തിരുവനന്തപുരം: റിപ്പോർട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിഡി സതീശൻ. 

To advertise here,

വാർത്താ ദൃശ്യങ്ങൾ പകർത്തുകയെന്ന തന്റെ ജോലിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല മുകേഷ് എന്ന ചെറുപ്പക്കാരന്റെ മാധ്യമ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. അതിജീവനത്തിനു വേണ്ടി പോരാടുന്ന, എല്ലാവരാലും അവഗണിക്കപ്പെട്ട ചെറുജീവിതങ്ങളുടെ വലിയ സങ്കടങ്ങൾ ജനശ്രദ്ധയിലെത്തിക്കാൻ മുകേഷ് എപ്പോഴും ശ്രമിച്ചിരുന്നു. അതിന്റെ സാക്ഷ്യമാണ് മാതൃഭൂമി ഓൺലൈൻ പതിപ്പിൽ 'അതിജീവനം'  എന്ന കോളത്തിൽ മുകേഷ് 110 ജീവിതങ്ങളെ കുറിച്ച് എഴുതിയത്. എല്ലാം പൊള്ളുന്ന ജീവിതാനുഭവങ്ങൾ. ആ ജീവിതങ്ങളുടെ വേദന അതേ അർത്ഥത്തിൽ പകർന്നു നൽകുന്നതായിരുന്നു മുകേഷിന്റെ എഴുത്ത്. 

ജോലിയ്ക്കിടയിലാണ് മുകേഷിന് ജീവൻ നഷ്ടമായത്. നന്നേ ചെറുപ്പത്തിൽ വിട്ടു പോയൊരു മാധ്യമ പ്രവർത്തകൻ. കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും എങ്ങനെ ആശ്വസിപ്പക്കണമെന്ന് അറിയില്ല. ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സതീശൻ പറഞ്ഞു.