എറണാകുളം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിൽ ഇന്നും നാളെയുമായി മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്.

To advertise here,

തിങ്കളാഴ്ച പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്. തെക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമാണ് മഴ കനക്കാൻ കാരണമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന വിവരം.

കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ശനിയാഴ്ച വൈകുന്നേരം മുതൽ ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയുള്ളതിനാൽ തന്നെ ജില്ലാ ഭരണകൂടവും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരങ്ങൾ തടയുകയും കോഴിക്കോട് ബീച്ചിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് നിയന്ത്രിക്കുകയും ചെയ്യണമെന്നാണ് നിർദേശം.

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഞായറാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് മലപ്പുറം ജില്ലാ കളക്ടർ വ്യക്തമാക്കി.

കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, വെള്ളക്കെട്ട്, ശക്തമായ കാറ്റ് എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണം. ദുരന്തസാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്നവർ പകൽ സമയത്തുതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവരും അപകടാവസ്ഥയിലുള്ള വീടുകളിൽ താമസിക്കുന്നവരും സാഹചര്യം വിലയിരുത്തി അധികൃതർ നിർദേശിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുവാൻ സഹകരിക്കണമെന്നാണ് ജില്ലാ കളക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

ശക്തമായ മഴയുള്ള സമയത്ത് നദികൾ മുറിച്ചുകടക്കുന്നതും ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നതും പൂർണമായും ഒഴിവാക്കണം. മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ വിനോദയാത്രകളും മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും പാടില്ല. കടലാക്രമണ സാധ്യതയുള്ള തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കുകയും നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുകയും വേണം.