വടകര: കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റിന്റെ വീട്ടിൽ നിക്ഷേപകൻ തീകൊളുത്തി മരിച്ച സംഭവത്തിനുപിന്നാലെ നേരത്തെ രജിസ്റ്റർചെയ്ത കേസുകളിൽ നടപടി ഊർജിതമാക്കാൻ പോലീസും സഹകരണവകുപ്പും. പോലീസിൽ രണ്ട് കേസുകളുണ്ട്.

To advertise here,

ഇതിൽ സഹകരണവകുപ്പ് നൽകിയ പരാതിയിൽ 2.16 കോടി രൂപയുടെ ക്രമക്കേട് ആരോപിക്കപ്പെട്ടതിനാൽ കേസ് കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിലാണുള്ളത്. കഴിഞ്ഞ ഡിസംബറിൽ രജിസ്റ്റർചെയ്ത കേസാണെങ്കിലും അടുത്തിടെയാണ് ക്രൈംബ്രാഞ്ചിലെത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ ക്രൈംബ്രാഞ്ച് ആരംഭിച്ചു. അടുത്തദിവസം തന്നെ സംഘത്തിൽ പരിശോധന നടത്തി രേഖകൾ കസ്റ്റഡിയിലെടുക്കും. സംഘം പ്രസിഡന്റ് ഉൾപ്പെടെയുള്ള ഡയറക്ടർമാരെയും ജീവനക്കാരെയും ചോദ്യംചെയ്യും.

രണ്ടാമത്തെ കേസ് വടകര പോലീസ് സ്റ്റേഷനിലാണുള്ളത്. ആത്മഹത്യചെയ്ത ചിരികണ്ടോത്ത് ഇബ്രാഹിം ഹാജി നൽകിയ പരാതിപ്രകാരം എടുത്തതാണ് ഈ കേസ്. 22 ലക്ഷം രൂപ നിക്ഷേപം വാങ്ങി തിരിച്ചുനൽകിയില്ലെന്നതാണ് കേസ്. ഇത് ഈ വർഷം ജനുവരിയിൽ രജിസ്റ്റർ ചെയ്തതാണ്. ഇതുവരെ അന്വേഷണം പൂർത്തിയായിട്ടില്ല. ഇബ്രാഹിംഹാജിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ സംഘത്തിൽനിന്ന് പോലീസ് ശേഖരിച്ചതായാണു വിവരം.

സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിലും സംഘത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിൻമേൽ ഭരണസമിതിയുടെ വാദംകേൾക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തതല്ലാതെ മറ്റു നടപടികളിലേക്കൊന്നും കടന്നിട്ടില്ല. ആറുമാസം മുൻപാണ് വകുപ്പുതല അന്വേഷണം നടന്നത്. എത്രയുംപെട്ടെന്ന് നിക്ഷേപത്തുക കൊടുത്തുതീർക്കുമെന്നാണ് ഭരണസമിതി ഹിയറിങ്ങിൽ വിശദീകരിച്ചത്. എന്നാൽ ഇതു പാലിച്ചിട്ടില്ല.

നിക്ഷേപം തിരികെക്കിട്ടാതെ ആത്മഹത്യചെയ്ത ഇബ്രാഹിംഹാജി നൽകിയ പരാതിയും ഫലപ്രദമായി പരിഹരിക്കാൻ സഹകരണവകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതിൽ വിമർശനം ഉയരുന്ന സാഹചര്യത്തിൽ സംഘത്തിനെതിരേ ഉടൻ വകുപ്പുതല നടപടി വരുമെന്നാണു സൂചന.

ഇതിനിടെ സംഘത്തിനെതിരേ കൂടുതൽ പരാതികൾ വന്നു തുടങ്ങിയിട്ടുണ്ട്. സഹകരണവകുപ്പിൽ നേരത്തെ മൂന്നു പരാതി ലഭിച്ചിരുന്നു. ഇബ്രാഹിംഹാജിയുടെ മരണത്തോടെ കൂടുതൽ പേർ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്

അന്വേഷണത്തിനു ശേഷം കൂടുതൽ വകുപ്പുകൾ

ഇബ്രാഹിംഹാജിയുടെ മരണത്തിൽ നിലവിൽ അസ്വാഭാവികമരണത്തിനാണ് പോലീസ് കേസെടുത്തത്. വിശദമായ അന്വേഷണത്തിൽ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കുമെന്നാണ് പോലീസിന്റെ വിശദീകരണം.

ഇബ്രാഹിംഹാജി ഡോക്ടർക്ക് നൽകിയ മൊഴി ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുപ്രകാരം സംഘം ഭാരവാഹികളെ ചോദ്യംചെയ്ത ശേഷമായിരിക്കും കൂടുതൽ നടപടികൾ. ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെ ചുമത്തുമെന്നാണു സൂചന.

മരണമൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് സി.പി.എം.

കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ വഞ്ചനക്കിരയായി ജീവിതം അവസാനിപ്പിക്കേണ്ടിവന്ന തിരുവള്ളൂർ സ്വദേശി ഇബ്രാഹിംഹാജിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഡി.സി.സി. സെക്രട്ടറിയായിരുന്ന സുധീർ കുമാറിന്റെ വീട്ടിലാണ് ഇബ്രാഹിംഹാജി പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നിരിക്കുന്ന ശബ്ദസന്ദേശത്തിൽ ഈ സൊസൈറ്റിയുടെ ഭാരവാഹികളായ യു.ഡി.എഫ്. നേതാക്കളുടെ തട്ടിപ്പിനിരയാവുകയായിരുന്നു താനെന്നും തനിക്ക് എഴുപത്തിനാല് ലക്ഷത്തോളംരൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് പറയുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണം എന്ന പ്രഹസനത്തിലൂടെ കോടികൾ തട്ടിയെടുത്ത സൊസൈറ്റി നടത്തിപ്പുകാരായ കോൺഗ്രസ് - യു.ഡി.എഫ്. നേതാക്കളെ രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തട്ടിപ്പിന് ഇരയായിരിക്കുന്ന നിക്ഷേപകർക്ക് അവരുടെ സമ്പാദ്യം തിരിച്ചുകിട്ടാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും മരിച്ച ഇബ്രാഹിംഹാജിയുടെ നിക്ഷേപത്തുക മുഴുവനും അദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും ലഭിക്കാനാവശ്യമായ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും സർക്കാരിനോടും സഹകരണവകുപ്പിനോടും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.