രീയുംകൂടെയാണല്ലോ. പക്ഷേ അവർ നേരെ കുതിച്ചെത്തുകയാണ്. അപ്പോൾ അവരുടെ ഉദ്ദേശം വളരേ വ്യക്തമാണ്. പോലീസിന്റെ ശ്രദ്ധ ആദ്യത്തെ ആളിലേക്ക് പോയി. അപ്പോൾ രണ്ടാമത്തെ ആൾ സുരക്ഷാവലയത്തിനുള്ളിലൂടെ അകത്തേക്കെത്തി', വീണാ ജോർജ് പറഞ്ഞു.
'എന്റെ അടുത്ത് എത്തിയതിന്റെ ദൃശ്യങ്ങളുണ്ട്. അവർ കൊണ്ടുവന്നിട്ടുള്ള ക്യാമറകൾ ആണല്ലോ, അവർക്ക് വേണ്ടി എടുക്കാൻ വന്നിട്ടുള്ള ഫോണുകളും ക്യാമറകളും. അവരുടെ ഒരു ഭാഗമാണ് അതിൽ കാണിക്കുന്നത്. എന്നിരുന്നാലും അതിലും ഓരാൾ എന്റെയും വനിതാ പോലീസുകാരുടെയും അടുത്തേക്ക് വരുന്നത് കാണാൻ സാധിക്കും. എന്റെ ശരീരം വേദനിച്ചു. ഞാൻ ചിരിച്ചുകൊണ്ടാണ് നടന്നു പോകുന്നത്. പ്ലാൻഡ് ആയിട്ടുള്ള അറ്റാക് ആണ് എപ്പോഴും സംഭവിക്കുന്നത്. രണ്ടാമത്തെ ആൾ അടുത്തേക്ക് വന്ന ശേഷം പിടിവലി ഉണ്ടാകുന്നുണ്ട്. അതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. വനിതാ പോലീസ് ഉദ്യോഗസ്ഥയും ഞാനും അവിടെയുണ്ട്. ആ സമയത്ത് അവിടെ ഒരു പ്രശ്‌നം ഉണ്ടാകുന്നുണ്ട്, എന്റെ ദേഹം നൊന്തിട്ടുണ്ട്', മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Minister Veena George describes the KSU protest as a planned, ambush-style attack. She compares the protesters' actions to a leopard ambushing its prey. The incident occurred at Kannur railway station before she boarded the Vande Bharat train. The minister states she was physically hurt during the confrontation
Published: 01 Mar 2026, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented