
കനത്ത ചൂടേറ്റ് വന്മരങ്ങള്‍ ഇലപൊഴിഞ്ഞ് നിശ്ചലമായി. വഴിനീളെ വാടിത്തളര്‍ന്ന ചെറുചെടികള്‍ വരാനിരിക്കുന്ന വരള്‍ച്ചയെ ഓര്‍മ്മിപ്പിച്ചു. കൊട്ടാമുട്ടിയിലെ വനാതിര്‍ത്തിയോട് അടുക്കുംതോറും മനുഷ്യവാസം കുറഞ്ഞുവന്നു. ആള്‍പൊക്കത്തില്‍ വളര്‍ന്ന കുറ്റിക്കാടുകള്‍ക്കുള്ളിലൂടെ വഴി നീണ്ടു. കറുത്ത പുക ഉയരുന്നത് ദൂരെനിന്നേ കാണാം. മലയിറങ്ങിയ കാറ്റിനും കത്തിയമര്‍ന്ന ചാരത്തിന്റെ ഗന്ധം.
കാട്ടുതീയേറ്റ് പുല്‍ നാമ്പുകള്‍പോലും കത്തികരിഞ്ഞ് വെണ്ണീറായി. ചുറ്റിലും കറുത്തിരുണ്ട് ഭീതിജനകമായ ഒരിടം. കഴിഞ്ഞ ദിവസം പടര്‍ന്ന കാട്ടുതീയുടെ ചൂട് ഇപ്പോഴും ആ മണ്ണിലുണ്ട്. ജീവനറ്റ കറുത്ത മണ്ണില്‍ കുറച്ചകലെ രണ്ട് കൂരകള്‍. കാലനക്കം കേട്ടപ്പോള്‍ തകരമറ നീക്കി ഒരാള്‍ വന്നു. പൊടുന്നനെ വീശിയ കാറ്റില്‍ കത്തിയമര്‍ന്ന ചാരമാകെ പറന്നുയര്‍ന്നു. അയാളുടെ മുഖത്ത് കറുത്ത മുഖംമൂടിപോലെ അത് പറ്റിനിന്നു.
'എല്ലാം പോച്ച് സര്‍, ഒന്നും ഇല്ല.' തമിഴ് കലര്‍ന്ന മലയാളത്തില്‍ ആ മനുഷ്യന്‍ പറഞ്ഞു തുടങ്ങി. വേദനകൊണ്ട് രാജേന്ദ്രന്റെ വാക്കുകള്‍ മുറിഞ്ഞു. ചുളിവുവീണ മുഖത്ത് വേദനയുടെ ആന്തല്‍ കാണാം. കവിളില്‍ പറ്റിയ പൊടിപടലങ്ങളെ നീക്കി കണ്ണുനീര്‍ മണ്ണിലേക്കിറ്റി. തീചൂടുമാറാത്ത കറുത്തമണ്ണിലെവിടെയോ അത് അമര്‍ന്നു...
വെള്ളം ശേഖരിക്കുന്ന ടാങ്കും മാറിയുടുക്കാനുള്ള വസ്ത്രങ്ങളുമുള്‍പ്പെടെ ചാരമായി. അന്നമില്ലാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു, ഒരുനേരം മാത്രമാണ് വല്ലതും തിന്നുക. സംസാരംകേട്ട് പാറിപ്പറക്കുന്ന തലമുടിയുമായി നാലുവയസുകാരന്‍ വിജയ് ഓടിവന്നു. രാജേന്ദ്രന്റെ മുണ്ടില്‍ ഇറുകെ പിടിച്ച് മറഞ്ഞുനിന്നു. അവന്റെ ദേഹമാസകലം കറുത്ത പൊടിപടലങ്ങളാണ്. ആകെയുള്ള രണ്ടു ട്രൗസറും ചാരമാക്കിയാണ് കാട്ടുതീ കെട്ടൊടുങ്ങിയത്.
ജീവിതം തിരഞ്ഞുള്ള ഓട്ടം
എഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടിലെ സത്യമംഗലത്തുനിന്നാണ് കറുപ്പുസ്വാമിയും നഞ്ചമ്മയും പാലക്കാടേയ്ക്ക് വണ്ടികയറുന്നത്. തോട്ടം മേഖലയില്‍ പട്ടിണി കൂടിയപ്പോള്‍ ആ നാടുപേക്ഷിച്ചതാണ്. കൊട്ടാമുട്ടിയില്‍ കുടിലുകെട്ടുമ്പോള്‍ കൈമുതലായുള്ളത് അധ്വാനിക്കാനുള്ള മനസ്സുമാത്രം. സാധ്യമായ സര്‍വ്വ പണികളും ചെയ്തു. പുതിയ പ്രതീക്ഷകളുമായി വന്ന ആറുമക്കളില്‍ ഒരാളാണ് രാജേന്ദ്രന്‍.
പഠനം അസാധ്യമായ കാലമാണത്. വയറ്റിലെ ആന്തല്‍ആറ്റാനുള്ള പോരാട്ടമാണ് ഓര്‍മ്മവച്ചനാള്‍ മുതല്‍. അച്ഛന്‍ കറുപ്പുസ്വാമിയാണ് ജീവിതപാഠങ്ങള്‍ പകര്‍ന്നത്. കാലം മാതാപിതാക്കളുടെ തണല്‍ എടുത്തപ്പോള്‍ തനിച്ചായി. മാസിലാമണി വിളക്കുമായി കയറിയപ്പോള്‍ സ്വപ്നങ്ങളുടെ വാതില്‍ വീണ്ടും തുറന്നു. ആറുമക്കളെയും തന്ന് പേരറിയാത്ത ഏതോ രോഗത്തിന് അവര്‍ കീഴ്പ്പെട്ടു. ജീവിത വഴികള്‍ ഇരുളടഞ്ഞ് തുടങ്ങിയത് അക്കാലം മുതലാണ്.
അന്യമായ ജീവിതം
വര്‍ഷങ്ങള്‍ പരിശ്രമിച്ചെങ്കിലും പാലക്കാട് ഒരുതരി മണ്ണ് സ്വന്തമാക്കാന്‍ രാജേന്ദ്രന് കഴിഞ്ഞില്ല. രോഗങ്ങളും വിടാതെ വേട്ടയാടി. പച്ചമരുന്നുകള്‍ക്കുവേണ്ട വേര് ശേഖരിക്കുന്ന പണിയാണ് ഇപ്പോള്‍. തുച്ഛമായ ഒരുതുക കൂലിയായികിട്ടും. ഏഴുപേര്‍ക്ക് അരവയര്‍ നിറയില്ല. മക്കളുടെ വിദ്യാഭ്യാസവും ആ കൂരയുടെ ഇരുട്ടില്‍ അവസാനിച്ചു.
ആറുമക്കളില്‍ അഞ്ചുപേരും പെണ്‍കുട്ടികളാണ്. അവരാണ് കൂര നിലംപൊത്താതെ കാക്കുന്നത്. മൂത്തമകള്‍ മാരിയമ്മയ്ക്ക് ചെറിയ പണിയുണ്ട്. 175 രൂപ കൂലികിട്ടും. ഏഴു ജീവനുകളുടെ പ്രാണന്‍ അതിലാണ്. കൗസിയാണ് അമ്മയുടെ പക്വതയോടെ വീട്ടുകാര്യങ്ങള്‍ ചെയ്യുന്നത്. കിലോമീറ്ററുകള്‍ നടന്നുവേണം കുടിവെള്ളംവരെ ശേഖരിക്കാന്‍. അടുത്തുള്ള അവശേഷിച്ച കിണറും വറ്റിവരണ്ടു. വെള്ളം ശേഖരിച്ചിരുന്ന ടാങ്കും തീപിടുത്തത്തില്‍ പാടെ നശിച്ചു. ആ കറുത്ത മണ്ണില്‍ ജീവിതംപാടെ അന്യമായി.
വോട്ടിന് മാത്രം കാണുന്നവര്‍
ഇലക്ഷന് മാത്രം കുറച്ചു മനുഷ്യര്‍ക്ക് ഓര്‍മ്മവരും. അന്നവര്‍ കുറച്ച് അരിയും പച്ചക്കറിയുമായി എത്തും. വോട്ടു ചെയ്യാന്‍ ഓട്ടോ അയച്ചുതരും. വീണ്ടും അടുത്ത ഇലക്ഷന്‍ വരെ ആ വഴി പാടെ മറക്കും. കേറിക്കിടക്കാന്‍ ഒരിടത്തിനായി വര്‍ഷങ്ങളായി അലയുന്നു. നാളിതുവരെ പ്രതീക്ഷയുടെ കണികപോലുമില്ല. മക്കളെ ഓര്‍ത്തുള്ള ആധിയില്‍ ആ മനുഷ്യന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.
വെളുത്ത താടിരോമങ്ങള്‍ അമര്‍ത്തി തടവി. സങ്കടം സഹിക്കാവുന്നതിലും അപ്പുറമാണ്. ചാരമായ പ്രതീക്ഷകളെയോര്‍ത്ത് ഏറെ നേരം നിശബ്ദനായി. വിജയ്ക്ക് ഒരു ട്രൗസര്‍ എങ്കിലും വേണം ആരോടെന്നില്ലാതെ ആ മനുഷ്യന്‍ പറഞ്ഞു. അത് കേട്ടിട്ടെന്നോണം ഒളിച്ചുനിന്ന കുഞ്ഞ് വിജയ് വിടര്‍ന്ന കണ്ണുകളോടെ അച്ഛനെ നോക്കി. കറുത്ത് ഇരുണ്ട മണ്ണില്‍ ആ കണ്ണുകള്‍ മാത്രം ഉള്ളതുപോലെ തോന്നി...
Content Highlights: athijeevanam column on rajendran victim of wild fire
Published: 23 Feb 2024, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented