കോഴിക്കോട്: താനൊരു വിപ്ലവ പോലീസുകാരനല്ലെന്നും നിരന്തരം ശബ്ദിച്ചത് പോലീസിലെ കീടങ്ങള്‍ക്കെതിരേയാണെന്നും കോഴിക്കോട്ടെ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നത്. ഒരു വര്‍ഷത്തിനിടെ പത്ത് കാരണം കാണിക്കല്‍ നോട്ടീസാണ് പോലീസ് സേനയിലെ ക്രമക്കേട് ചോദ്യം ചെയ്തതിന് കിട്ടിയത്. അത് ഒരുപക്ഷെ തനിക്ക് മാത്രമുളള റെക്കോര്‍ഡ് ആയിരിക്കും. തന്നെ കുത്തി കുത്തി ശബ്ദമുണ്ടാക്കിച്ചത് കമമീഷണര്‍ എ.വി. ജോര്‍ജ്ജാണ്. ഇപ്പോള്‍ പിരിച്ചു വിടുമെന്നാണ് കേള്‍ക്കുന്നതെന്നും തന്നെ സാദാ പോലീസുകാരനിൽ നിന്ന് രണ്ടാളറിയുന്ന പോലീസുകാരനാക്കിയതിന് എ.വി. ജോര്‍ജ്ജിനോട് നന്ദിയുണ്ടെന്നും ഉമേഷ് വള്ളിക്കുന്ന് മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.

To advertise here,

പിരിച്ച് വിട്ടാല്‍ അടുത്ത പരിപാടിയെന്താണ്?

ചുരുക്കി പറഞ്ഞാല്‍ ഞാന്‍ ഹാപ്പിയാണ്. ഞാനൊരു പുസ്തകമെഴുതുന്നുണ്ട്. അത് പൂര്‍ത്തിയാക്കണം. പിന്നെ ഇതുവരെ ക്രിമിനല്‍ കേസിലൊന്നും പെടാത്ത ഒരു പോലീസുകാരനേയും പോലീസില്‍ നിന്ന് പിരിച്ചുവിട്ട ചരിത്രം എനിക്ക് ഓര്‍മയില്ല. ഞാന്‍ ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ല. പോലീസിലെ ക്രമക്കേടിനെക്കുറിച്ചും പുഴുക്കുത്തുകളെക്കുറിച്ചുമാണ് ഞാന്‍ സംസാരിച്ചത്. അത് പൂര്‍ണമായും ബോധ്യത്തിന്റെ അടിസ്ഥാനത്തിലുമാണ്. പോലീസുകാരന്‍ ഒരു സിനിമാ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെക്കാന്‍ പാടില്ലെന്നും പ്രണയിക്കരുതെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും പോലീസ് സര്‍ക്കുലറില്‍ പറയുന്നില്ല. എന്നാല്‍ എനിക്കെതിരേ നടന്ന നടപടിയുടെ കാരണങ്ങളൊക്കെ മേല്‍പറഞ്ഞതില്‍ പെടുന്നതാണ്. അതുകൊണ്ട് തന്നെയാണ് കാരണം കാണിക്കല്‍ നോട്ടീസിലൊന്നും കാര്യമായൊന്നും ചെയ്യാനില്ലാതിരുന്നത്. 

താങ്കള്‍ പോലീസിലെ വിപ്ലവ പോലീസുകാരനാണോ?

വിപ്ലവ പോലീസുകാരനൊന്നുമല്ല. എല്ലാപ്രാരാബ്ദങ്ങളുമുള്ള ഒരു സാധാരണ പോലീസുകാരനാണ്. പക്ഷെ തെറ്റുകള്‍ക്കെിരേ മിണ്ടാതിരിക്കാന്‍ അറിയില്ല. കമ്മീഷണറായിരുന്ന എ.വി. ജോര്‍ജ്ജ് ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിന് മുന്നേ ഞാനുള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ട മറ്റൊരു ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങിയത് മുതല്‍ തുടങ്ങിയതാണ് എനിക്കെതിരേയുള്ള കളി. ബലാത്സംഗ സീന്‍ വരെയുള്ള അദ്ദേഹത്തിന്റെ ഷോര്‍ട്ട് ഫിലിം ആരും സെന്‍സര്‍ ചെയ്തില്ല. പിന്നെ ഇതേ കാര്യം ചെയ്തതിന് എനിക്കെതിരേ പ്രവര്‍ത്തിച്ചത് എന്തിനാണ് ? എന്നെ കുത്തി കുത്തി അദ്ദേഹം ശബ്ദിപ്പിക്കുകയായിരുന്നു.  

പോലീസുകാര്‍ക്ക് ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റ് എത്തിച്ചത് ചോദ്യം ചെയ്തപ്പോള്‍ അത് മാറ്റിയില്ലേ? ഞാന്‍ ആ പോസ്റ്റ് ഇടാതിരുന്നെങ്കില്‍ അങ്ങനെ നടക്കുമായിരുന്നോ? പിന്നെ മറ്റൊരു കേസ് ആതിരയ്ക്ക് റൂമെടുത്ത് കൊടുത്തുവെന്നും പറഞ്ഞാണ്. അന്ന് ഞാന്‍ ആതിരയെ വിവാഹം ചെയ്തിരുന്നില്ല. ഞങ്ങള്‍ പ്രായപൂര്‍ത്തിയായവരാണ്. ഒരു പോലീസുകാരനായത് കൊണ്ട് പ്രണയമൊന്നും പാടില്ലെന്നുണ്ടോ? ഇതിനെതിരേയും ഞാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. പിന്നെ അവസാനമായി വന്ന കാരണം കാണിക്കല്‍ നോട്ടീസ് കാലിക്കറ്റ് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ചിരുന്ന വനിതാദിന ചര്‍ച്ചയില്‍ പങ്കെടുത്തതിനാണ്. ഇതിനെതിരേയും ഞാന്‍ പ്രതികരിച്ചു. ഇത്തരത്തിലുള്ള പരാതിയിലാണ് എന്റെ ഇന്‍ക്രിമെന്റും മറ്റുമെല്ലാം തടഞ്ഞ് വെച്ചത്. അപ്പോള്‍ ഞാന്‍ സംസാരിച്ചത് ഇതിനൊക്കെ എതിരായാണ്. അല്ലാതെ വിപ്ലവ പോലീസുകാരനമാവാനൊന്നുമല്ല. 

എ.വി. ജോര്‍ജിനോട് എന്താണ് പറയാനുള്ളത്?

ഞാന്‍ പറഞ്ഞില്ലേ അദ്ദേഹം എനിക്കുണ്ടാക്കി തന്ന മൈലേജ് വളരെ വലുതാണ്. അതിന് അദ്ദേഹത്തോട് വലിയ നന്ദിയുണ്ട്. അദ്ദേഹത്തിന്റെ സര്‍വീസ് ചരിത്രമൊക്കെ എല്ലാവര്‍ക്കും അറിയാം. അത്ര നെഗറ്റീവ് ഒന്നും എനിക്കില്ല. ഒരുപക്ഷെ അതുകൊണ്ടാവാം എന്നെ വല്ലാതെ പിന്തുടര്‍ന്നത്. എന്റെ പണി കളയുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞതാണ്. അതായിരിക്കാം പിരിഞ്ഞ് പോവുന്ന ദിവസത്തിന്റെ അവാസാന ദിവസവും എനിക്കെതിരേയുള്ള നോട്ടീസില്‍ ഒപ്പിട്ട് പോയിരിക്കുന്നത് എനിക്ക് തോന്നുന്നത്. 

ഒരു വര്‍ഷം പത്ത് നോട്ടീസ് റെക്കോര്‍ഡ് ആണല്ലോ?

ഒരു പക്ഷെ ആ റെക്കോര്‍ഡ് വാങ്ങുന്ന ആദ്യ ആള്‍ ഞാനായിരിക്കും (ചിരിക്കുന്നു). പക്ഷെ എന്റെ ഭാഗത്ത് തെറ്റില്ലെന്ന നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് കേരള സമൂഹവും മാധ്യമങ്ങളുമൊക്കെ എനിക്ക് വലിയ പിന്തുണ നല്‍കിയതും.