
കോഴിക്കോട്: ''അമ്മ മരിച്ചിട്ടും മോള് കിടപ്പിലായിട്ടും വര്‍ഷം ഒന്നാകാറായി. മെഡിക്കല്‍ കോളേജിലെ ചികിത്സകൊണ്ട് പുരോഗതിയൊന്നും കാണുന്നില്ല. മോളൊന്ന് എഴുന്നേറ്റു കണ്ടാല്‍ മതിയായിരുന്നു'' -വടകര ചോറോട് വാഹനമിടിച്ച് കോമയില്‍ തുടരുന്ന ദൃഷാനയുടെ അമ്മ സ്മിതയുടെ വാക്കുകളിടറി. തിങ്കളാഴ്ച പുലര്‍ച്ചെ സംഭവത്തില്‍ കാര്‍ ഓടിച്ച പുറമേരി സ്വദേശി ഷജീലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍വെച്ച് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തു. അതെങ്കിലും ഉണ്ടായല്ലോയെന്നാണ് കുടുംബം പറയുന്നത്.
''ആവശ്യമായ ചികിത്സ കിട്ടുന്നില്ല. സര്‍ക്കാരില്‍നിന്ന് ഔദ്യോഗികമായി ഇതുവരെ ആരും വിളിച്ചിട്ടുപോലുമില്ല, എല്ലാം വെറുംവാക്കായി, കുടുംബം കടത്തിലാണ്.'' -ദൃഷാനയുടെ അമ്മാവന് സ്മിജിത്ത് പറഞ്ഞു.
വാഹനാപകടങ്ങള്‍ കാരണം മരണം, പരിക്ക് സംഭവിക്കുന്ന സാഹചര്യങ്ങളില്‍ കാര്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ലഭിക്കുന്ന തുകമാത്രമാണ് സര്‍ക്കാരില്‍നിന്ന് ദൃഷാനയുടെ കുടുംബത്തിന് ലഭിച്ചത്. വാഹനം കണ്ടെത്തിയതിനാല്‍ ആ തുക തിരിച്ചടയ്ക്കണം. കുട്ടിയുടെ ചികിത്സയ്ക്കായി കുടുംബം കൊളായ്താഴത്ത് 7000 രൂപ നല്കി വീട് വാടകയ്ക്കെടുത്താണ് താമസിക്കുന്നത്. ദൃഷാനയ്ക്ക് ഒരുദിവസം മരുന്ന്, ആഹാരം, ഡയപ്പര്‍ എന്നിവ വാങ്ങാന്‍മാത്രം ആയിരംരൂപയാകും. കുട്ടിയോടൊപ്പം സ്ഥിരമായി കൂട്ടിരിപ്പുകാര്‍ വേണമെന്നതിനാല്‍ അമ്മയും അമ്മാവനും ജോലിക്കു പോകുന്നില്ല. അച്ഛന് സുധീറിന് സ്ഥിരംജോലിയുമില്ല.
മൂന്നുമാസം വീഴ്ചകൂടാതെ തുടര്‍ചികിത്സ നടത്തിയാല്‍മാത്രമേ പുരോഗതിയുണ്ടാകൂവെന്ന് ബെംഗളൂരു നിംഹാന്‍സ് ആശുപത്രി ന്യൂറോ വിഭാഗം ഡോക്ടമാര്‍ അറിയിച്ചതായി ദൃഷാനയുടെ ബന്ധു വിചിത്ര പറഞ്ഞു. മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന് വിഭാഗത്തില്‍നിന്ന് 2024 ഡിസംബര്‍ 12-ന് ദൃഷാനയെ ഡിസ്ചാര്‍ജ് ചെയ്തു. ദിവസവും ഫിസിയോതെറാപ്പി ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ജനുവരിയില്‍ കുട്ടിക്ക് പനി കൂടിയതിനാല്‍ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ ഒരുമാസം ചികിത്സതേടി. ഫിസിയോതെറാപ്പി മുടങ്ങി.
ബെംഗളൂരു നിംഹാന്‍സ് ആശുപത്രിയിലെ ന്യൂറോ വിഭാഗം ഡോക്ടര്‍ കുട്ടിയുടെ ചികിത്സാരേഖകള്‍ പരിശോധിച്ചശേഷം അറിയിച്ചത് ദിവസവും നാലുനേരം ഫിസിയോതെറാപ്പി നടത്തണമെന്നാണ്. മെഡിക്കല്‍ കോളേജില്‍ നിലവില്‍ ഒരുനേരം ഫിസിയോതെറാപ്പി ചെയ്യാനുള്ള സൗകര്യമേയുള്ളൂ. തുടര്‍ചികിത്സ സ്വകാര്യ ആശുപത്രിയില്‍ നടത്താനൊരുങ്ങുകയാണ് കുടുംബം.
കസ്റ്റഡിയിലെടുത്തത് കോയമ്പത്തൂരില്‍നിന്ന്
വടകര: ഒന്‍പതുവയസ്സുകാരി ദൃഷാനയെ അബോധാവസ്ഥയിലാക്കുകയും അമ്മൂമ്മയുടെ മരണത്തിനിടയാക്കുകയുംചെയ്ത കാറപകടത്തിലെ ഡ്രൈവര്‍ പിടിയില്‍. അപകടത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നവേളയിലാണ് കാറോടിച്ച പുറമേരിയിലെ മീത്തലെപുനത്തില് ഷെജീല്‍ അറസ്റ്റിലായത്. അപകടത്തിനുശേഷം യു.എ.ഇ.യിലേക്കുപോയ ഷെജീല്‍ കോയമ്പത്തൂര്‍ വിമാനത്താവളംവഴി നാട്ടിലേക്കുവരുന്നതിനിടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. തുടര്‍ന്ന്, കേസന്വേഷിക്കുന്ന കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിനെ വിവരമറിയിച്ചു. ക്രൈംബ്രാഞ്ച് സംഘം ഉച്ചയോടെ കോയമ്പത്തൂരിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് രാത്രിയോടെ വടകരയിലെത്തിച്ചു. ചൊവ്വാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
വ്യാജതെളിവുണ്ടാക്കി ഇന്‍ഷുറന്‍സ് ക്ലെയിം നേടിയെന്നതിന് നാദാപുരം പോലീസ് ഇയാളുടെപേരില്‍ മറ്റൊരുകേസെടുത്തിട്ടുണ്ടെങ്കിലും ഈ കേസില്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ജാമ്യം ലഭിച്ചിട്ടുണ്ട്.
2024 ഫെബ്രുവരി 17-ന് രാത്രിയില്‍ ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പില്‍ ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴാണ് തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബിയെയും (62) പേരമകള്‍ ദൃഷാനയെയും (ഒന്‍പത്) കാറിടിച്ചത്. അപകടത്തില്‍ ബേബി മരിച്ചു. ദൃഷാന ഒരുവര്‍ഷമായി അബോധാവസ്ഥയിലണ്. അപകടത്തിനുശേഷം നിര്‍ത്താതെപോയ കാര്‍ പത്തുമാസത്തിനുശേഷം ഡിസംബറില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി.
കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
പ്രതി ഷെജീല്‍ പിടിയിലായതോടെ കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.വി. ബെന്നി അറിയിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
Content Highlights: vadakara drishana accident
Published: 11 Feb 2025, 09:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented