തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. അതിനുശേഷം പ്രസ്തുത തുക ഉത്തരവാദികളിൽനിന്ന് നിയമാനുസൃതം ഈടാക്കാവുന്നതാണ്. ലിഫ്റ്റിന്റെ സർവീസ് നടത്തുന്ന കമ്പനിക്ക് വീഴ്ചസംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്.
നഷ്ടപരിഹാരം നൽകിയ ശേഷം നടപടി റിപ്പോർട്ട് കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം. രവീന്ദ്രൻ നായർക്ക് ലിഫ്റ്റിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നൽകണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ആവശ്യമുണ്ടെങ്കിൽ അതും ലഭ്യമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
രവീന്ദ്രൻ നായർ കഴിഞ്ഞ വർഷം ജൂലൈ 13- ന് രാവിലെ 11.15 മുതൽ ജൂലൈ 15 രാവിലെ ആറുവരെ ലിഫ്റ്റിൽ കുടുങ്ങിയെന്ന വസ്തുതയിൽ എതിർകക്ഷികൾക്ക് തർക്കമില്ലെന്ന് ഉത്തരവിൽ പറഞ്ഞു. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കൽ കോളേജിനുണ്ട്. അത് പാലിക്കപ്പെട്ടില്ല. ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാൽ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. അപ്പോൾ കൂടുതൽ ജാഗ്രത കാണിക്കേണ്ടതായിരുന്നു.
ദിവസവും ആയിരകണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജിൽ ഇത്തരം ഒരു സംഭവം നടന്നത് ഗൗരവത്തോടെ കമ്മീഷൻ കാണുന്നു. രവീന്ദ്രൻ നായരുടെ ജീവൻതന്നെ അപകടത്തിലാവുമായിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും രോഗി മരിക്കാനുള്ള സാധ്യതവരെയുണ്ടായിരുന്ന സംഭവത്തിൽ ജീവനക്കാരുടെ ഉത്തരവാദിത്വംപോലെ സ്റ്റേറ്റിനും ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു. നഷ്ടപരിഹാരം ലഭിക്കാൻ പരാതിക്കാരന് അർഹതയുണ്ടെങ്കിലും ആവശ്യപ്പെട്ട തുക യുക്തിസഹമല്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
2024 ജൂലൈ 13-നാണ് ഉള്ളൂർ സ്വദേശി രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയത്. നടുവേദനയെ തുടർന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായാണ് രവീന്ദ്രൻ ഒ.പി വിഭാഗത്തിലെത്തിയത്. രവീന്ദ്രൻ കയറിയത് തകരാറിലായ ലിഫ്റ്റിലായിരുന്നു. തുടർന്ന് ഇദ്ദേഹം ലിഫ്റ്റിന് അകത്ത് കുടുങ്ങിപ്പോയി.
രവീന്ദ്രന്റെ ഫോൺ നിലത്തുവീണ് പൊട്ടി തകരാറിലായിരുന്നു. അതിനാൽ താൻ ലിഫ്റ്റിൽ കുടുങ്ങിയ വിവരം ആരെയും വിളിച്ചറിയിക്കാൻ സാധിച്ചില്ല. ഇതിനിടെ ലിഫ്റ്റ് ഓപ്പറേറ്റർ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു. ഞായാറാഴ്ചയായതിനാൽ അടുത്ത ദിവസവും ആരും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല.
മെഡിക്കൽ കോളേജിൽവെച്ച് രവീന്ദ്രനെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ആശുപത്രിയിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച രാവിലെയോടെ ലിഫ്റ്റ് തകരാർ പരിഹരിക്കുന്നതിനായി തൊഴിലാളികൾ എത്തി തുറന്നപ്പോഴാണ് അവശനിലയിൽ രവീന്ദ്രനെ കണ്ടെത്തിയത്.
Content Highlights: Human Rights Commission orders Rs 5 lakh compensation for patient trapped in TVM Medical College lift for 42 hours. Free treatment also mandated.
Published: 05 Jan 2026, 06:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented