കോഴിക്കോട്: "ആരോടും ചോദിക്കാതെയായിരുന്നു കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ ഞാൻ പണം നിക്ഷേപിച്ചിരുന്നത്. ഇപ്പോ വീട്ടുകാർക്കൊക്കെ എന്നോട് ദേഷ്യമാണ്. മറ്റ് ബാങ്കുകളിലുണ്ടായിരുന്ന പെൻഷൻ തുകയും മറ്റുമൊക്കെ പിൻവലിച്ചാണ് സൊസൈറ്റിയിലേക്ക് മാറ്റിയത്. ഏകദേശം 21 ലക്ഷത്തോളം രൂപ വരും. എല്ലാം പോകുമോയെന്നാണ് പേടി"- വടകര എളമ്പിലാട്ടെ സി.കെ ശങ്കരൻ എന്ന വയോധികന്റെ വാക്കുകളിൽ അങ്ങേയറ്റത്തെ നിരാശയും സങ്കടവുമാണ്.
വടകര കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടാത്തതിൽ മനം നൊന്ത് തിരുവള്ളൂരിലെ ഇബ്രാഹിം ഹാജി എന്ന വൃദ്ധൻ കഴിഞ്ഞ ദിവസമാണ് സൊസൈറ്റി മുൻ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ സുധീർകുമാറിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തത്. ഇതിന് ശേഷം നിരവധി പേരാണ് സൊസൈറ്റിക്കെതിരെ പരാതിയുമായി രംഗത്ത് വരുന്നത്. അതിൽ ഒരാളാണ് വടകര എളമ്പിലാട്ടെ സി.കെ ശങ്കരൻ.
കൂടുതൽ പലിശ വാഗ്ദാനം നൽകിയായിരുന്ന ശങ്കരന്റെ ഒരു സുഹൃത്ത് വഴി സൊസൈറ്റി അധികൃതർ ഈ വയോധികനെ ബന്ധപ്പെടുന്നത്. റവന്യൂ ഉദ്യോഗസ്ഥനായിരുന്ന ശങ്കരൻ ജോലിയിൽ നിന്ന് വിരമിച്ചപ്പോൽ സമ്പാദിച്ചതും പെൻഷൻ തുകയുമൊക്കെയായിരുന്നു പണമായി ഉണ്ടായിരുന്നത്. സൊസൈറ്റിക്കാരുടെ വാക്ക് വിശ്വസിച്ച് പണം അങ്ങോട്ട് മാറ്റിയതോടെ കഷ്ടകാലവും തുടങ്ങി. ഇപ്പോ സ്വന്തം ആവശ്യത്തിന് പോലും പണം വലിക്കാനാവാത്ത അവസ്ഥയാവുകയും ചെയ്തു.
സുഹൃത്ത് കൂടിയായ മണലൂർ രാജൻ എന്ന ബിസിനസുകാരനാണ് ഇദ്ദേഹത്തെ സൊസൈറ്റിയിലെത്തിച്ചത്. തനിക്ക് അവിടെ ഏറെക്കാലമായി നിക്ഷേപമുണ്ടെന്നും എല്ലാം സുരക്ഷിതമാണെന്നും പറഞ്ഞായിരുന്നു ഇയാൾ ശങ്കരന്റെ അടുത്തെത്തിയത്. 12 ശതമാനം പലിശ കിട്ടുമെന്നും ബാങ്കുകളിൽ എട്ടര ശതമാനം മാത്രമേ കിട്ടൂവെന്നും ശങ്കരനെ ബോധ്യപ്പെടുത്തി പണം പിൻവലിപ്പിച്ച് അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പ്രശ്‌നം തുടങ്ങിയത്. സർക്കാരിൽ നിന്ന് സൊസൈറ്റിക്ക് പണം കിട്ടാനുണ്ടെന്നും അത് കിട്ടിയാൽ ബാധ്യത തീർക്കാമെന്നുമായിരുന്നു പണം ചോദിച്ചപ്പോൾ പറഞ്ഞത്. മാത്രമല്ല സർക്കാർ മാറുമെന്നും അടുത്ത യുഡിഎഫ് സർക്കാർ വരുമ്പോൾ എന്തായാലും നമുക്ക് പണം കിട്ടാനുള്ള വഴി തെളിഞ്ഞ് വരുമെന്നും അറിയിച്ചു. പക്ഷെ കഴിഞ്ഞ ദിവസം ഒരാൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായതോടെ ഇനി പണം കിട്ടുമോയെന്ന് തനിക്ക് പേടിയുണ്ടെന്നും ശങ്കരൻ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷമായി പണം തിരിച്ച് തരാൻ തുടർച്ചയായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. അപ്പോഴൊക്കെ ഓരോ ഒഴികഴിവുകൾ പറഞ്ഞ് മടക്കും. അന്നത്തെ കുറ്റ്യാടി എംഎൽഎ കുഞ്ഞമ്മദ് കുട്ടിക്ക് അടക്കം പരാതി കൊടുത്തിരുന്നു. എംഎൽഎ അത് അന്നത്തെ മുഖ്യമന്ത്രിക്ക് കൊടുക്കുകയും മുഖ്യമന്ത്രി വടകര സഹകരണ രജിസ്ട്രാർക്ക് നൽകുകയും ചെയ്തിരുന്നു. രജിസ്ട്രാർ വിഷയം അന്വേഷിക്കുമെന്ന് പറഞ്ഞ് കത്ത് നൽകുകയും ചെയ്തു. ഇതിന് ശേഷം നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് മറ്റൊരു നിക്ഷേപകനായ ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്യുന്നത്. ആരോടും അന്വേഷിക്കാതെ ചെയ്തുവെന്നത് കൊണ്ട് തന്നെ ഇപ്പോ എല്ലാർക്കും എന്നോട് വെറുപ്പാണ്. മരിച്ചാലും കിട്ടുമെന്ന് തോന്നുന്നില്ലെന്നും സർക്കാർ ഇടപെട്ട് ശരിയാക്കി തരണമെന്നും പറയുന്നു സി.കെ ശങ്കരൻ.
Content Highlights: Elderly depositors are unable to withdraw life savings and pension funds from the Kadathanad Labour Contract Society., The crisis has led to extreme distress, including a recent suicide by a depositor., Victims were lured by promises of high interest rates (12%) compared to standard bank rates., Political promises regarding government payouts have failed to materialize, leaving depositors in financial limbo., Official complaints to authorities have yielded no significant action or recovery of funds.
Published: 31 May 2026, 05:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented