'ജീവിതത്തിന്റെ അവസാനവഴിയിലാണ് ഞാന്‍ ഇപ്പൊ. നാളെ എന്ത് കഴിക്കും എന്നുപോലും എനിക്കറിയില്ല...' നിരാശ പടര്‍ന്ന കവിളുകളില്‍ കണ്ണീരു കിനിഞ്ഞു. സങ്കടംകൊണ്ടു മുറിഞ്ഞ വാക്കുകള്‍വീണ്ടുക്കാന്‍ ഏറെ സമയമെടുത്തു. കാലിലിട്ട പ്ലാസ്റ്ററിനുള്ളില്‍ ഇനിയും യോജിക്കാതെ കിടക്കുന്ന എല്ലുകളുണ്ട്. ഓരോ നിമിഷവും പ്രാണനെടുക്കുന്ന  വേദനയാണ്. അതിനും നൂറിരട്ടി വേദനയാണ് മുന്നോട്ടുള്ള ജീവിതമോര്‍ക്കുമ്പോള്‍...   
 
തണ്ണോട്ട് ഗ്രാമത്തിലെ ഇടവഴികള്‍ പലതു കഴിഞ്ഞാല്‍ മണ്‍വഴി ചെന്നുചേരുന്നയിടത്ത് ബിന്ദുവിന്റെ വീടുകാണാം. നിശ്ശബ്ദമായ ഒരിടം. പുറത്തെത്തി വിളിച്ചപ്പോള്‍ തുറന്നിട്ട വാതിലിലൂടെ വരാന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ബാധിതനായ മകന്‍ അവര്‍ക്കരില്‍ത്തന്നെയുണ്ട്. അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്നുപോലും തിരിച്ചറിയാന്‍ അവന് സാധിക്കില്ല.  വിഷബാധയേറ്റ് അത്രമേല്‍ പാതിജീവനായ അവസ്ഥയിലാണ് വിധുല്‍രാജ്. 

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഒരു വീഴ്ച്ചയിലാണ് കാലിന്റെ എല്ലുകള്‍ തകര്‍ന്ന് ബിന്ദു കിടപ്പായത്. ഇനിയും രണ്ട് മാസം നീണ്ട വിശ്രമം ആവശ്യമാണ്. പ്രാഥമിക കാര്യങ്ങള്‍ക്കുപോലും അമ്മയില്ലാതെ വിധുല്‍രാജിന് കഴിയില്ല. ഒപ്പം ജീവിതമാകെ പ്രതിസന്ധിയും. മാവേലി സ്റ്റോറിലെ താല്‍ക്കാലിക ജോലിയാണ് അന്നം മുടക്കാതെ കൊണ്ടുപോയിരുന്നത്. എന്നാലിന്ന് ഒരു രൂപ പോലും വരുമാനമില്ലാത്ത അവസ്ഥയിലാണ്. 

സംസാരത്തിനിടയ്ക്ക് കാലിലൂടെ ഇരച്ചുകയറുന്ന വേദനയില്‍ അവരുടെ കണ്ണുകള്‍ നിറയുന്നത് കാണാം. ശ്വാസം കിട്ടാത്തവണ്ണം ഏറെനേരം ശരീരത്തെയാകെ അത് ഉലയ്ക്കും. അപ്പോള്‍ നിശ്ശബ്ദയാകും. ജീവിതത്തെ ഓര്‍ത്ത് അവര്‍ക്കിന്ന് കരയാന്‍ മാത്രമെ സാധിക്കുന്നുള്ളൂ. അത്രമേല്‍ ആഴത്തില്‍ കാലം ആ സ്ത്രീജീവന് മുകളില്‍ വിഷമഴ പെയ്യിച്ചിട്ടുണ്ട്.  സമാനതകളില്ലാതെ മുറിവേറ്റ് പാതിപ്രാണനായ അവസ്ഥയിലാണവര്‍.        

വിധുല്‍ രാജിന്റെ അമ്മ

'19 വയസ്സുള്ള എന്റെ മകനെ കണ്ടാല്‍ 8 വയസ്സുപോലും തോന്നിക്കില്ല. അസാധാരണമായ പെരുമാറ്റമാണ് അവന്.  സ്വന്തമായി ശരീരത്തില്‍ മുറിവുണ്ടാക്കും. ഈ മുറിവൊക്കെ ഉണ്ടാക്കി വേദനയില്ലാത്ത ആളെ പോലെ നിക്കും. മുഴുവന്‍ സമയം മോനെ നോക്കണം. രാത്രി ഉറങ്ങിയിട്ട് കാലങ്ങളായി. ഇതിനിടയില്‍ ഞാന്‍ പണിയെടുത്ത് വേണം എല്ലാ ചെലവും നോക്കാന്‍. പലപ്പോഴും പണിക്ക് പോകാന്‍ പറ്റില്ല. ജീവിതം എല്ലാ രീതിയിലും വഴിമുട്ടി.' 
      
പരിയാരത്ത് നിന്ന് പെരിയയിലേക്ക് രാജന്റെ കൈപിടിച്ച് വരുമ്പോള്‍ ബിന്ദു കാണുന്നത്  ഹെലികോപ്റ്ററില്‍ കീടനാശിനി തളിക്കുന്നതാണ്. അന്നത് വലിയ അത്ഭുതമായിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും ആദ്യകാഴ്ചയിലെ അത്ഭുതം ദുരന്തമായി ജീവിതത്തില്‍ ഭവിക്കാന്‍ തുടങ്ങി. കുളിക്കാനും മറ്റുമായി ആശ്രയിച്ചിരുന്ന തണ്ണോട്ട് തോട്ടിലെ വെള്ളത്തില്‍ നിറയെ വെളുത്ത കട്ടിയുള്ള പാടകള്‍ വന്നുമൂടി. കിണറിലെ വെള്ളവും പതിയെ അവ്യക്തമായി. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ചുറ്റുപാടുകള്‍ പാടെ മാറി. 

കീടനാശിനികള്‍ മനുഷ്യശരീരത്തിലും ഗുരുതരമായി ബാധിക്കുമെന്ന കേട്ടുകേള്‍വിപോലും അന്ന് ഇല്ല.  ഗര്‍ഭധാരണത്തോടെയാണ്  അതിന്റെ വ്യാപ്തി തിരിച്ചറിയുന്നത്. പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിധുല്‍രാജില്‍ അസാധാരണമായ പെരുമാറ്റം കാണാന്‍ തുടങ്ങി. നിര്‍ത്താതെ കരയുന്നത് പതിവായി.

മംഗലാപുരത്തെ ഹോസ്പിറ്റലില്‍ നിന്നാണ് ഹൃദയത്തിലെ ദ്വാരം കണ്ടുപിടിച്ചത്. ഒരു കിഡ്നിയുടെ പ്രവര്‍ത്തനവും പൂര്‍ണ്ണമായി നിലച്ചു. പുട്ടപര്‍ത്തിയിലും കോഴിക്കോടും തിരുവന്തപുരത്തുമായി ചികിത്സ നീണ്ടു. 2010 ലെ ക്യാമ്പില്‍ വിധുല്‍രാജും എന്‍ഡോസള്‍ഫാന്‍ ഇരയാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 

ഉണങ്ങാത്ത മുറിവുകള്‍ 

ഭര്‍ത്താവ് രാജനെയും അസുഖങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പിന്തുടര്‍ന്നു. രണ്ടര വര്‍ഷത്തോളം അദ്ദേഹത്തെ രോഗം തളര്‍ത്തി. മകനും ഭര്‍ത്താവിനും ഒരുപോലെ പരിചരണം ആവശ്യമായി വന്നു. കരയാന്‍ പോലും മറന്നത് അക്കാലത്താണ്. വൈകാതെ രാജന്‍  മരണത്തിന് കീഴ്‌പ്പെട്ടു. തനിച്ചായ കുടുബത്തിന്റെ ഏക അത്താണി ബിന്ദുവായി. മകളുടെ വിദ്യാഭ്യാസവും മകന്റെ ചികിത്സയും വീട്ടുചിലവുകളും താങ്ങാവുന്നതിലും അപ്പുറമാണ്. 

മുഴുവന്‍ സമയം വിധുല്‍രാജിന് പരിചരണം ആവശ്യമാണിപ്പോള്‍. കണ്ണു തെറ്റിയാല്‍ റോഡിലേക്ക് ഓടുന്നതും അക്രമസ്വഭാവം കാണിക്കുന്നതും പതിവാണ്. മാവേലി സ്റ്റോറിലെ ദിവസവേദന അടിസ്ഥാനത്തിലുള്ള പണിയാണ് ഏക വരുമാനം. സപ്ലൈക്കോയിലെ പ്രതിസന്ധി സാധാരണ മനുഷ്യരെ ഉലച്ചതിനേക്കാള്‍ ഇത്തരത്തില്‍ താല്‍ക്കാലിക ജോലിചെയ്യുന്നവരെയും പാടെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മാസം പതിനായിരം രൂപ തികച്ചുകിട്ടാത്ത അവസ്ഥയാണ്. അപകടം പറ്റി കിടപ്പിലായതോടെ  അതും ഇല്ലാതായി.   

ഏറ്റവും പ്രിയപ്പെട്ട ചില മനുഷ്യരുടെ കരുതലാണ് ഇത്രനാള്‍ വീഴാതെ കാത്തത്. ആ നാട്ടിലെ ഏതാനും അമ്മമാര്‍ അന്നമെത്തിക്കുന്നുണ്ട്. അവര്‍ക്ക് ബിന്ദു കൂടെപ്പിറപ്പാണ്. അതുകൊണ്ട് മാത്രം പട്ടിണിയാവുന്നില്ല. എന്നാല്‍, മകളുടെ പഠനചെലവുകളും കാലിന്റെ ചികിത്സയും താങ്ങാവുന്നതിലും അപ്പുറമാണ്. ഇതിനകം വലിയൊരു തുക കടമായിട്ടുണ്ട്. 

മനുഷ്യനെന്ന പരിഗണനയാണ് വേണ്ടത്

ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥയാണിപ്പോള്‍. വീട്ടിലെ അവശ്യസാധനങ്ങള്‍പോലും കാലിയായി. നീണ്ട വിശ്രമം ഇനിയും ആവശ്യമാണ്. കണ്‍മുന്നില്‍ നഷ്ടമാവുന്ന ജീവിതത്തെയോര്‍ത്ത് അവര്‍ നിസ്സഹായതയോടെ മുത്തപ്പനെ വിളിച്ചു. ഏറെനേരം നിശ്ശബ്ദതയോടെ കണ്ണീരു നൈവേദ്യമാക്കി. ഒരു മനുഷ്യനെപ്പോലെ ജീവിക്കാനുള്ള സാഹചര്യം മുത്തപ്പന്‍ ഉണ്ടാക്കിത്തരുമെന്ന വിശ്വാസത്തില്‍ കൈ കൂപ്പി.  

സ്വപ്നങ്ങള്‍ക്കുപോലും വിഷബാധയേറ്റ അമ്മയാണ് ബിന്ദു. ആ നരകജീവിതത്തിന് സമൂഹവും ഉത്തരവാദിയാണ്. കൈപിടിച്ച് ഉയര്‍ത്തേണ്ടത് മനഃസാക്ഷിയുള്ള ഓരോരുത്തരുടെയും കടമയാണ്. ഇരുട്ടുവീണ ഇടവഴിയിലൂടെ തിരിച്ചു നടക്കുമ്പോള്‍ അവരുടെ കണ്ണീര്‍ നനവ് എനിക്കും അനുഭവപ്പെട്ടു...

ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

Name                   :  BINDHU K E
Account Number  : 13460100180653 
Branch                 :  Kanhangad
IFSC                    :  FDRL0001346