കൊച്ചി: ഗ്രീൻ കാർഡുമായി ബന്ധപ്പെട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനത്തിന്റെ ആശങ്കയിലാണ് ഇന്ത്യൻ ഐ.ടി. മേഖല. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള പെർമനെന്റ് ലേബർ സർട്ടിഫിക്കേഷന് (പി.ഇ.ആർ.എം.) പദ്ധതിയിൽനിന്ന് എട്ടു കമ്പനികളെ വിലക്കിയ നടപടി ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐ.ടി. കമ്പനികളുടെ കൂട്ടായ്മകൾ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്.
പി.ഇ.ആർ.എം. പദ്ധതിയിൽനിന്ന് മൈക്രോസോഫ്റ്റ്, അഡോബി, ക്യാപ്‌ജെമിനി, ടി.സി.എസ്., ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ., കോഗ്‌നിസെന്റ് എന്നിവയെയാണ് സസ്‌പെൻഡ് ചെയ്തത്. ഈ കമ്പനികളുടെ ജീവനക്കാരുടെ ഗ്രീൻ കാർഡ് അപേക്ഷകൾ ഇതോടെ പ്രതിസന്ധിയിലാകും. ഇന്ത്യയിൽ നിന്നുള്ള ഒട്ടേറെ ഐ.ടി. പ്രൊഫഷണലുകൾ അമേരിക്കയിൽ ജോലിചെയ്യുന്നുണ്ട്. ഇവരിൽ പലരും ഗ്രീൻ കാർഡിന്റെ നടപടിക്രമങ്ങളിലാണ്. ഈ അപേക്ഷകളെയെല്ലാം ട്രംപ് ഭരണകൂടത്തിന്റെ നടപടി ബാധിക്കും.
വളരെ ദൗർഭാഗ്യകരമായ നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ ജി ടെക് (ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്) ചൂണ്ടിക്കാണിക്കുന്നു. പി.ഇ.ആർ.എം. പദ്ധതിയിൽനിന്ന് കമ്പനികളെ വിലക്കിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ജി ടെക്കിന്റെ നേതൃത്വത്തിലിത് ചർച്ചചെയ്ത് തുടർനടപടികൾ തീരുമാനിക്കുമെന്ന് ജി ടെക് ചെയർമാൻ ജിജോ ജി. ജോൺ ‘മാതൃഭൂമി’യോട് പറഞ്ഞു. കേന്ദ്രസർക്കാരിനെയും ഇന്ത്യയിലെ യു.എസ്. നയതന്ത്ര പ്രതിനിധികളെയും ഐ.ടി. മേഖലയുടെ ആശങ്ക അറിയിക്കും. ദേശീയ കൂട്ടായ്മയായ നാസ്‌കോമും (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വേർ ആൻഡ് സർവീസ് കമ്പനീസ്) വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഗ്രീൻ കാർഡിനായുള്ള കാത്തിരിപ്പ് പലപ്പോഴും വർഷങ്ങൾ നീളുന്നതാണ്. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലുകൾക്കായുള്ള എച്ച് 1ബി വിസയിലെത്തുന്നവർ അനുവദിച്ചിട്ടുള്ള കാലാവധി പൂർത്തിയാകുന്നതിനുമുൻപ് കമ്പനികൾ മുഖേന ഗ്രീൻകാർഡിനായി അപേക്ഷ നൽകും. പല ജീവനക്കാരുടെയും അപേക്ഷകൾ പരിഗണനയുടെ വിവിധ ഘട്ടങ്ങളിലാണ്.
കഴിഞ്ഞവർഷത്തെ കണക്കുകളനുസരിച്ച് അമേരിക്കയിൽ നിലവിലുള്ള എച്ച് 1ബി വിസക്കാരിൽ 71 ശതമാനവും ഇന്ത്യക്കാരാണ്. ഒരുവർഷം അനുവദിക്കുന്നത് 65,000 വിസകളാണ്. ഉയർന്ന ബിരുദങ്ങളുള്ളവർക്കായി 20,000 കൂടി അനുവദിക്കും. ഇങ്ങനെ ആകെ വിസകളുടെ എണ്ണം 85,000 ആയി പരിമിതപ്പെടുത്തിയിരുന്നു. ഇന്ത്യ കഴിഞ്ഞാൽ എച്ച് 1ബി വിസയിൽ രണ്ടാംസ്ഥാനത്ത് ചൈനയാണ്.
മുൻപ് പുറത്തുവന്ന കണക്കുകൾ പ്രകാരം ആമസോണാണ് ഏറ്റവും കൂടുതൽ പേരെ എച്ച് 1ബി വിസ പ്രകാരം നിയമിച്ചിരിക്കുന്നത്. ടി.സി.എസ്., മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിൾ, കോഗ്‌നിസെന്റ് തുടങ്ങിയവയും തൊട്ടടുത്ത സ്ഥാനങ്ങളിലായുണ്ട്. ഈ പട്ടികയിലുള്ള കമ്പനികളും വിലക്കിൽ ഉൾപ്പെടുന്നുണ്ട്. സ്വദേശിവത്കരണത്തിന്റെ ഭാഗമായിട്ടാണ് അമേരിക്കയുടെ ഈ നടപടിയും വിലയിരുത്തപ്പെടുന്നത്. അടുത്തിടെ എച്ച് 1ബി വിസയിലുണ്ടായ ഫീസ് വർധന ഐ.ടി. മേഖലയെ ദോഷകരമായി ബാധിച്ചിരുന്നു.
Content Highlights: The Trump administration suspended eight major companies from the PERM (Permanent Labor Certification) program for green cards. Suspended firms include major employers like Microsoft, Adobe, Capgemini, TCS, Infosys, Wipro, HCL, and Cognizant. GTech and NASSCOM expressed serious concerns over the impact on Indian IT professionals currently in the green card queue. Around 71 percent of all H-1B visa holders in the United States are from India, making Indian workers the most affected group. IT industry bodies plan to raise the issue with the Indian Central Government and US diplomatic representatives.
Published: 10 Oct 2026, 04:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented