തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്ന് പരിക്കേറ്റ യുവതിക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍. ചികിത്സയില്‍ തൃപ്തയല്ലെന്ന് യുവതിയുടെ അമ്മയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രതികരണം നടത്തിയത് എന്ന്അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഇന്നലെ രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ന്യൂറോ ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളും ചേര്‍ന്നുള്ള ചികിത്സയാണ് നിലവില്‍ നല്‍കുന്നത്. തലച്ചോറിനാണ് പരിക്ക് ഏറ്റിരിക്കുന്നത്. തലച്ചോറില്‍ ചതവ് ഉണ്ടെന്ന് കണ്ടെത്തി. വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നല്‍കുന്നുണ്ട്. സര്‍ജിക്കല്‍ ഐസിയുവിലാണ് ഇപ്പോള്‍ ഉള്ളത്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രെയിനിലെ വാതില്‍ക്കല്‍ നിന്ന് മാറാത്തതിന്റെ ദേഷ്യത്തില്‍ തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍ എന്നയാള്‍ പേയാട് സ്വദേശിയായ ശ്രീക്കുട്ടി (20) എന്ന യുവതിയെ ചവിട്ടി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമം നടത്തിയ സുരേഷ് കുമാറിനെ മറ്റ് യാത്രക്കാര്‍ തടഞ്ഞുനിര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നുവെന്നാണ് വിവരം. ഇയാള്‍ക്കെതിരെ വധശ്രമം അടക്കം ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.