തിരുവനന്തപുരം: വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തിയ ഉത്തർപ്രദേശ് സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. യുട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ അമൃത് സിങ് ഡാരനെതിരേ ഫോർട്ട് കൊച്ചി പോലീസാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
വ്യാജപ്രചാരണങ്ങൾ നടത്തി വർഗീയ സംശയവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് സമൂഹത്തിൽ ഭിന്നതയും വർഗീയ വിദ്വേഷവും പടർത്താനുള്ള ഉപാധിയാക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
അമൃത് സിങ് ഡാരൻ പങ്കുവെച്ച വീഡിയോക്ക് താഴെ സങ്കടകരമായ യാഥാർഥ്യം (Sad reality) എന്ന് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ദിയ കൃഷ്ണ കമന്റിട്ടിരുന്നു. ഫോർട്ട് കൊച്ചിയിലെ മുസ്ലിം ജനവിഭാഗത്തെയും കഫെയെയും ലക്ഷ്യമിട്ട് വിദ്വേഷാത്മകമായ രീതിയിൽ പരാമർശിക്കുന്നതായിരുന്നു ഡാരൻ പങ്കുവെച്ച വീഡിയോ. ഇതിനു താഴെ ദിയ കൃഷ്ണ കമന്റിട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.
പാകിസ്താൻ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ ചിത്രം കേരളത്തിലെ ഒരു കഫേയിൽ അലങ്കരിച്ചുവെച്ചതുമായി ബന്ധപ്പെട്ടാണ് താൻ കമന്റിട്ടതെന്നായിരുന്നു പിന്നീട് ദിയ കൃഷ്ണ ഇതുസംബന്ധിച്ച് വിശദീകരിച്ചത്. ഒരു മതത്തെയും അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും വീഡിയോ മുഴുവനായി കാണാതെ കമന്റിട്ടത് തെറ്റായിപ്പോയെന്നും ദിയ സാമൂഹികമാധ്യമത്തിലൂടെ പറഞ്ഞു. പിന്നാലെയാണ് യുറ്റിയൂബർക്കെതിരേ നിയമനടപടിയുമായി കേരളം മുന്നോട്ടുപോയത്.
കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ എക്‌സിൽ കുറിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു വ്‌ളോഗർ ഫോർട്ട് കൊച്ചിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും കേരളത്തെ മോശമായി ചിത്രീകരിക്കാനും സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Published: 25 Oct 2026, 07:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented