ന്യൂഡൽഹി: ഡൽഹിയിലെ കിഷൻഗഡിൽ 17 വയസ്സുകാരൻ ഓടിച്ച ആഡംബര കാർ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ഒരാൾ കൊല്ലപ്പെട്ടു. വാടകയ്ക്കെടുത്ത ഓഡി കാറാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. കാറിടിച്ച് വഴിയാത്രക്കാരനായ ഉമാശങ്കർ എന്ന 45 വയസ്സുകാരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

To advertise here,

കൂട്ടുകാരന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് 17 വയസ്സുകാരൻ ഒരു ആപ്പ് വഴി 16,000 രൂപ നൽകി ഓഡി കാർ വാടകയ്ക്കെടുത്തത്. രാത്രി മുഴുവൻ ഓടിക്കാനായാണ് കാർ വാടകയ്‌ക്കെടുത്തത് എന്നാണ് വിവരം. എന്നാൽ ഡൽഹിയിലെ കിഷൻഗഡിൽ അമിതവേഗതയിലെത്തിയ കാർ മറ്റ് മൂന്ന് വാഹനങ്ങളിലും വഴിയാത്രക്കാരനെയും ഇടിക്കുകയായിരുന്നു.

അപകടത്തിന് ശേഷം 17-കാരനായ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ആഡംബര കാർ പിടിച്ചെടുക്കുകയും ചെയ്തു. വീഡിയോ കോൺഫറൻസിങ് വഴി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. അപകടസമയത്ത് കാറിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ തിരിച്ചറിയാനും അവരുടെ പ്രായം പരിശോധിക്കാനും ശ്രമം നടക്കുന്നുണ്ട്. കൂടാതെ, വാഹനം പതിനേഴുകാരൻ തന്നെയാണോ മുഴുവൻ സമയവും ഓടിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

പ്രായപൂർത്തിയാകാത്ത ആൾക്ക് കാർ നൽകിയ വാടക കമ്പനിയുടെ പങ്ക് പോലീസ് അന്വേഷിച്ചുവരികയാണ്. ബുക്കിങ് രീതി, പ്രായവും ഡ്രൈവിങ് ലൈസൻസും പരിശോധിച്ച വിവരങ്ങൾ, വാഹനം കൈമാറിയ നടപടിക്രമങ്ങൾ എന്നിവ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയാൽ കമ്പനിക്കെതിരെ നടപടിയെടുക്കും.