കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചുള്ള കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് എം മുഖവാരികയായ നവപ്രതിച്ഛായ. വിഷ വീക്ഷണത്തിന്റെ പ്രചാരകര്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് വീക്ഷണത്തിലെ മുഖപ്രസംഗത്തിനും അതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ക്കുമുള്ള മറുപടി.
കേരള കോണ്‍ഗ്രസ് എമ്മിന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി തകര്‍ക്കാനായി ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായി മാത്രമേ വീക്ഷണം മുഖപ്രസംഗവും നേതാക്കളുടെ പ്രസംഗവും കാണാന്‍ കഴിയൂവെന്ന് ലേഖനത്തില്‍ പറയുന്നു. കേരള കോണ്‍ഗ്രസ് എം സ്വീകരിച്ച നിലപാട് കേരളത്തിലുണ്ടാക്കിയ മാറ്റത്തെ തമസ്‌കരിക്കാന്‍ ചില കോണ്‍ഗ്രസ് ബുദ്ധികേന്ദ്രങ്ങള്‍ വ്യാജ പ്രചാരണങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് വീക്ഷണത്തിന്റെ മുഖപ്രസംഗമെന്നും ലേഖനത്തിലുണ്ട്.
'പത്രാധിപരെ മാറ്റിനിര്‍ത്താം. പക്ഷേ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുംമുമ്പ് തിരുവനന്തപുരത്ത ഒരു കേന്ദ്രത്തില്‍ ഇരുന്ന് വകുപ്പ് വിഭജനവും ഉദ്യോഗസ്ഥ പുനര്‍വിന്യാസവും നടത്തി സത്യപ്രതിജ്ഞയ്ക്കുള്ള ഉടുപ്പുകള്‍ തയ്പ്പിച്ചു കാത്തിരുന്ന ആനേകരില്‍ ആര്‍ക്കെങ്കിലും ഒരല്പം ചരിത്രബോധം ഉണ്ടാവേണ്ടേ. യു.ഡി.എഫില്‍നിന്ന് കേരള കോണ്‍ഗ്രസ് എമ്മിനെ ഏകപക്ഷീയമായി ചതിച്ച് ഗൂഢാലോചനകള്‍ നടത്തി പുറത്താക്കുകയായിരുന്നു എന്ന സത്യത്തെ എല്ലാകാലവും മൂടിവെക്കാനുള്ള തത്രപ്പാടാണ് യു.ഡി.എഫ്. കേന്ദ്രങ്ങളിലെ ചിലര്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്', ലേഖനത്തില്‍ പറയുന്നു.
മുഖപ്രസംഗത്തില്‍ കെ.എം. മാണിയെക്കുറിച്ച് പറയുന്ന വാക്കുകളെ കേരള പൊതുസമൂഹം അവജ്ഞയോടെ മാത്രമേ കാണുകയുള്ളൂ. യു.ഡി.എഫ്. എന്ന സംവിധാനം കെ.എം. മാണി അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് രൂപവത്കരിച്ചപ്പോള്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പല നേതാക്കളും വള്ളിനിക്കര്‍ പോലും ഇടാതെ നടക്കുന്ന പ്രായമായിരുന്നു. കെ.എം. മാണിയുടെ മരണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് പിന്നില്‍ ഏതൊക്കെ കോണ്‍ഗ്രസ് മുഖങ്ങളായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ മറക്കുകയില്ല. കെ.എം. മാണിയുടെ വിയോഗത്തോടെ കേരള കോണ്‍ഗ്രസ് എം ഇല്ലാതാകുമെന്ന് മനക്കോട്ട കെട്ടിയവര്‍ക്കൊക്കെ തിരിച്ചടി നല്‍കിയാണ് കേരളത്തിലെ അവഗണിക്കാനാവാത്ത രാഷ്ട്രീയ ശക്തിയായി പാര്‍ട്ടി ഇപ്പോള്‍ നിലനില്‍ക്കുന്നത്. കെ.എം. മാണിയുടെ ചരമവാര്‍ഷിക ദനത്തില്‍ സ്മൃതി സംഗമ വേദിയിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കേരള കോണ്‍ഗ്രസിനെ കേരള രാഷ്ട്രീയത്തില അജയ്യ ശക്തിയായി നിലനിര്‍ത്തുന്നത്. ഈ യാഥാര്‍ഥ്യം മനസിലാക്കിയുള്ള വേവലാതികളാണ് വീക്ഷണത്തിന്റെ മുഖപ്രസംഗരൂപത്തില്‍ പുറത്തുവന്നതെന്നും ലേഖനം വിമര്‍ശിക്കുന്നു.
യു.ഡി.എഫ്. പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കെ.എം. മാണിയുടെ പാര്‍ട്ടിയെ കേവലമൊരു തദ്ദേശസ്ഥാപന പദവിയുടെ പേരില്‍ ബാലിശമായ ന്യായവാദങ്ങള്‍ പറഞ്ഞുകൊണ്ടാണ് ആസൂത്രിത ഗൂഢാലോചനയിലൂടെ പടിയടച്ച് പുറത്താക്കിയത്. കേരള കോണ്‍ഗ്രസ് പോയതോടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ത്രിതലപഞ്ചായത്ത് സംവിധാനമെല്ലാം എല്‍.ഡി.എഫ്. തൂത്തുവാരി. രണ്ടാം പിണറായി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാലത്തിലെത്തി. വീക്ഷണം പത്രവും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും കോണ്‍ഗ്രസ് നേതാക്കളും മിനിമം ചരിത്രബോധം സൂക്ഷിക്കുന്നത് നന്നായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണിവിടുകയായിരുന്നില്ല, യു.ഡി.എഫ്. പുറത്താക്കുകയായിരുന്നു എന്ന് സമര്‍ഥിക്കുന്ന ലേഖനത്തില്‍ തെളിവായി നല്‍കിയിരിക്കുന്നത് ദീപിക ദിനപ്പത്രത്തിലെ അന്നത്തെ വാര്‍ത്തയാണ്.
Content Highlights: Nava Prathichaya replies Veekshanam editorial
Published: 18 May 2024, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented