കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാറോടിച്ച സുഹൈൽ സജീവിനെയും (19) കൂടെയുണ്ടായിരുന്ന സുഹൃത്ത് നിനവിനെയും സബ് ജയിലിലേക്ക് മാറ്റുന്നതിനുപകരം കാക്കനാട് ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയതിൽ ദുരൂഹത. ജയിൽച്ചട്ടം 324 പ്രകാരമാണ് ഇത്തരമൊരു കരുതൽ എന്നാണ് പോലീസിന്റെ വിശദീകരണം.

To advertise here,

ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്ന 16-നും 21-നും ഇടയിൽ പ്രായമുള്ളവരെയാണ് ബോസ്റ്റൽ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതെന്നാണ് 1961-ലെ കേരള ബോസ്റ്റൽ സ്‌കൂൾസ് നിയമത്തിൽ പറയുന്നത്. ശിക്ഷിക്കപ്പെടുന്നവരെയാണ് ബോസ്റ്റൽ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതെന്ന് ജയിൽച്ചട്ടത്തിലും പറയുന്നു. റിമാൻഡ് പ്രതിയായ സുഹൈലിനെ ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയതിലാണ് ദുരൂഹത.

ആലുവ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. സബ് ജയിലിലേക്ക് മാറ്റാതെ ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയതിനെതിരേ അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

ശിക്ഷിക്കപ്പെടുന്ന കുട്ടികൾക്ക് വ്യവസായ പരിശീലനമടക്കം നൽകി ശരിയായ പാതയിലേക്ക് എത്തിക്കുകയാണ് ബോസ്റ്റൽ സ്‌കൂളുകളുടെ ലക്ഷ്യം. കുറഞ്ഞത് രണ്ടുവർഷത്തേക്ക് ശിക്ഷിക്കുമ്പോഴാണ് കോടതി ഉത്തരവ് പ്രകാരം ബോസ്റ്റൽ സ്‌കൂളിലേക്ക് വിടേണ്ടതെന്നും നിയമത്തിൽ പറയുന്നു. ചട്ടത്തിന്റെയോ സർക്കുലറിന്റെയോ പേരിൽ റിമാൻഡ് ചെയ്ത ഈ പ്രായത്തിലുള്ളവരെ ബോസ്റ്റൽ സ്‌കൂളിലേക്ക് വിടാനാകില്ലെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. അപകടം നടന്നയുടൻ ഓടിക്കൂടിയവരോട് എല്ലാം തന്റെ വാപ്പ നോക്കിക്കോളും എന്ന് സുഹൈൽ വെല്ലുവിളിയോടെ പറഞ്ഞിരുന്നു.

രണ്ടുപേർ കൂടി പിടിയിൽ, സുഹൈലിന്റെ ലൈസൻസ് റദ്ദാക്കും

അത്താണി-എയർപോർട്ട് റോഡിൽ അമിത വേഗത്തിൽ പാഞ്ഞ കാറിടിച്ച് സ്‌കൂട്ടർ യാത്രികരായ മൂന്നുപേർ കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ കൂടി നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി സുഹൈലിനൊപ്പം (19) കാറിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകീട്ട് സുഹൈലിന്റെ സുഹൃത്ത് ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവിനെ (19) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് സുഹൈലിനെയും നിനവിനെയും ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് കാക്കനാട് ബോസ്റ്റൽ സ്‌കൂളിലേക്കയച്ചു. 19 വയസ്സ് മാത്രമാണെന്നതും ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നതും കണക്കിലെടുത്താണ് കോടതി ബോസ്റ്റൽ സ്‌കൂളിലേക്ക് ഇവരെ അയച്ചത്.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജോയലിനെക്കുറിച്ചും അമീനെക്കുറിച്ചും വിവരം ലഭിച്ചത്. അപകടം നടന്ന ഉടനെ ഇവർ മറ്റൊരു കാറിൽ കയറി സ്ഥലംവിടുകയായിരുന്നു. ബോധമില്ലാത്ത അവസ്ഥയിലും വണ്ടിയോടിക്കാൻ പ്രേരണ നൽകി, മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും വിലക്കിയില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പേരിൽ കേസെടുത്തത്. ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ജോയലിനെയും അമീനെയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് കാക്കനാട് ബോസ്റ്റൽ സ്‌കൂളിലേക്കയച്ചു.

പ്രതികൾ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. മോട്ടോർ വാഹന വകുപ്പും കേസിൽ ശക്തമായി ഇടപെട്ടിട്ടുണ്ട്.

നാലുപേരും 23 വയസ്സിൽ താഴെയുള്ളവരായതിനാൽ ഇവർക്ക് മദ്യം നൽകിയ മൂന്നു ബാറുകൾക്കെതിരേയും നടപടിയെടുക്കാൻ എക്‌സൈസ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അമിത വേഗത്തിലാണ് വാഹനമോടിച്ചത്. 120 കിലോമീറ്റർ സ്പീഡിലാണ് കാറോടിച്ചിരുന്നതെന്ന് സുഹൈൽ സമ്മതിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചുവരുകയാണ്. സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ തുടങ്ങി. നോട്ടീസ് നൽകി ഹിയറിങ് നടത്തിയാകും തുടർനടപടികൾ സ്വീകരിക്കുക. അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.

ശനിയാഴ്ച ഉച്ചമുതൽ തന്നെ സുഹൈൽ രണ്ട് ബാറുകളിൽ കയറി മദ്യപിച്ചിരുന്നു. നിനവും ഒപ്പം ഉണ്ടായിരുന്നു. ഇതിന് ശേഷം രാത്രി 12-ഓടെ ഇവർ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ എത്തി. ഇവിടെ മറ്റൊരു കാറിൽ എത്തിയ സുഹൃത്തുക്കളായ അമീൻ, ജോയൽ എന്നിവർ ഇവർക്കൊപ്പംകൂടി. തുടർന്ന് നാലുപേരും ചേർന്ന് സുഹൈലിന്റെ ആഡംബരക്കാറിൽ നെടുമ്പാശ്ശേരിയിലെ മറ്റൊരു ബാറിലെത്തി മദ്യപിച്ചു. അതിനു ശേഷം അത്താണിയിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടം ഉണ്ടാക്കിയത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിന് വഴിവെച്ചത് അമിതവേഗവും ലഹരിയും

മൂന്നു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ (എം.വി.ഡി) പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ബിജു ഐസക് ഇതുസംബന്ധിച്ച റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കൈമാറി. അപകടം നടന്ന സിയാൽ-അത്താണി എക്സ്പ്രസ് വേയിൽ മണിക്കൂറിൽ 60 കിലോമീറ്ററാണ് അനുവദനീയ വേഗപരിധി. ഇത് ലംഘിച്ച് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

റോഡിന്റെ ഘടനയിലോ വെളിച്ചത്തിലോ അപാകമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് മൂന്നു പേരുടെ ജീവനെടുത്ത അപകടം. കർണാടകയിലെ കുടക് സ്വദേശി ഇയ്യാസ്, വയനാട് സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക എന്നിവർ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ഒരു ആഡംബരക്കാർ ഇടിച്ചുകയറുകയായിരുന്നു. വിമാനത്താവള റോഡിലെ കഫേയിൽനിന്ന് ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. ഖത്തർ എയർവേസ് വിമാനത്തിലെത്തിയ യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ സംഘത്തിന്റെ കാറാണ് സ്‌കൂട്ടറിലിടിച്ചത്.

രക്തപരിശോധനാ ഫലത്തിനായി കാത്തിരിപ്പ്

അപകടസമയത്ത് കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിന്റെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകൾ ശേഖരിച്ച് ഫൊറൻസിക് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിക്കുന്നതോടെ പ്രതിക്കെതിരേ കൂടുതൽ കർശനമായ നിയമവകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു. മദ്യപാനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ രാസപരിശോധനാഫലം നിർണായകമാകും. അപകടസ്ഥലത്ത് മതിയായ വെളിച്ചവും മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നുവെന്നാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ടിലുള്ളത്. റോഡിന്റെ ഘടനയിലോ വെളിച്ചത്തിലോ അപാകമില്ലെന്ന കണ്ടെത്തലും ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന നിഗമനത്തെ പിന്തുണയ്ക്കുന്നു.

വേഗം കൂട്ടിയിട്ടുണ്ടോ? ആഡംബരക്കാറിന് സൂപ്പർ ഇൻസ്പെക്ഷൻ

അപകടത്തിൽപ്പെട്ട ആഡംബരക്കാറിൽ മോട്ടോർ വാഹന വകുപ്പിന്റെ സൂപ്പർ ഇൻസ്‌പെക്ഷൻ. വാഹനത്തിന്റെ സാങ്കേതിക തകരാറുകൾ, അനധികൃത രൂപമാറ്റങ്ങൾ, എൻജിൻശേഷി കൂട്ടുന്നതിനുള്ള ഇടപെടലുകൾ എന്നിവയുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

വാഹനത്തിന്റെ ഇലക്ട്രോണിക് കൺട്രോൾ മൊഡ്യൂൾ (ഇ.സി.എം.) ഉൾപ്പെടെയുള്ള സംവിധാനങ്ങളും വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കും. ആർ.ടി.ഒ., ജോയിന്റ് ആർ.ടി.ഒ. തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടുത്തദിവസംതന്നെ പരിശോധന നടക്കും. വാഹനത്തിന്റെ അവസ്ഥയും സാങ്കേതിക സംവിധാനങ്ങളും വിലയിരുത്തും. വാഹനത്തിന്റെ ഭൗതികരൂപത്തിൽ പ്രകടമായ മാറ്റങ്ങളൊന്നും പ്രാഥമികമായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് സൂചന. എന്നാൽ, സാങ്കേതിക പരിശോധനയിലൂടെ മാത്രമേ വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോയെന്നും അവ അപകടവുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാകൂ.വിമാനാപകടങ്ങളിൽ ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിന് സമാനമായി, വാഹനത്തിലെ ഇലക്ട്രോണിക് കൺട്രോൾ മൊഡ്യൂളും അനുബന്ധ സംവിധാനങ്ങളും പരിശോധിക്കുന്നത് അപകടത്തിന് മുൻപുള്ള വാഹനത്തിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ സഹായകമാകും. ഇതിനായി വാഹനത്തിന്റെ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് പരിചയമുള്ള ഡീലർഷിപ്പ് വിദഗ്ധരുടെ സഹായവും തേടും.

വിമാനത്താവള റോഡുകളിൽ അമിതവേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിക്കുന്ന പ്രവണത നിയന്ത്രിക്കാൻ പകലും രാത്രിയും പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് എം.വി.ഡി. അധികൃതർ പറഞ്ഞു.

ആവശ്യമെങ്കിൽ പ്രത്യേക അന്വേഷണസംഘം -എസ്.പി.

വാഹനാപകടത്തിന്റെ അന്വേഷണത്തിൽ ആവശ്യമെങ്കിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുമെന്ന് റൂറൽ എസ്.പി. കെ.എസ്. സുദർശൻ പറഞ്ഞു. നിലവിൽ ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയുടെ മെഡിക്കൽ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാഹനങ്ങളുടെ െഫാറൻസിക് പരിശോധന പൂർത്തിയാക്കി. പരിശോധനാഫലങ്ങൾ ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

അപകടമുണ്ടായപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ ഇറങ്ങി ഓടുകയായിരുന്നു. ഇവരുടെ പേരിൽ കുറ്റകൃത്യത്തിന് പ്രോത്സാഹനം നൽകിയതിനും അപകടം തടയുന്നതിൽ വീഴ്ച വരുത്തിയതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയെന്ന പരാതിയിൽ ബാറുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടർനടപടികളും ഉണ്ടാകുമെന്നും എസ്.പി. അറിയിച്ചു.