തിരുവനന്തപുരം: വയനാട് ചിത്രഗിരിയിൽ മക്കളോ ബന്ധുക്കളോ ഇല്ലാത്ത കല്യാണിയമ്മയ്ക്ക് അന്ത്യം കർമ്മം ചെയ്ത റസാക്കിനേയും സുലൈമാനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വയനാട് മൂപ്പൈനാട് പഞ്ചായത്ത് ചിത്രഗിരിയിൽനിന്നുള്ള ഈ വാർത്തയിൽ തെളിഞ്ഞുകണ്ടത് മനുഷ്യസ്‌നേഹത്തിന്റെ യഥാർത്ഥ കേരള സ്റ്റോറിയാണെന്ന് വി.ഡി. സതീശൻ ഫേയ്സ്ബുക്കിൽ കുറിച്ചു. കല്യാണിയമ്മയുടെ അന്ത്യകർമ്മം സംബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത സൂചിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.

To advertise here,

വി.ഡി. സതീശന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം:

മക്കളോ ബന്ധുക്കളോ ഇല്ലാത്ത എൺപത്തിയഞ്ചുകാരി കല്യാണിയമ്മയ്ക്ക് അന്ത്യകർമ്മം ചെയ്തത് അയൽപക്കത്തെ ഇസ്ലാം മത വിശ്വാസികളായ സഹോദരൻമാർ. വയനാട് മൂപ്പൈനാട് പഞ്ചായത്ത് ചിത്രഗിരിയിൽനിന്നുള്ള ഈ വാർത്തയിൽ തെളിഞ്ഞുകണ്ടത് മനുഷ്യ സ്‌നേഹത്തിന്റെ യഥാർത്ഥ കേരള സ്റ്റോറിയാണ്.

വാർധക്യവും രോഗവും കല്യാണി അമ്മയെ തളർത്തിയപ്പോഴും അയൽവാസികളായ റസാഖും സഹോദരൻ സുലൈമാനും കുടുംബവുമാണ് അവർക്ക് തുണയായത്. പെറ്റമ്മയെ പോലെ അവർ കല്യാണി അമ്മയെ പരിചരിച്ചു. കല്യാണി അമ്മ ഈ ലോകത്തുനിന്ന് മടങ്ങുമ്പോൾ സ്വന്തം മക്കളെപ്പോലെ റസാഖും സുലൈമൈനും അന്ത്യകർമ്മങ്ങൾ ചെയ്തു. അവർ അതവരുടെ കടമയായി കരുതി.

അത്രയേറെ ഹൃദയസ്പർശിയായിരുന്നു ആ വാർത്ത. ഇന്ന് രാവിലെ റസാഖിനെ ഫോണിൽ വിളിച്ചു. ആ സ്‌നേഹത്തിന് കേരളത്തിന്റെ പിന്തുണയും നന്ദിയും അറിയിച്ചു. വയനാട്ടിലെത്തുമ്പോൾ അവരെ കാണാമെന്നും ഉറപ്പു നൽകി. ‘മനുഷ്യത്വത്തിന്റെ പട്ടുപുതച്ച് കല്യാണി അമ്മ യാത്രയായെ’ന്നാണ് ഞാൻ വായിച്ച വാർത്തയുടെ തലക്കെട്ട്. അതിനുമപ്പുറം പറയാൻ വാക്കുകളില്ല.