കാഞ്ഞങ്ങാട്: ബി.ജെ.പി. പ്രവർത്തകനെതിരെ കൊലവിളി പ്രസംഗവുമായി മടിക്കൈ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ. മടിക്കൈയിൽ ബുധനാഴ്ച നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിലാണ് ബി.ജെ.പി. പ്രവർത്തകനായ ബാബു ചതുരക്കിണറിനെ പേരെടുത്തുപറഞ്ഞ് പ്രകാശൻ പ്രകോപന പ്രസംഗം നടത്തിയത്. യോഗം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ്. ഉദ്ഘാടനപ്രസംഗത്തിനു ശേഷം പിണറായിയും മറ്റു നേതാക്കളും വേദി വിട്ടിറങ്ങിയ ശേഷമാണ് പ്രകാശൻ സംസാരിച്ചു തുടങ്ങിയത്.

To advertise here,

'വീട്ടിൽ സി.പി.എമ്മുകാരുണ്ട്, ഇടതുപക്ഷക്കാരുണ്ട് എന്നതുകൊണ്ട് എല്ലാകാലവും ഞങ്ങൾ നിങ്ങൾചെയ്യുന്ന തോന്ന്യവാസം കണ്ടില്ലെന്ന് നടിക്കുമെന്ന് കരുതണ്ട. ഞങ്ങൾ കൂട്ടത്തോടെയങ്ങ് വരും. പൊന്ന് കായ്ക്കുന്ന മരമായാലും പുരയ്ക്കുമേലെ പോയാൽ… അത് ഞാൻ പറയുന്നില്ല. ഈ നാട്ടിലെ കമ്മ്യൂണിസ്റ്റുകാരെ വെല്ലുവിളിക്കാൻ വന്നാൽ, ബാബു.., നിന്നെ കച്ചവടം നടത്താൻ പോലും അനുവദിക്കില്ല. ഞങ്ങൾക്കിത് പറയാൻ അത്ര പേടിയൊന്നുമില്ല. ബാബുവിനോട് മാത്രമല്ല കമ്മ്യൂണിസ്റ്റുകാർക്കെതിരെയി, ഇടതുപക്ഷക്കാർക്കെതിരായി തെമ്മാടിത്തം കാണിക്കാനാണ് നിന്റെയെല്ലാം തീരുമാനമെങ്കിൽ അടിച്ചുകാലുപൊളിക്കും, ഒരുശങ്കയുമില്ലാത്ത വിധം പറയുന്നു’, പ്രകാശൻ പറഞ്ഞു. 

ഒരു പഞ്ചായത്ത് പ്രസിഡന്റ് ഇങ്ങനെയൊക്കെ പറയാമോ എന്ന് ചിന്തിക്കേണ്ടതില്ലെന്നും ഇത് തങ്ങളെക്കൊണ്ട് പറയിച്ചതാണെന്നും പ്രകാശൻ കൂട്ടിച്ചേർത്തു. സി.പി.എം. നീലേശ്വരം ഏരിയാ കമ്മിറ്റിയംഗം കൂടിയാണ് വി. പ്രകാശൻ.